ബിരിയാണി സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് നടി കനി കുസൃതി. തന്റെ വാക്കുകളെ വളച്ചൊടിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയാണെന്ന് കനി വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം തുറന്നടിച്ചത്.
മാധ്യമങ്ങളില്‍ പരസ്യമായി പ്രകടിപ്പിച്ച നിലപാടുകളെയും അഭിപ്രായങ്ങളെയും താന്‍ പറഞ്ഞ അര്‍ഥത്തില്‍ നിന്നും തികച്ചും വിപരീതമായി എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണ് എന്നാണ് താരം പറയുന്നത്. ഇത് തന്റെ അറിവോടെ സംഭവിക്കുന്നതല്ലെന്നും അതിനാല്‍ ആ അഭിപ്രായങ്ങള്‍ക്ക് താന്‍ ഉത്തരവാദി അല്ലെന്നുമാണ് കനി കുസൃതി പറയുന്നത്. മലയാളികളുടെ കുന്നായ്മത്തരത്തിന് അവരോട് മാത്രം പറയാനുള്ളതാണ് എന്ന അടിക്കുറിപ്പിലാണ് പോസ്റ്റ്.
കനിയുടെ കുറിപ്പ്
പായല്‍ കപാഡിയയുടെ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ഞാന്‍ കൂടി ഭാഗമായ ചിത്രം കാന്‍ ഫെസ്റ്റിവലില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടപ്പോള്‍, ഫെസ്റ്റിവല്‍ വേദിയിലെ എന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പാശ്ചാത്തലത്തില്‍, മലയാളത്തില്‍ സജിന്‍ ബാബു സംവിധാനം ചെയ്ത 'ബിരിയാണി' എന്ന ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചതിനെച്ചൊല്ലി ധാരാളം ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ ഞാന്‍ നല്‍കാത്ത അഭിമുഖങ്ങളും എന്റേതല്ലാത്ത അഭിപ്രായങ്ങളും നിലപാടുകളും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കാണുകയുണ്ടായി. ഞാന്‍ മറ്റു മാധ്യമങ്ങളില്‍ പരസ്യമായി പ്രകടിപ്പിച്ച നിലപാടുകളെയും അഭിപ്രായങ്ങളെയും ഞാന്‍ പറഞ്ഞ അര്‍ഥത്തില്‍ നിന്നും തികച്ചും വിപരീതമായി അവര്‍ ഉദ്ദേശിക്കുന്ന തരത്തിലേക്ക് എഡിറ്റ് ചെയ്താണ് ഇക്കൂട്ടര്‍ അഭിമുഖ വിഡിയോയും മറ്റ് ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്നത്. ഇത് എന്റെ അറിവോടെ സംഭവിക്കുന്നതല്ല എന്ന കാരണത്താല്‍ തന്നെ പ്രസ്തുത ഉള്ളടക്കങ്ങളിലെ ആരോപണങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഞാന്‍ ഒരു തരത്തിലും ഉത്തരവാദിയല്ല എന്നു പറയട്ടെ. PS : ഇത് മലയാളത്തില്‍ മാത്രമേ എഴുതേണ്ടി വന്നു എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കുമല്ലോ.
സിനിമ മേഖലയില്‍ നിന്നുള്ള നിരവധി പേരാണ് കനിക്ക് പിന്തുണയുമായി എത്തുന്നത്. ടൊവിനോ തോമസ്, തരുണ്‍ മൂര്‍ത്തി, രാജേഷ് മാധവന്‍, ലിജോ മോള്‍ ഉള്‍പ്പടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. കാന്‍ ചലച്ചിത്ര മേളയിലെ കനിയുടെ ഫലസ്തീന്‍ ഐക്യദാര്‍ഡ്യം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. പിന്നാലെ കനി പ്രധാന വേഷത്തിലെത്തിയ ബിരിയാണിയുടെ രാഷ്ട്രീയത്തേക്കുറിച്ച് ചര്‍ച്ചകളുണ്ടായി.