സ്വാര്‍ത്ഥം, നിലവിളക്ക്, ഇളംതെന്നല്‍പോലെ, അഗ്‌നിപുത്രി, ബാലാമണി, കറുത്തമുത്ത്, പൊന്നമ്പിളി, മാനസമൈന തുടങ്ങിയ സീരിയലുകളിലും പാലേരിമാണിക്യം, അകം, ലൈഫ് എന്നിങ്ങനെ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുള്ള ഗിരിധര്‍ ഏറെ ശ്രദ്ധ നേടിയത് കറുത്തമുത്തിലെ കഥാപാത്രത്തിലൂടെയാണ്.
കുട്ടിക്കാലം മുതല്‍ അഭിനയത്തോടുളള താല്പര്യമാണ് ഗിരിധറിനെ അഭിനയത്തിലേക്ക് എത്തിച്ചത്. ചിത്രരചന, മോണോ ആക്ട്, നാടകങ്ങള്‍ എന്നിവിടങ്ങളില്‍ സജീവമായിരുന്ന ഗിരിധറിന് നാടകത്തില്‍ ദേശീയ തലത്തില്‍ നാലു തവണ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് ലഭിച്ചു. അമൃതാ ചാനലില്‍ ബെസ്റ്റ് ആക്ടര്‍ എന്ന റിയാലിറ്റിഷോയാണ് ഗിരിധറിന്റെ ജീവിതം മാറ്റുന്നത്. കറുത്തമുത്തിലും ബാലാമണിയിലും അഭിനയിക്കുമ്പോഴാണ് ഗിരിധറിനെ ഒരു വീട്ടമ്മ തല്ലിയത്. കോവളത്ത് ഷൂട്ട് നടക്കുമ്പോഴാണ് ഷൂട്ടിങ്ങിനിടയെില്‍ ഒരമ്മ വന്ന് തന്നെ കരണകുറ്റിക്ക് അടിച്ചതെന്ന് ഗിരിധര്‍ പറയുന്നു. കറുത്തമുത്തിലെ നായികയെ കൊല്ലാന്‍ നടക്കുന്ന ശ്രീകാന്തിനെ അവതരിപ്പിക്കുകയായിരുന്നു ആ സമയത്ത് ഗിരി. അതിന്റെ പ്രതിഷേധമായിരുന്നു നടന്റെ കരണത്ത് കിട്ടിയ അടി. 'നീയെന്റെ കൊച്ചിനെ എന്തെങ്കിലും ചെയ്താല്‍ നിന്നെ ഞാന്‍ ശരിയാക്കുമെന്നും ഒരു പച്ചതെറിയും വിളിക്കാനും ആ അമ്മ മറന്നില്ലെന്ന് ചിരിയോടെ ഗിരിധര്‍ പറയുന്നു.
മലപ്പുറം ജില്ലയില്‍ അരീക്കോടിനടുത്ത് കുഴക്കോട്ടൂരാണ് ഗിരിധറിന്റെ നാട്. അച്ഛനും അമ്മയും രണ്ടു ചേട്ടന്‍മാരും സര്‍ക്കാര്‍ ജീവനക്കാരാണ്. പക്ഷേ, ഓര്‍മ്മ വെച്ച നാള്‍ മുതല്‍ കലാപരമായ എന്തെങ്കിലും ജോലി ചെയ്തു ജീവിക്കണമെന്നായിരുന്നു ഗിരിയുടെ ആഗ്രഹം. ഗിരിധറിന്റെ അമ്മയുടെ സഹോദരനാണ് വിജയന്‍ കിഴിശ്ശേരി. ഗായകനും മിമിക്രി ആര്‍ട്ടിസ്റ്റും അഭിനേതാവുമൊക്കെയായിരുന്നു അമ്മാവന്‍. ചെറുതിലേ അദ്ദേഹത്തിന്റെ പാട്ടുകള്‍ കേട്ടും അഭിനയം കണ്ടുമൊക്കെ താനും ആ വഴിയില്‍ നടന്നു തുടങ്ങിയതെന്നും ചുരുക്കത്തില്‍ അമ്മാവനാണ് തന്നെ സ്വാധീനിച്ചതെന്നും ഗിരി പറയുന്നു. കലാകാരനാകണം എന്ന തന്റെ ആഗ്രഹത്തിന് വീടും നാടുമൊക്കെ ഒപ്പം നിന്നെന്ന് താരം പറയുന്നു. കലാരംഗമാണ് ലക്ഷ്യം എന്നതിനാല്‍ അതിനു ഗുണമാകുന്ന രീതിയിലായിരുന്നു പഠനം. അതിനാല്‍ ഡിഗ്രിയ്ക്ക് മലയാളമാണ് തിരഞ്ഞെടുത്തത്.
പതിനെട്ടാം വയസ്സില്‍ ഒരു സംസ്ഥാന നാടകമത്സരത്തില്‍ മികച്ച നടനായി ഗിരി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒ.വി വിജയന്റെ 'കടല്‍ തീരത്ത്' എന്ന കഥയുടെ നാടകമായിരുന്നു അത്. അതിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചതിന് നടനുള്ള കുറേ പുരസ്‌ക്കാരങ്ങള്‍ പലയിടങ്ങളില്‍ നിന്നു കിട്ടിയിരുന്നു.'സ്വാര്‍ത്ഥ'മാണ് ആദ്യ സീരിയല്‍. അതില്‍ മുരളി എന്ന എഴുത്തുകാരന്റെ വേഷമായിരുന്നു. തുടര്‍ന്ന് 'നിലവിളക്ക്', 'ഇളം തെന്നല്‍ പോലെ' എന്നീ രണ്ടു സീരിയലുകള്‍ കൂടി ചെയ്തു. 'അഗ്‌നി പുത്രി'യില്‍ നായകനുമായി.ഗിരിയുടെ ശ്രദ്ധിക്കപ്പെട്ട ആദ്യ വേഷം 'ബാലാമണി'യിലെ ആനന്ദാണ്. അതു വലിയ അംഗീകാരവും സ്വീകാര്യതയും നേടിത്തന്നു. ഇപ്പോഴും ആ കഥാപാത്രത്തോടുള്ള ഇഷ്ടം ആളുകളുടെ മനസ്സിലുണ്ട്. 'കറുത്തമുത്തി'ല്‍ വില്ലനായി വന്ന കഥാപാത്രമാണ് ശ്രീകാന്ത്. ഇപ്പോള്‍ ഒമ്പതാമത്തെ സീരിയലിലാണ് അഭിനയിക്കുന്നത്. പത്തു വര്‍ഷമായി റേഡിയോ അനൗണ്‍സറും കോഴിക്കോട് ആകാശവാണിയില്‍ സ്ഥിരം ആര്‍ട്ടിസ്റ്റുമാണ് നടന്‍.
രഞ്ജിത് സാര്‍ സംവിധാനം ചെയ്ത 'പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ'യാണ് ആദ്യ സിനിമ. അതില്‍ ധര്‍മ്മദത്തന്‍ നമ്പൂതിരി എന്ന കഥാപാത്രമായിരുന്നു. 'അകം' എന്ന ചിത്രത്തില്‍ ഫഹദിന്റെ കൂട്ടുകാരനായും അഭിനയിച്ചു. പിന്നീട് 'ലൈഫ്', 'കുഞ്ഞിരാമന്റെ കുപ്പായം' എന്നീ സിനിമകള്‍ കൂടി ചെയ്‌തെങ്കിലും സിനിമയെന്നോ സീരിയലെന്നോ ഉള്ള വേര്‍തിരിവ് തനിക്കില്ലെന്ന് താരം പറയുന്നു. കുടുംബമാണ് തന്റെ ഭാഗ്യമെന്നാണ് ഗിരിധര്‍ പറയുന്നത്. പ്രഭിതയാണ് ഗിരിധറിന്റെ ഭാര്യ കുഞ്ഞിന്റെ പേര് വാസ്തവ്. മകന്‍ പിറന്നതോടെയാണ് തന്റെ രാശി തെൡതെന്ന് ഗിരിധര്‍ പറയുന്നു.