അന്തരിച്ച അഭിനേത്രി ശ്രീദേവിയുടെ ഓര്‍മ്മകളില്‍ കമല്‍ഹാസന്‍. ഇന്നലെ അവസാനിച്ച ഇരുപതാമത് ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവല്‍ നടത്തിയ ശ്രീദേവി അനുസ്മരണത്തിന്റെ ഭാഗമായി എഴുതിയ കുറിപ്പിലാണ് അദ്ദേഹം ശ്രീദേവിയുമായി ഉണ്ടായിരുന്ന അടുപ്പത്തെക്കുറിച്ച് പറഞ്ഞത്. താനും ശ്രീദേവിയും തമ്മില്‍ വലിയ അടുപ്പമായിരുന്നു എന്നും 'നിങ്ങള്‍ക്ക് അവളെ വിവാഹം കഴിച്ചു കൂടെ കമല്‍?' എന്ന് ശ്രീദേവിയുടെ അമ്മ രാജേശ്വരി യാങ്കര്‍ പലപ്പോഴും തന്നോട് ചോദിച്ചിട്ടുണ്ട് എന്നും കമല്‍ പറയുന്നു. കുടുംബത്തിലുള്ള ഒരാളെ ഞാന്‍ എങ്ങനെ വിവാഹം കഴിക്കും എന്ന് ശ്രീദേവിയുടെ അമ്മയ്ക്ക് മറുപടി നല്‍കിയതായും കമല്‍ ഓര്‍ത്തു.
വളരെ ചെറുപ്പത്തിലെ ശ്രീദേവിയെ പരിചയമുണ്ടായിരുന്നു എന്നും കെ ബാലചന്ദര്‍ എന്ന വലിയ മനുഷ്യന്റെ തണലില്‍ തുടങ്ങി ഇരുവരും ഇരുപത്തിയെട്ട് ചിത്രങ്ങളില്‍ നായികാ നായകന്മാരായി അഭിനയിച്ചു എന്നും കമല്‍ 'ദി 28 അവതാര്‍സ് ഓഫ് ശ്രീദേവി' എന്ന കുറിപ്പില്‍ പറയുന്നു. 1976 ലാണ് ശ്രീദേവിയെ ആദ്യമായി കണ്ടതെന്നും 'മൂണ്ട്രു മുടിച്ചു' എന്ന ചിത്രത്തില്‍ നായികയാവാന്‍ എത്തിയ ശ്രീദേവിയ്ക്ക് അന്ന് പതിമൂന്നു വയസ്സായിരുന്നു പ്രായം എന്നും കമല്‍ പറയുന്നു.
ശ്രീദേവിയുമായി റിഹേഴ്‌സല്‍ നടത്തുക എന്ന ഉത്തരവാദിത്തം സഹസംവിധായകനും കൂടിയായ എനിക്കായിരുന്നു. പ്രണയ രംഗങ്ങളിലും മറ്റും ഞങ്ങളെ കണ്ടതു കൊണ്ടാവാം, ഞങ്ങള്‍ തമ്മില്‍ വലിയ അടുപ്പമാണ് എന്നും, പരസ്പരം 'ഫസ്റ്റ് നെയിം' വിളിക്കുന്നവരാണ് എന്നുമൊക്കെയുളള തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മരണപ്പെട്ട ദിവസം വരെ, എന്നെ 'സാര്‍' എന്നല്ലാതെ അഭിസംബോധന ചെയ്തിട്ടില്ല അവര്‍ എന്നും കമലഹാസന്‍ കൂട്ടിച്ചേര്‍ക്കുന്നു. കെ ബാലചന്ദര്‍ എന്ന 'മെന്ററി'ന് കീഴില്‍ സഹോദരി സഹോദരന്‍മാരെപ്പോലെയായിരുന്നു ഞാനും ശ്രീദേവിയും', കമല്‍ വെളിപ്പെടുത്തി.
അമ്മയുടെ മടിയില്‍ ഇരുന്നു ആഹാരം കഴിച്ചിരുന്ന ശ്രീദേവിയെ താന്‍ വഴക്ക് പറയുമായിരുന്നു എന്നും കമല്‍ കൂട്ടിച്ചേര്‍ക്കുന്നു. 13 വയസ്സുളള ആ പെണ്‍കുട്ടി വളര്‍ന്നു വലുതായി മികച്ച നടിയായി മാറിയത് ഏറെ സന്തോഷത്തോടെയാണ് താന്‍ കണ്ടു നിന്നത് എന്നും വികാരാധീനമായ കുറിപ്പില്‍ കമല്‍ ഹാസന്‍ പറയുന്നു.
'കഴിഞ്ഞ വര്‍ഷം യാഷ് രാജ് സ്റ്റുഡിയോയില്‍ വച്ച് അവസാനം കണ്ടപ്പോള്‍ ഞങ്ങള്‍ കെട്ടിപ്പിടിച്ചു. സാധാരണ ചെയ്യാത്തതാണ് അത്. പക്ഷേ എന്തോ അന്നങ്ങനെ ചെയ്തു. അല്പം നീണ്ട ഒരാലിംഗനമായിരുന്നു അത്, സാധാരണയായി സ്റ്റേജില്‍ ചെയ്യുന്ന ഒന്നായിരുന്നില്ല. അവസാനമായി അവളെ ഹഗ് ചെയ്തത് അവിടെ വച്ചാണ്. അവസാനമായി കണ്ടതും'.
കഴിഞ്ഞ ഫെബ്രുവരി 24നാണ് രാജ്യത്തെ ഞെട്ടലിലും സങ്കടത്തിലും ആഴ്ത്തിയ ശ്രീദേവിയുടെ മരണം. ദുബായിലെ ഒരു സ്വകാര്യ ഹോട്ടലിലെ ബാത്ത് ടബ്ബില്‍ മുങ്ങിയാണ് അവര്‍ മരണപ്പെട്ടത്.1976ല്‍ പുറത്തിറങ്ങിയ 'മൂട്ര് മുടിച്ച്' എന്ന ചിത്രമുള്‍പ്പെടെ 27 ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചു. ചലച്ചിത്ര ലോകത്തെ സ്ത്രീ പുരുഷ സൗന്ദര്യത്തിന്റെ പേരുകളായിരുന്നു ഇരുവരും. 1982ല്‍ പുറത്തിറങ്ങിയ 'മൂട്രാം പിറൈ' ഇരുവരുടേയും അഭിനയ ജീവിതത്തിലെ പ്രധാന ചിത്രങ്ങളില്‍ ഒന്നായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് ശ്രീദേവിക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു.