Latest News

മഹാഭാരത നോവലിനെ കഥാപാത്രമാക്കാന്‍ എംടിക്ക് കഴിയില്ല; കാത്തിരുന്ന് മടുത്തപ്പോള്‍ 'തിരക്കഥ' വീണ്ടെടുക്കാന്‍ കേസുമായി പ്രിയ എഴുത്തുകാരന്‍; ശ്രീകുമാര്‍ മേനോനില്‍ നിന്നും അവകാശം തിരിച്ചു വാങ്ങാന്‍ നിയമ പോരാട്ടം; ഹര്‍ജിയുമായി എംടി കോഴിക്കോട്ടെ കോടതിയില്‍; മോഹന്‍ലാലിന്റെ രണ്ടാമൂഴം പ്രതിസന്ധിയിലേക്ക്

Malayalilife
  മഹാഭാരത നോവലിനെ കഥാപാത്രമാക്കാന്‍ എംടിക്ക് കഴിയില്ല; കാത്തിരുന്ന് മടുത്തപ്പോള്‍ 'തിരക്കഥ' വീണ്ടെടുക്കാന്‍ കേസുമായി പ്രിയ എഴുത്തുകാരന്‍; ശ്രീകുമാര്‍ മേനോനില്‍ നിന്നും അവകാശം തിരിച്ചു വാങ്ങാന്‍ നിയമ പോരാട്ടം; ഹര്‍ജിയുമായി എംടി കോഴിക്കോട്ടെ കോടതിയില്‍; മോഹന്‍ലാലിന്റെ രണ്ടാമൂഴം പ്രതിസന്ധിയിലേക്ക്

കോഴിക്കോട്: ''ശത്രുവിനോട് ദയ കാട്ടരുത്. ദയയില്‍ നിന്നും കൂടുതല്‍ കരുത്തു നേടിയ ശത്രു വീണ്ടും നേരിടുമ്പോള്‍ അജയ്യനാവും. അതാണ് ഞങ്ങളുടെ നിയമം. മൃഗത്തെ വിട്ടു കളയാം. മനുഷ്യന് രണ്ടാമൊതൊരവസരം കൊടുക്കരുത്''. എം ടിയുടെ 'രണ്ടാമൂഴം' എന്ന നോവലിലെ വാക്കുകളാണിവ. മഹാഭാരത കഥയില്‍ നിന്ന് വേറിട്ട് ഭീമന് നായകവേഷം കല്‍പ്പിച്ചു കൊടുത്ത രണ്ടാമൂഴം. ഒരു ജന്മം മുഴുവന്‍ രണ്ടാമൂഴത്തിനായി കാത്തു നിന്ന ഭീമന്‍. ചൂതുകളിച്ച് മണ്ണും പെണ്ണും നഷ്ടപ്പെടുത്തിയ ധര്‍മ്മപുത്രനായ യുധിഷ്ഠിരന്റേയും വില്ലാളിവീരനായ അര്‍ജ്ജുനന്റെയും നിഴലില്‍ നായകത്വം നഷ്ടപ്പെട്ട ഭീമന്‍. എംടി വാസുദേവന്‍ നായരുടെ നോവലിലെ ഈ വാക്കുകള്‍ മലയാളി ഏറ്റെടുത്തതാണ്. ഇതിന് സമാനമാണ് ചരിത്ര നോവലിനെ സിനിമയാക്കാന്‍ ഇറങ്ങിയ എംടിയുടെ അവസ്ഥയും. എംടി നിരാശനാണ്. കാത്തിരുന്നു മടുത്തു. അതുകൊണ്ട് തന്നെ ഇനിയും രണ്ടാമൂഴത്തിനായി കാത്തിരിക്കാന്‍ വയ്യ. ഇത് വ്യക്തമാക്കി രണ്ടാമൂഴത്തില്‍ നിയമ പോരാട്ടത്തിന് ഇറങ്ങുകയാണ് മലയാളിയുടെ പ്രിയ കഥാകാരന്‍.

'രണ്ടാമൂഴം' ബ്രഹ്മാണ്ഡ ചിത്രത്തില്‍നിന്ന് മലയാളിയുടെ മനസ്സറിഞ്ഞ കഥാകാരന്‍ എം ടി വാസുദേവന്‍ നായര്‍ പിന്മാറുകയാണ്. സിനിമയുടെ ചിത്രീകരണം അനന്തമായി നീളുന്നതാണ് ഇതിന് കാരണം. സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ അവസാനിച്ചെന്നും തിരക്കഥ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട് എം ടി കോഴിക്കോട് മുന്‍സിഫ് കോടതിയെ എംടി സമീപിച്ചു. തിരക്കഥ കൈമാറുമ്പോള്‍ മുന്‍കൂറായി കൈപ്പറ്റിയ പണം തിരിച്ചുനല്‍കാമെന്നും ഹര്‍ജിയില്‍ പറയുന്നു. ഇതോടെ രണ്ടാമൂഴം പുതിയ പ്രതിസന്ധിയിലേക്ക് എത്തുകയാണ്. എംടിയുടെ ഭീമനെ മലയാളി അഭ്രപാളികളില്‍ കാണാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.


വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനും ഗവേഷണത്തിനും ശേഷമാണ് തിരക്കഥ ഒരുക്കിയത്. എന്നാല്‍ താന്‍ കാണിച്ച ആവേശവും ആത്മാര്‍ഥതയും അണിയറ പ്രവര്‍ത്തകരില്‍നിന്നും ലഭിച്ചില്ല. ഇതാണ് പിന്മാറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. നാലുവര്‍ഷം മുമ്പാണ് ശ്രീകുമാര്‍ മേനോനുമായി കരാര്‍ ഉണ്ടാക്കിയത്. തുടര്‍ന്ന് മലയാളം, ഇംഗ്ലീഷ് തിരക്കഥകള്‍ നല്‍കി. മൂന്നുവര്‍ഷത്തിനകം ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ കരാര്‍ പ്രകാരം ചിത്രീകരണം തുടങ്ങാനായില്ല. ഒരു വര്‍ഷം കൂടി സമയം നീട്ടിനല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് എംടിയുടെ നീക്കം. അതിനിടെ ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ നിന്നും ബി ആര്‍ ഷെട്ടി പിന്‍വാങ്ങുമെന്നും സൂചനയുണ്ട്.

ചിത്രത്തില്‍ ഭീമന്റെ റോളില്‍ മോഹന്‍ലാലിനെ പ്രഖ്യാപിച്ചിരുന്നു. മഹാഭാരത്' എന്ന പേരില്‍ രണ്ട് ഭാഗങ്ങളായി 1000 കോടി രൂപ ചെലവിടുന്ന സിനിമ ഇന്ത്യയിലെതന്നെ ഏറ്റവും ചെലവേറിയതാകുമെന്നാണ് കരുതിയിരുന്നത്. പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടിയായിരുന്നു നിര്‍മ്മാതാവ്. ഒടിയന്‍ സിനിമയ്ക്ക് ശേഷം രണ്ടാമൂഴത്തിന്റെ അണിയറ പ്രവര്‍ത്തനം തുടങ്ങുമെന്ന് ശ്രീകുമാര്‍ മേനോന്‍ അറിയിച്ചിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ക്ക് ഇതേ കുറിച്ച് യാതൊരു അറിയിപ്പും ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് എംടിയുടെ പിന്മാറ്റം. ഇതോടെ രണ്ടാമൂഴം പ്രതിസന്ധിയിലായി. ഇനി കോടതിയാകും സിനിമയുടെ കാര്യത്തില്‍ തീരുമാനം എടുക്കുക. അതിനിടെ ശ്രീകുമാര്‍ മേനോന്‍ രണ്ടാമൂഴം തിരിച്ചു നല്‍കിയാല്‍ എടുക്കാന്‍ തയ്യാറായി മറ്റ് വന്‍കിട കമ്പനികള്‍ തയ്യാറാകുന്നതായും സൂചനയുണ്ട്.

1977 ല്‍ ഒരു നവംബര്‍ മാസത്തില്‍ മരണം തന്റെ സമീപത്തെത്തി പിന്മാറിയെന്നും അതിനു ശേഷം എഴുതി പൂര്‍ത്തിയാക്കിയ നോവലാണ് രണ്ടാമൂഴമെന്നും എം ടി നേരത്തെ തന്നെ വിശദീകരിച്ചിരുന്നു. ജീവിതത്തിലെ രണ്ടാമൂഴത്തില്‍ സര്‍ഗ്ഗാത്മകതയുടെ ഈറ്റു നോവേറെയനുഭവിച്ചെഴുതിയ കൃതിയായതിനാലാവും നോവലുകളിലെന്നും വായിക്കപ്പെടേണ്ട ഒന്നായി രണ്ടാമൂഴം മാറിയത്. അതുകൊണ്ട് കൂടിയാണ് എംടിയുടെ എക്കാലത്തേയും മികച്ച നോവല്‍ സിനിമയാകുന്നതിനെ പ്രതീക്ഷയോടെ മലയാളികള്‍ കണ്ടത്. ഈ സിനിമയുമായി മുന്നോട്ട് പോകവേ ശ്രീകുമാര്‍ മേനോന്‍ ഏറെ വിവാദങ്ങളില്‍ പെട്ടു. ശ്രീകുമാര്‍ മേനോന്റെ പുഷ് കമ്പനി പാപ്പര്‍ സ്യൂട്ടും നല്‍കി. ഇതെല്ലാം പലവിധ സംശയങ്ങള്‍ക്ക് ഇട നല്‍കിയിരുന്നു. ദിലീപുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളിലും ശ്രീകുമാര്‍ മേനോന്‍ സജീവമായിരുന്നു. തന്നെ കേസില്‍ കുടുക്കിയത് ശ്രീകുമാര്‍ മേനോന്റെ പകയായിരുന്നുവെന്നാണ് ദിലീപ് ആരോപിച്ചിരുന്നത്. അങ്ങനെ ഏറെ വിവാദങ്ങളില്‍പ്പെട്ട ശ്രീകുമാര്‍ മേനോനെതിരെയാണ് എംടി നിയമപോരാട്ടത്തിന് ഇറങ്ങുന്നത്.

ശ്രീകുമാര്‍ മേനോന്റെ ആദ്യ ചിത്രമായ ഒടിയന്‍ ഡിസംബറില്‍ റിലീസാകും. വലിയ പ്രതീക്ഷകളാണ് ഒടിയനില്‍ ശ്രീകുമാര്‍ മേനോനുള്ളത്. അതിന് ശേഷം രണ്ടാമൂഴത്തിലേക്ക് കടക്കുമെന്നും അറിയിച്ചിരുന്നു. അതിനിടെയാണ് നിയമകുരുക്കുകള്‍ എത്തുന്നത്. എംടിയോടുള്ള ആരാധന കാരണമാണ് ബി ആര്‍ ഷെട്ടി ചിത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തത്. വലിയ സാമ്പത്തിക ബാധ്യതയാകും ഈ സിനിമയെന്ന് അറിഞ്ഞു കൊണ്ടായിരുന്നു നടപടി. ശ്രീകുമാര്‍ മേനോനെതിരെ ഹര്‍ജിയുമായി എംടി എത്തുന്നതിനാല്‍ നിര്‍മ്മാണത്തില്‍ നിന്ന് ഷെട്ടി പിന്മാറുമെന്നാണ് സൂചന.

Read more topics: # MT Vasudevan Nair,# Randamoozham,# Mohanlal
Randamoozham film starring mohanlal Mt Vasudevan Nair

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES