പോക്കിരിരാജ ഹിറ്റാക്കിയ സംവിധായകൻ വൈശാഖിന്റെ പാക്കേജിലെ മുഖ്യ ഘടകം മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്ന നടൻ പൃഥ്വിരാജായിരുന്നു. അതേസമയം മധുരരാജയിൽ പൃഥ്വിരാജ് ഉണ്ടായിരുന്നില്ല. പകരം ഉണ്ടായിരുന്നത് തമിഴ് താരം ജയ് ആയിരുന്നു. എന്തുകൊണ്ട് പൃഥ്വിയെ ഒഴിവാക്കി എന്ന ചോദ്യം ഇതോടെ സംവിധായകൻ വൈശാഖിന് നേരെയും ഉയർന്നു. ഇതിന് അദ്ദേഹം തന്നെ ഉത്തരം നൽകി. മധുരരാജയിൽ പൃഥ്വിയെ ശരിക്കും മിസ് ചെയ്തു എന്നാണ് സംവിധായകൻ വൈശാഖ് പറയുന്നത്.
'മധുരരാജയിൽ രാജുവിനെ നന്നായിട്ട് മിസ് ചെയ്തു. ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ലൂസിഫറിന്റെ തിരക്കുകളിലായിരുന്നു രാജു. ആ സമയത്ത് തന്നെയായിരുന്നു മധുരരാജയുടെ ഷൂട്ടിങ്ങും. അതുകൊണ്ടാണ് അദ്ദേഹത്തിന് അഭിനയിക്കാൻ കഴിയാതെ പോയത്. ഇക്കാര്യം അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല. അത്ര വലിയൊരു സിനിമയുടെ തിരക്കിലായതുകൊണ്ട് ശല്യപ്പെടുത്താൻ പറ്റില്ലല്ലോ.' മനോരമയുമായുള്ള അഭിമുഖത്തിൽ വൈശാഖ് പറഞ്ഞു.
പത്തുവർഷങ്ങൾക്ക് ശേഷം സംഭവിക്കുന്ന സിനിമയായതു കൊണ്ടുതന്നെ, അതിന്റേതായ വ്യത്യാസങ്ങൾ കഥയിലും കഥാപാത്രത്തിലും കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടെന്നും വൈശാഖ് പറഞ്ഞു. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് നെൽസൺ ഐപ്പാണ്.അനുശ്രീ, മഹിമ നമ്പ്യാർ , ഷംന കാസിം എന്നിവരാണ് നായികമാർ.
ആർ.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവൻ, സലിം കുമാർ, അജു വർഗീസ്, ധർമജൻ , ബിജു കുട്ടൻ, സിദ്ദിഖ്, എം. ആർ ഗോപകുമാർ, കൈലാഷ്,ബാല, മണിക്കുട്ടൻ, നോബി, ബാലചന്ദ്രൻ ചുള്ളിക്കാട്, ചേർത്തല ജയൻ,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവർ മറ്റു പ്രധാന താരങ്ങളാകുന്നു. സണ്ണി ലിയോണും ഒരു ഐറ്റം ഡാൻസുമായി ചിത്രത്തിലെത്തുന്നുണ്ട്. ഷാജി കുമാറാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ഗോപി സുന്ദറിന്റേതാണ് സംഗീതം.