'ചേച്ചിക്ക് എന്നോട് ദേഷ്യം ഇപ്പോഴും ഉണ്ട്'; ഒളിച്ചോടി കല്യാണം കഴിച്ചപ്പോൾ ഉണ്ടായ കാര്യങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് നടി മാല പാർവതി

Malayalilife
'ചേച്ചിക്ക് എന്നോട് ദേഷ്യം ഇപ്പോഴും ഉണ്ട്'; ഒളിച്ചോടി കല്യാണം കഴിച്ചപ്പോൾ ഉണ്ടായ കാര്യങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് നടി മാല പാർവതി

നീലത്താമര എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തെത്തി ഇപ്പോൾ നിറ സാന്നിധ്യമായി മാറിയ താരമാണ് മാല പാർവതി. ഇപ്പോൾ മാല പാർവതി ഇല്ലാത്ത മലയാള സിനിമ ഇല്ല എന്ന് തന്നെ പറയാം. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ മാല പാർവതി ട്രെൻഡിങ് ആയി മാറുകയാണ്. മാല പാർവതിയുടെ പ്രണയകഥ തന്നെയാണ് വിഷയം. തന്റെ പ്രണയ കഥ റെഡ് കാര്‍പെറ്റ് എന്ന ഷോയില്‍ വന്നപ്പോള്‍ ആണ് മാല പാര്‍വ്വതി തുറന്ന് പറഞ്ഞത്. ഒരു ഗോസിപ്പ് കഥ സത്യമാവുകയായിരുന്നു. ഇഷ്ടപ്പെട്ട ആളെ വിവാഹം ചെയ്തതിന്റെ പേരില്‍ ചേച്ചി തന്നോട് ഇപ്പോഴും മിണ്ടാറില്ല എന്നാണ് മാല പാര്‍വ്വതി പറയുന്നത്. മാല പാർവതി പറഞ്ഞ വാക്കുകൾ നോക്കാം

"കോളേജില്‍ പഠിയ്ക്കുന്ന കാലത്ത് ആയിരുന്നു അത്. ഫിലിം ഫെസ്റ്റിവല്‍ ഓര്‍ഗനൈസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സിനിമ ബുക്ക് ചെയ്യാന്‍ കൂടെ വരാം എന്ന് പറഞ്ഞിരുന്നത് ഒരു സുഹൃത്ത് ആണ്. ആ ദിവസം അയാള്‍ വന്നില്ല. അന്ന് സതീശൻ യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറിയാണ്. സുഹൃത്ത് വരാത്ത സാഹചര്യത്തില്‍ അന്ന് സതീശ് എന്നെ സിനിമ ബുക്ക് ചെയ്യാനായി കൊണ്ടു പോയി. ആ പോക്ക് ആണ് ഞങ്ങളുടെ വിവാഹത്തില്‍ എത്തിച്ചത്. അന്ന് എന്നെയും സതീഷിനെയും ഒരുമിച്ചു കണ്ടു എന്ന രീതിയില്‍ കഥകള്‍ ഇറങ്ങി. അന്ന് എസ് എഫ് ഐ യുടെ ഒരു ഗ്രൂപ്പ് വഴക്കിന്റെ പേരില്‍ ഞങ്ങളുടെ പ്രണയ ഗോസിപ്പ് ആളിക്കത്തി. വിവരം വീട്ടിലറിഞ്ഞ് എന്നെ പൂട്ടിയിട്ട അവസരത്തിലാണ് ഞാന്‍ സതീശിനെ വിളിച്ച് എന്നെ കല്യാണം കഴിക്കുമോ എന്ന് ചോദിയ്ക്കുന്നത്. ഇത് രാഷ്ട്രീയമാണ് കുട്ടീ, അതൊന്നും വിശ്വസിക്കേണ്ട കാര്യമാക്കേണ്ട എന്നൊക്കെയാണ് അന്ന് സതീശ് പറഞ്ഞത്. 

