ബോളിവുഡിലെ എവർഗ്രീൻ ബ്യൂട്ടിക്വീനാണ് കാജോൾ. അന്നും ഇന്നും ബോളിവുഡിൽ താരം മിന്നി നിൽക്കുകയാണ്. മാത്രമല്ല ബോളിവുഡിന്റെ പ്രിയ താരദമ്പതികളായാണ് കാജോളും അജയ് ദേവ് ഗണും അറിയപ്പെടുന്നതും. ബിടൗണിൽ ഏവരും അസൂയയോടെ നോക്കി കാണുന്ന ദാമ്പത്യബന്ധമാണ് ഇരുവരുടേതും. 1999-ലാണ് അജയും കാജോളും വിവാഹിതരാകുന്നത്. കാജോൾ തന്റെ കരിയറിൽ ഏറ്റവും ഉയർന്ന കാലത്ത് നിൽക്കുമ്പോഴാണ് ഇരുവരുടേയും വിവാഹം നടക്കുന്നത്. എന്നാൽ കാജോളിന് നടൻഅക്ഷയ് കുമാറിനോട് ഉണ്ടായിരുന്ന ഇഷ്ടത്തെക്കുറിച്ച് പറയുകയാണ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ.
കാജോളിനൊപ്പം കപിൽ ശർമ ഷോയിൽ പങ്കെടുക്കുമ്പോഴായിരുന്നു കരണിന്റെ തുറന്നു പറച്ചിൽ. ''1991-ൽ ഹെന്ന എന്ന സിനിമയുടെ പ്രദർശനത്തിനിടെയാണ് സംഭവം. ആ സമയത്ത് കാജോളിന് അക്ഷയ് കുമാറിനോട് വല്ലാത്ത ആകർഷണമുണ്ടായിരുന്നു. സിനിമ കാണാതെ കാജോൾ അക്ഷയ് കുമാറിനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. സിനിമ തീർന്നപ്പോൾ അക്ഷയ് അപ്രത്യക്ഷനായി.
അവിടെ വച്ചാണ് ഞങ്ങളുടെ സൗഹൃദത്തിന്റെ തുടക്കം. 1994-ൽ യേ ദില്ലഗി എന്ന ചിത്രത്തിലാണ് കാജോളും അക്ഷയ് കുമാറും ഒന്നിച്ചഭിനയിച്ചത്. അന്ന് ബോളിവുഡിലെ തിരക്കേറിയ താരമായി കാജോൾ മാറിയിരുന്നു. തന്റെ സുഹൃത്തുക്കളുടെ പട്ടികയെടുക്കുകയാണെങ്കിൽ മറവിയുടെ കാര്യത്തിൽ ഒന്നാം സ്ഥാനം കാജോളിനാണ്'' - കരൺ പറഞ്ഞു.
അജയ് ദേവ്ഗണിന്റെ (കാജോളിന്റെ ഭർത്താവ്) ശിവായ് എന്ന ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ തുടർന്ന് കരണും കാജോളും തമ്മിൽ ഒരിക്കൽ പിണങ്ങിയിരുന്നു.കരണിന്റെ യേ ദിൽഹേ മുഷ്‌കിൽ എന്ന ചിത്രവും ശിവായും ഒരേ സമയത്താണ് പുറത്തിറങ്ങിയത്. ശിവായ് മോശം സിനിമയാണെന്ന് പ്രചരിപ്പിക്കാൻ കരണിന്റെ സിനിമയുടെ അണിയറ പ്രവർത്തകർ സിനിമാനിരൂപകൻ കമാൽ ആർ. ഖാന് പണം നൽകിയെന്നായിരുന്നു വിവാദം.
ഇത് സംബന്ധിച്ച് അജയ് ഒരു ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ടു. സംഭവത്തിൽ അജയിനെ പിന്തുണച്ച് കാജോൾ രംഗത്ത് വരികയും ചെയ്തു. തുടർന്ന് കരണും കാജോളും മാനസികമായി അകന്നിരുന്നു.എന്നാൽ ഇവർ തമ്മിലുള്ള പിണക്കത്തിന് അധികം ആയുസ്സുണ്ടായില്ല. തമ്മിലുണ്ടായ തെറ്റിദ്ധാരണകളും പ്രശ്നങ്ങളും പറഞ്ഞുതീർത്ത് കാജോളും കരണും വീണ്ടും ഒന്നിച്ചു.