നടന്‍ ഉണ്ണി മുകുന്ദനുമായുള്ള തന്റെ ആഴമേറിയ സൗഹൃദത്തെക്കുറിച്ച് ഹൃദ്യമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് നടി പ്രാചി തെഹ്ലാന്‍. 'മാമാങ്കം' എന്ന സിനിമയുടെ സെറ്റില്‍ തുടങ്ങി കഴിഞ്ഞ ഏഴുവര്‍ഷമായി തുടരുന്ന സൗഹൃദത്തെക്കുറിച്ചാണ് നടി വാചാലയായത്. സ്‌ക്രീനിന് പുറത്ത് കുട്ടിത്തം നിറഞ്ഞ നിഷ്‌കളങ്കത എപ്പോഴും കണ്ണുകളില്‍ സൂക്ഷിക്കുന്ന ഒരു സുഹൃത്താണ് ഉണ്ണിയെന്ന് പ്രാചി തന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ വ്യക്തമാക്കുന്നു.
2018-ല്‍ 'മാമാങ്കം' സിനിമയ്ക്കായുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലാണ് ഉണ്ണി മുകുന്ദനെ പ്രാചി ആദ്യമായി ശ്രദ്ധിക്കുന്നത്. 'ചാണക്യതന്ത്രം' എന്ന സിനിമയില്‍ സ്ത്രീവേഷത്തിലുള്ള ഉണ്ണിയുടെ പോസ്റ്റര്‍ കണ്ട നടി, ഇത്രയും മനോഹരമായി ഇത് ചെയ്തത് ആരാണെന്ന് അന്ന് അത്ഭുതപ്പെട്ടിരുന്നു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം തങ്ങള്‍ ഒന്നിച്ച് അഭിനയിക്കുമെന്ന് അന്ന് കരുതിയിരുന്നില്ലെന്നും, പ്രത്യേകിച്ച് ഷൂട്ടിങ് സെറ്റില്‍ തന്നോട് വളരെ ഒഴുക്കോടെ ഹിന്ദി സംസാരിക്കാന്‍ കഴിയുന്ന ഒരാളെ കിട്ടിയപ്പോഴാണ് സൗഹൃദം ശക്തമായതെന്നും പ്രാചി ഓര്‍ക്കുന്നു.
ഉണ്ണിയുടെ യഥാര്‍ഥ വ്യക്തിത്വത്തെക്കുറിച്ച് അധികം ആര്‍ക്കും അറിയില്ലെന്ന് പ്രാചി പറയുന്നു. ചിലര്‍ക്ക് അവന്‍ ശാഠ്യക്കാരനായി തോന്നാമെങ്കിലും, ഒരു നടന്‍ എന്നതിലുപരി അവന്‍ മികച്ചൊരു മനുഷ്യനാണ്. യാതൊരുവിധ സിനിമാ പാരമ്പര്യവുമില്ലാതെ, സ്വന്തം പ്രയത്‌നം കൊണ്ട് മാത്രം ഇന്‍ഡസ്ട്രിയില്‍ പേരെടുത്ത ഒന്നാം തലമുറ നടനാണ് ഉണ്ണി മുകുന്ദന്‍ എന്നും, അത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും പ്രാചി തന്റെ കുറിപ്പിലൂടെ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
ഏഴുവര്‍ഷം കൂട്ടായി നീ എന്നോടൊപ്പം നിന്നു. നിന്റെ നിഷ്‌കളങ്കത നിറഞ്ഞ ആ കണ്ണ്. കോഫീ ഡേറ്റുകള്‍ക്ക് കൊണ്ടുപോകുന്ന നിമിഷങ്ങള്‍. പരസ്പരം മിണ്ടിയും പിണങ്ങിയും പങ്കുവെച്ച കുറെ ഓര്‍മ്മകള്‍ ഉണ്ട്. ഏറ്റവും ചെറിയ കാര്യങ്ങള്‍ക്കും തമാശകള്‍ക്കും ഒരുമിച്ച് പൊട്ടിച്ചിരിക്കാനും, പരസ്പരം കളിയാക്കാനും ഒട്ടും വിരസതയില്ലാതെ മണിക്കൂറുകളോളം സംസാരിക്കാനും തങ്ങള്‍ക്ക് സാധിക്കാറുണ്ട്. ഇതാണ് തങ്ങളുടെ ലളിതമായ സൗഹൃദത്തിന്റെ രഹസ്യം. കൂടാതെ, തനിക്ക് ഏറെ ഇഷ്ടമുള്ള 'ടീ ഡേറ്റുകള്‍ക്ക്' കൊണ്ടുപോകുന്ന ഏക സുഹൃത്ത് ഉണ്ണി മുകുന്ദനാണെന്നും ഡല്‍ഹിക്കാരിയായ ഈ താരം വെളിപ്പെടുത്തി. ഇതോടെ സോഷ്യല്‍മീഡിയയില്‍ അടുത്ത ഗോസിപ്പിനുള്ള വക ഉണ്ടാക്കുമോ? എന്ന ചര്‍ച്ചയിലാണ് ആരാധകര്‍.
ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ പുതിയ ചുവടുവെപ്പുകള്‍ക്ക് എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും നേര്‍ന്നുകൊണ്ടാണ് പ്രാചി കുറിപ്പ് അവസാനിപ്പിച്ചത്. 'മാമാങ്കം' സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ പ്രാചി തെഹ്ലാന്‍ ഒരു മുന്‍ ദേശീയ കായികതാരം കൂടിയാണ്. 2010-11 കാലഘട്ടത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച നെറ്റ്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന പ്രാചി, ബാസ്‌കറ്റ്‌ബോളിലും മികച്ച കഴിവ് തെളിയിച്ചിട്ടുണ്ട്.
മാമാങ്കത്തിനായി തയ്യാറെടുക്കുന്ന സമയത്താണ് ഉണ്ണി മുകുന്ദനെ ആദ്യമായി കാണുന്നത്. സ്ത്രീവേഷത്തിലുള്ള ചാണക്യതന്ത്രം സിനിമയുടെ പോസ്റ്ററില്‍. വളരെ പുതുമയുള്ളതായി തോന്നിയ ആ പോസ്റ്റര്‍ എന്റെ മനസില്‍ പതിഞ്ഞു. ഇത്രയും മനോഹരമായി അത് ചെയ്തതാരാണെന്ന് അന്ന് ഞാന്‍ ചിന്തിച്ചു. തൊട്ടടുത്ത വര്‍ഷം 2019-ല്‍ ഞങ്ങള്‍ മാമാങ്കത്തില്‍ ഒന്നിച്ച് അഭിനയിക്കുമെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു. അങ്ങനെയാണ് ഞങ്ങളുടെ സൗഹൃദം ആരംഭിച്ചത്, പ്രത്യേകിച്ച് ഷൂട്ടിങ് സെറ്റില്‍ എന്നോട് വളരെ ഒഴുക്കോടെ ഹിന്ദി സംസാരിക്കാന്‍ കഴിയുന്ന ഒരാളെ കിട്ടിയപ്പോള്‍. അന്നുമുതല്‍ ഞാന്‍ കണ്ടിട്ടുള്ള ഉണ്ണിയാണ് ഇപ്പോഴും', നടി കുറിച്ചു