കരണ്‍ ജോഹര്‍ എന്ന 46കാരന്‍ ബി.ടൗണിലെ ബഹുമുഖ പ്രതിഭയാണെന്ന് പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തിയില്ല. സംവിധായകന്‍, തിരക്കഥാകൃത്ത്. നിര്‍മ്മാതാവ്, നടന്‍, കോസ്റ്റിയും ഡിസൈനര്‍ എന്നീ നിലകളിലൊക്കെ ശ്രദ്ധേയനാണ് കരണ്‍ ജോഹര്‍. നടന്‍ ഷാരൂഖ് ഖാന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായ കരണ്‍ ജോഹറിനെ പറ്റി അധികം ആര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍ നമ്മുക്ക് ഇനി കാണാം.
ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് മേക്കര്‍ എന്നാണ് കരണ്‍ ജോഹര്‍ അറിയപ്പെടുന്നത്. ആദ്യ ചിത്രമായ കുച്ച് കുച്ച് ഹോത്താ ഹേയിലൂടെ തന്നെ തന്റെ ഇരിപ്പിടം ബോളിവുഡില്‍ കരണ്‍ അരക്കിട്ട് ഉറപ്പിച്ചു. പിന്നെ കഭി ഖുഷി കഭി ഖാം, കല്‍ ഹോ ന ഹോ, കാല്‍, വേക്ക് അപ് സിഡ്, മൈ നൈം ഇസ് ഖാന്‍ തുടങ്ങി ഒട്ടെറെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ കരണ്‍ സംവിധാനം ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കരണ്‍ ജോഹറിന്റെ ലൈംഗികത എന്താണെന്ന് സമൂഹം എന്നും ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. കരണ്‍ ജോഹര്‍ സ്വവര്‍ഗാനുരാഗിയാണെന്നത് പരസ്യമായ രഹസ്യമാണ്. തന്റെ ജീവചരിത്രത്തില്‍ കരണ്‍ ഇത് പങ്കുവച്ചിട്ടുമുണ്ട്. പൂനം സക്‌സേന രചിച്ച ആന്‍ അണ്‍സ്യൂട്ടബിള്‍ ബോയ് എന്ന കരണിന്റെ ജീവചരിത്രത്തിലാണ് തന്റെ ലൈംഗിക സ്വത്വത്തെ കുറിച്ച് കരണ്‍ ലോകത്തിനു മുന്നില്‍ തുറന്നു പറച്ചില്‍ നടത്തുന്നത്. താനൊരു സ്വവര്‍ഗ്ഗാനുരാഗിയാണ് എന്ന് അടിവരയിട്ടു പറയുന്നില്ലെങ്കിലും താരത്തിന്റെ വാക്കുകള്‍ നൂറു ശതമാനവും അതിനെ സാധൂകരിക്കുന്നതാണ്. സ്വവര്‍ഗരതി കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ആം വകുപ്പ് സുപ്രീം കോടതി ഭാഗികമായി റദ്ദാക്കുന്നതിന് മുമ്പ് ഇറങ്ങിയ ജീവചരിത്രത്തില്‍ താന്‍ അത് തുറന്നുപറഞ്ഞാല്‍ ജയിലില്‍ പോകുമെന്നാണ് പറഞ്ഞിരിക്കുന്നത്. സുപ്രീം കോടതി സ്വവര്‍ഗരതി കുറ്റകരമാകുന്ന 377ആം വകുപ്പ് റദ്ദാക്കിയപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചതും കരണ്‍ ആയിരുന്നു.
ഒട്ടേറെ തെറ്റിദ്ധരിക്കപ്പെട്ട ബന്ധമാണു കരണ്‍ ജോഹറും നടന്‍ ഷാരൂഖും തമ്മിലുളളത്. ഒരിക്കല്‍ ഒരു ഹിന്ദി ചാനലില്‍ അഭിമുഖത്തിനിടെ റിപ്പോര്‍ട്ടര്‍ മനപ്പൂര്‍വ്വം ഷാരുഖാനുമായുളള ബന്ധത്തെ കുറിച്ചു ചോദിച്ചപ്പോള്‍ നീ നിന്റെ സഹോദരനുമായി കിടക്ക പങ്കിടാറുണ്ടോ എന്നാണ് താരം തിരിച്ചു ചോദിച്ചത്.
ഇതുവരെ കല്യാണം കഴിക്കാത്ത കരണിന് രണ്ടു മക്കളാണ് ഉള്ളത്. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് യാഷ്, റൂഹി എന്നീ ഇരട്ടക്കുട്ടികളുടെ അച്ഛനായി 2017ല്‍ കരണ്‍ ജോഹര്‍ മാറിയത്. അമ്മയൊടൊപ്പമാണ് കരണ്‍ ജോഹര്‍ മക്കളുമായി മുംബൈയിലെ വീ്ട്ടില്‍ കഴിയുന്നത്. കുഞ്ഞുങ്ങളുടെ ജനനത്തോടനുബന്ധിച്ച് സിനിമകളുടെ തിരക്കില്‍ നിന്ന് മാറി നില്‍ക്കുകയാണ് കരണ്‍. അച്ഛന്റെയും അമ്മയുടെയും വേഷം തന്റെ കയ്യില്‍ ഭദ്രമാണെന്ന് കരണ്‍ പറയുന്നു.