പക്ഷെ അന്ന് എനിക്ക് അത് സീരിയസ് ആയി. സതീശിന് വേണമെങ്കില്‍ ഫ്‌ളേട്ടിങ് ചെയ്യാമായിരുന്നു. പക്ഷെ രാഷ്ട്രീയമാണ്, ഇതിങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് ഒഴിയാനാണ് സതീശ് ശ്രമിച്ചത്. അത് എനിക്ക് ഇഷ്ടമായി. എന്റെ വീട്ടിലാണെങ്കില്‍ എനിക്ക് കല്യാണ ആലോചനകളും നടക്കുന്നു. കല്യാണം കഴിക്കുന്നുണ്ടെങ്കില്‍ സതീഷിനെയായിരിയ്ക്കും എന്ന കാര്യത്തില്‍ ഞാന്‍ അഡമന്റ് ആയിരുന്നു. ആ സമയത്ത് ആണ് സതീശിന്റെ ചേട്ടന്റെ കല്യാണം വന്നത്. ഞാനും സുഹൃത്തുക്കളും ഒക്കെ സതീശിന്റെ വീട്ടില്‍ പോയി. ചെറിയ വീടായത് കൊണ്ടാവും, വീട് കണ്ടാല്‍ നീ എന്നെ ഉപേക്ഷിക്കും എന്ന് സതീശ് പറഞ്ഞിരുന്നു. വീട്ടിലെത്തി, എന്നെ കണ്ടപ്പോള്‍ സതീശിന്റെ ചേച്ചി ചോദിച്ചു, 'മക്കളേ നിന്നെ പോലെയുള്ള കൂട്ടുകാരൊക്കെ സതീഷിനുണ്ടോ. സഞ്ചിയും തൂക്കി നടക്കുന്ന കുറേയെണ്ണങ്ങളെ മാത്രമല്ലേ ഞാന്‍ കണ്ടിട്ടുള്ളൂ.. നീ ആരാ' എന്നൊക്കെ. അപ്പോള്‍ ഞാന്‍ ചേച്ചിയോട് പറഞ്ഞു, എനിക്ക് സതീശിനെ ഭയങ്കര ഇഷ്ടമാണ്, പക്ഷെ എന്നെ ഇഷ്ടമല്ല എന്ന്. സത്യം പറഞ്ഞാല്‍ അതിന് ശേഷമാണ് സതീശ് എന്റെ ബന്ധത്തെ സീരിയസ് ആയി കണ്ടത് എന്ന് തോന്നുന്നു. അതിന് ശേഷം കുറച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ഞങ്ങളുടെ രജിസ്റ്റര്‍ മാര്യേജ് കഴിഞ്ഞു. എന്നെ സംബന്ധിച്ച് ഞാന്‍ എടുത്ത ഏറ്റവും നല്ല തീരുമാനം ആയിരുന്നു ഞങ്ങളുടെ കല്യാണം.

രജിസ്റ്റര്‍ വിവാഹത്തിന് സതീശിനെ സമ്മതിപ്പിയ്ക്കുക എന്നതും വലിയ പാടുള്ള കാര്യമായിരുന്നു. 'സത്യത്തില്‍ ഞാനൊരു പുരുഷനെ തന്നെ അല്ലേ പ്രണയിച്ചത്' എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ സതീശിന് അത് വലിയ നാണക്കേടായി തോന്നി. അതിന്റെ അടുത്ത ആഴ്ച കല്യാണവും കഴിഞ്ഞു. കല്യാണം കഴിഞ്ഞ് ഞാന്‍ നേരെ വീട്ടിലേക്ക് തന്നെ തിരിച്ച് പോയി. എന്നിട്ട് ഞാന്‍ പറഞ്ഞു, 'എനിക്ക് കല്യാണം കഴിച്ച് സതീഷിനൊപ്പം പെട്ടന്ന് ജീവിതം തുടങ്ങാന്‍ വേണ്ടി ഒന്നും അല്ല, എനിക്ക് നിങ്ങളെ കണ്‍വിന്‍സ് ചെയ്യണം, മറ്റൊരു കല്യാണത്തിന് ഞാന്‍ ഒരുക്കമല്ല എന്ന് കാണിക്കണം. അതിന് വേണ്ടിയാണ് രജിസ്റ്റര്‍ വിവാഹം ചെയ്തത്' എന്ന്. ആദ്യം അച്ഛനും അമ്മയും ഒക്കെ എതിര്‍ത്തു എങ്കിലും പിന്നീട് അവര്‍ക്ക് പ്രശ്‌നം ഉണ്ടായിരുന്നില്ല. ഏറ്റവും വലിയ പ്രശ്‌നം എന്റെ ചേച്ചിയായിരുന്നു. ചേച്ചിയ്ക്ക് ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഭയങ്കര വഴക്കായിരുന്നു വീട്ടില്‍. ചേച്ചിയ്ക്ക് ഇപ്പോഴും സതീശിനെ താത്പര്യം ഇല്ല. അച്ഛന്റെയും അമ്മയുടെയും മരണത്തിന് ശേഷം ആ വെറുപ്പ് ഭീകരമായി ചേച്ചിയ്ക്ക് തിരിച്ചുവരികയാണ് ഉണ്ടായത്. അച്ഛന് അവസാന കാലങ്ങളില്‍ സതീശിനെ ഭയങ്കര ഇഷ്ടമായിരുന്നു. മകനെ പോലെയാണ് എന്നാണ് പറഞ്ഞിരുന്നത്. " ഇതായിരുന്നു മാല പാർവതിയുടെ വാക്കുകൾ.

Read more topics: # മാല പാർവതി
Mala parvathy about her husband

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES