കറുത്തമുത്ത് സീരിയലിലൂടെ പ്രശസ്തനായ നടനാണ് റിച്ചാര്‍ഡ് ജോസ്.കറുത്തമുത്തിലെ നായകന്‍ ബാലചന്ദ്രന്‍ ഡോക്ടറുടെ അനിയനായി വേഷമിട്ട ജയന്‍ ഒരു പക്ഷേ ബാലചന്ദ്രന്‍ ഡോക്ടറെക്കാള്‍ പെണ്‍കുട്ടികള്‍ ഏറ്റെടുത്ത കഥാപാത്രമായിരുന്നു. എന്നാല്‍ സീരിയലില്‍ ഇടയ്ക്ക് വച്ച് റിച്ചാര്‍ഡ് അവതരിപ്പിച്ച ഈ കഥാപാത്രം കൊല്ലപ്പെടുകയായിരുന്നു. ഇതൊടെ സീരിയലില്‍ ഒരു മാലയിട്ട ഫോട്ടോയിലേക്ക് ഈ കഥാപാത്രം ഒതുങ്ങി. ഇപ്പോഴിതാ റിച്ചാര്‍ഡ് വീണ്ടും ശ്രദ്ധേയനാകുന്നത് ഒരു ഷോര്‍ട്ട് ഫിലിമിലൂടെയാണ്.
മലയാള മെഗാസീരിയല്‍ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് ഒന്നാം നിര നായകപദവിയിലേക്ക് ഉയര്‍ന്ന നടനാണ് റിച്ചാര്‍ഡ്. മഴവില്‍ മനോരമയിലെ 'പട്ടുസാരി' എന്ന സീരിയലിലൂടെയാണ് റിച്ചാര്‍ഡ് അഭിനയരംഗത്ത് എത്തുന്നത്. ഇതിനുശേഷം കറുത്തമുത്ത്, എന്ന് സ്വന്തം ജാനി, മിഴി രണ്ടിലും എന്നീ ഹിറ്റ് പരമ്പരകളുടെ ഭാഗമായി. ഇതില്‍ കറുത്ത മുത്തിലെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. തന്നിഷ്ടക്കാരിയും ദുഷ്ടയുമായ പെണ്ണിലെ കല്യാണം കഴിക്കേണ്ടിവരുന്ന നന്‍മ നിറഞ്ഞ ഒരു കഥാപാത്രമായിരുന്നു ഇതില്‍ റിച്ചാര്‍ഡിന്റേത്. ഇപ്പോള്‍ സീരിയലുകള്‍ ഇല്ലെങ്കിലും ഒരു സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണു താരം. അതൊടൊപ്പം തന്നെ ഒരു സംവിധായകന്റെ കുപ്പായം ഇപ്പോള്‍ റിച്ചാര്‍ഡ് അണിഞ്ഞുകഴിഞ്ഞു. ഒരു ഷോര്‍ട്ട് ഫിലിം ആണ് റിച്ചാര്‍ഡ് സംവിധാനം ചെയ്യ്തത്്. തന്റേതല്ലാത്ത കാരണത്താല്‍...' എന്നാണ് ഷോര്‍ട്ട് ഫിലിമിന്റെ പേര്. ഒരു ചെറുപ്പക്കാരന്റെ വൈവാഹിക ജീവിതത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ പറഞ്ഞ ഷോര്‍ട്ട് ഫിലിമിന്റെ കഥയും തിരക്കഥയും സംഭാഷണവും റിച്ചാര്‍ഡ് തന്നെയാണ് നിര്‍വ്വഹിക്കുന്നത്. ഇപ്പോള്‍ റിച്ചാര്‍ഡിന്റെ ഷോര്‍ട്ട് ഫിലിം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. വളരെ മികച്ച കമന്റുകളാണ് കോമഡിയും ട്വിസ്റ്റും ഇടചേര്‍ന്ന ചിത്രത്തിന് ലഭിക്കുന്നത്.
റിച്ചാര്‍ഡ് മുഖ്യ വേഷം ചെയ്യുന്ന ഷോര്‍ട്ട് ഫിലിമില്‍ സാധിക വേണുഗോപാല്‍, അമിത, ഫ്രിസ്, സഞ്ജു എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ക്യാമറ:ജസിം ജമാല്‍, എഡിറ്റിംഗ് സജീഷ് രാജ. ആര്‍ട്ട്‌സോഴ്‌സ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ഫ്രിസ് പോളാണ് ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ചത്.