ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മലൈക്കോട്ടൈ വാലിബന്‍ 25ന് തിയേറ്ററുകളിലെത്തും. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരായ മോഹന്‍ലാലും ലിജോയും ഉള്‍പ്പെടെ് മാധ്യമങ്ങളെ കണ്ടതോടെ പ്രതീക്ഷയുടെ 'ഗ്രാഫ്' കുത്തനേ കൂടിയിരിക്കുകയാണ്. 'ഇന്ത്യന്‍ സിനിമ മുമ്പ് കണ്ടിട്ടില്ലാത്തത്' എന്നാണ് മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞത്. ഇതുറപ്പിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന ട്രെയ്ലറും.
ഇതിനിടെ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുമെന്ന വാര്‍ത്തയെത്തിയതോടെ ഇതിനോടും പ്രതികരിച്ചിരിക്കുകയാണ് ലിജോ ജോസ് പെല്ലിശേരി .''നിലവില്‍ ഇല്ല. സിനിമ ഇറങ്ങി കഴിഞ്ഞിട്ട് പങ്കുവയ്ക്കാന്‍ കഴിയുന്ന സര്‍പ്രൈസ് ഉണ്ടെന്ന് വിചാരിക്കുന്നു'' എന്നാണ് സംവിധായകന്‍ പറയുന്നത്. അതേസമയം, സിനിമയ്ക്ക് ഒരു പ്രത്യേക ജോണറില്‍ ഇല്ലെന്നും സംവിധായകന്‍ വ്യക്തമാക്കുന്നുണ്ട്. നമ്മള്‍ ഒരു കഥയാണ് പറയുന്നത്, കഥ എവിടെ വേണമെങ്കിലും നടക്കാം. ഈ കഥയ്ക്ക് ജോണര്‍ ഇല്ല. ഒരു കെട്ടുകഥ, ഒരു അമര്‍ചിത്ര കഥ വായിക്കുന്നത് പോലെയുള്ള ഒരു കഥയാണ്. ആ കഥയ്ക്ക് ഒരു ത്രില്ലര്‍ ആണ്, ആക്ഷന്‍ ആണ് എന്ന ജോണര്‍ കൊടുക്കുകയല്ല, ഒരു കഥ പറയുക എന്നതാണ്. അതില്‍ ആവശ്യമുള്ളതെല്ലാം ഉണ്ട്'' - ലിജോ പറയുന്നു.
മലൈക്കോട്ടൈ വാലിബനെ പോലൊരു ചിത്രം ഇതുവരെ ഇന്ത്യന്‍ സിനിമയിലുണ്ടായിട്ടുണ്ടാകില്ലെന്ന് മോഹന്‍ലാലും പങ്ക് വച്ചു. കാലവും ദേശവുമൊന്നുമില്ലാത്ത സിനിമയാണ്. വലിയൊരു കാന്‍വാസിലാണ് സിനിമ ചെയ്തിരിക്കുന്നത്. പ്രണയം, വിരഹം, ദു:ഖം, സന്തോഷം അങ്ങനെ ഒരു സിനിമയ്ക്ക് വേണ്ട എല്ലാം ഇതിലുണ്ടെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.
ഒരു നടന്‍ എന്ന നിലയില്‍ തനിക്ക് വളരെയേറെ സംതൃപ്തി നല്‍കുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബന്‍ എന്ന് അദ്ദേഹം വ്യക്തമാക്കി. ഭാഗ്യം കൂടിയാണ് സിനിമയ്ക്ക് ഇനി വേണ്ടത്. ഇത് പല ഭാഷകളിലേക്ക് ഡബ്ബ് ചെയ്തപ്പോള്‍, തങ്ങളാരും ഇതുവരെ ഇത്തരത്തിലൊരു സിനിമ കണ്ടിട്ടില്ലെന്നാണ് അവിടെയുള്ളവര്‍ പറയുന്നതെന്നും മോഹന്‍ലാല്‍ പ്രസ്മീറ്റില്‍ വ്യക്തമാക്കി
ഇന്‍ട്രോ സീനില്‍ തീയേറ്റര്‍ വിറയ്ക്കുമെന്നാണ് എല്ലാവരും പറയുന്നത്. ലാലേട്ടന് എന്ത് തോന്നുന്നുവെന്ന മാദ്ധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. 'വിറയ്ക്കുമോയെന്നൊക്കെ എനിക്ക് പറയാന്‍ പറ്റില്ല. കുഴപ്പമുണ്ടാകില്ലെന്ന് തോന്നുന്നു. പ്രസന്റ് ചെയ്യുന്ന രീതിയാണല്ലോ ഇന്‍ട്രൊഡക്ഷന്‍ എന്നുപറയുന്നത്. ഒരു സിനിമയില്‍ ഒരാളെ കാണാന്‍ കാത്തിരിക്കുമ്പോള്‍, അയാളെ പ്രസന്റ് ചെയ്യുന്ന ത്രില്‍ ആണ്. അത് ഒരു സ്‌കില്‍ ആണ്. ആ സ്‌കില്‍ ഈ സിനിമയില്‍ ഉണ്ടായിരിക്കാം. കണ്ടിട്ടേ പറയാന്‍ പറ്റുള്ളൂ. ഇനി മോന്‍ വിറച്ചില്ല എന്നുപറഞ്ഞ് എന്റെ അടുത്ത് വരരുത്.'-മോഹന്‍ലാല്‍ പറഞ്ഞു.
'ഇങ്ങനെയൊരു സിനിമ വന്നപ്പോള്‍ എനിക്ക് ചെയ്യാന്‍ പറ്റി. വളരെ ഡിഫ്രന്റായിട്ടുള്ളൊരു സിനിമ വന്നാല്‍ ചെയ്യും. നമുക്കും കൂടി താത്പര്യം വരണമല്ലോ. നമ്മളോട് ഒരു കഥ വന്ന് പറഞ്ഞിട്ട് അത് ഇഷ്ടമായില്ലെന്ന് പറഞ്ഞാല്‍ ദേഷ്യപ്പെട്ടിട്ട് കാര്യമില്ല. നമ്മുടെ ഇഷ്ടം. നമുക്കും തെറ്റുകള്‍ പറ്റാം. നമ്മള്‍ തിരഞ്ഞെടുക്കുന്ന കഥകള്‍ ശരിയാകണമെന്നില്ല. ചില കഥകള്‍ നമ്മളെ വളരെ എക്സൈറ്റഡാക്കും. അങ്ങനെ എക്സൈറ്റഡാക്കിയ സിനിമയായിരുന്നു ഇത്.'- അദ്ദേഹം വ്യക്തമാക്കി.
വലിയ ക്യാന്‍വാസില്‍ ആണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി വാലിബനെ ഒരുക്കിയിരിക്കുന്നത്. നിറമുള്ള ഫ്രെയിമുകളില്‍ ഒരുക്കിയ കഥയുടെ ചുരുളഴിക്കാതെയാണ് 2:23 ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍ പൂര്‍ത്തിയാകുന്നത്. വലിയ ആള്‍കൂട്ടത്തെ നിയന്ത്രിക്കാനുള്ള എല്‍ജെപി യുടെ കഴിവ് അങ്കമാലി ഡയറീസ്, ജെല്ലിക്കെട്ട് തുടങ്ങിയ സിനിമകളില്‍ പ്രേക്ഷകര്‍ കണ്ടതാണ്. അടുത്ത ഘട്ടത്തിലേയ്ക്ക് കടന്ന് ആയിരത്തോളം പേരുള്ള വലിയ കൂട്ടം ട്രെയ്ലറില്‍ കാണാം.
2023 ജനുവരി 18നാണ് വാലിബന്‍ ചിത്രീകരണം ആരംഭിച്ചത്. കൃത്യം ഒരുവര്‍ഷം ആകുന്ന ദിനത്തിലാണ് സിനിമയുടെ ട്രെയ്ലര്‍ പങ്കുവയ്ക്കുന്നത് എന്ന പ്രത്യേകതയുണ്ട്.യുഎ സര്‍ട്ടിഫിക്കറ്റോടെ വാലിബന്റെ സെന്‍സറിങ് പൂര്‍ത്തിയായിട്ടുണ്ട്. രണ്ടു മണിക്കൂറും 35 മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം. ഫാന്റസി ത്രില്ലര്‍ ഴോണറില്‍ കഥപറയുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് പി എസ് റഫീഖ് ആണ്.
സൊണാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരുള്‍പ്പെടെ വന്‍താരനിരയാണുള്ളത്. രാജസ്ഥാന്‍, ചെന്നൈ തുടങ്ങിയ മേഖലകളിലായി ഒരുവര്‍ഷം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
കാമറ മധു നീലകണ്ഠന്‍. ഷിബു ബേബിജോണ്‍ അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്‌സ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ്ലാബ്, സരിഗമ ഇന്ത്യ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍,