Latest News

ഷാജോണ്‍ സംവിധായക കുപ്പായമണിയുന്ന ബ്രദേഴ്‌സ് ഡേയുടെ പൂജ കൊച്ചിയില്‍ നടന്നു; പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തില്‍ നായികമാരായി എത്തുന്നത് നാല് യുവ നടിമാര്‍

Malayalilife
 ഷാജോണ്‍ സംവിധായക കുപ്പായമണിയുന്ന ബ്രദേഴ്‌സ് ഡേയുടെ പൂജ കൊച്ചിയില്‍ നടന്നു;  പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തില്‍ നായികമാരായി  എത്തുന്നത് നാല് യുവ നടിമാര്‍

സിനിമാ രംഗത്ത് വന്നിട്ട് ഇരുപത് വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് സംവിധായക വേഷത്തിലേക്ക് കലാഭവന്‍ ഷാജോണ്‍ പ്രവേശിക്കുന്നത്. ക്യാമറയുടെ മുന്നില്‍ മാത്രം നിന്നിട്ടുള്ള ഷാജോണ്‍ പിന്നിലേക്ക് പോകുമ്പോള്‍ എങ്ങനെയിരിക്കും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. നടന്മാരായി വന്ന് സംവിധാനത്തിലൂടെ മലയാള സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരങ്ങള്‍ ഏറെയുണ്ട്. മധു, വേണുനാഗവള്ളി, പ്രതാപ് പോത്തന്‍, ശ്രീനിവാസന്‍,  മധുപാല്‍ എന്നിങ്ങനെ തുടങ്ങി വിനീത് ശ്രീനിവാസന്‍, സിദ്ധാര്‍ഥ് ഭരതന്‍, സലിംകുമാര്‍, വിനീത് കുമാര്‍ എന്നിങ്ങനെ ആ നിര നീളും. ഒടുവിലെത്തിയ നാദിര്‍ഷായ്ക്കും രമേഷ് പിഷാരടിക്കും ഹരിശ്രീ അശോകനും പൃഥ്വിരാജിനുംശേഷം മലയാളസിനിമാലോകത്തുനിന്ന് ഒരു താരംകൂടി സംവിധായകന്റെ തൊപ്പിയണിയുന്നു. ബ്രദേഴ്‌സ് ഡേ എന്ന് പേരിട്ട ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. പക്കാ കച്ചവട സിനിമയാണിതെന്ന് ഷാജോണ്‍ തന്നെ പറയുന്നു. കൊച്ചിയിലാണ് ഷൂട്ടിങ്. ലിസ്റ്റിന്‍  സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് നിര്‍മാതാക്കള്‍. 15 കോടിയായിരിക്കും ചെലവ്.

രണ്ടുവര്‍ഷംമുമ്പുതന്നെ ബ്രദേഴ്‌സ് ഡേയുടെ തിരക്കഥയുമായി ഷാജോണ്‍ പൃഥ്വിയെ സമീപിച്ചിരുന്നു. തിരക്കഥയും കഥപറച്ചിലും ഇഷ്ടമായതോടെ പൃഥ്വിതന്നെയാണ് ഷാജോണിനോട് സംവിധാനം ചെയ്യാന്‍ ആവശ്യപ്പെട്ടത്. മൈഡിയര്‍ കരടി എന്ന ചിത്രത്തില്‍ 'കരടി'യായിട്ടായിരുന്നു സിനിമാപ്രവേശം. നായകന്‍ കലാഭവന്‍ മണിക്കൊപ്പം കരടിവേഷം കെട്ടിയാണ് ഈ കലാഭവന്‍കാരനും സിനിമയിലെത്തിയത്. ഈ പറക്കുംതളികയില്‍ ട്രാഫിക് പൊലീസുകാരനായും ബാംബൂബോയ്‌സില്‍ എസ്‌ഐ  ആയും ചെറുവേഷങ്ങളില്‍. മൈ ബോസ്, റിങ് മാസ്റ്റര്‍, അമര്‍ അക്ബര്‍ അന്തോണി തുടങ്ങിയ ചിത്രങ്ങളിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ദൃശ്യം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ഒപ്പം, രാമലീല, ഗ്രേറ്റ് ഫാദര്‍, ഒരു പഴയ ബോംബ് കഥ എന്നിങ്ങനെ സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായും ഷാജോണ്‍ തിളങ്ങി. പൃഥ്വിരാജ് സംവിധാനംചെയ്യുന്ന ലൂസിഫറിലും പ്രധാനവേഷത്തില്‍ ഷാജോണ്‍ ഉണ്ട്.

എല്ലാവരുടെയും ഉള്ളിലുള്ള പോലെ ഒരു വലിയ സ്വപ്‌നമായിരുന്നു എന്നെങ്കിലും ഒരു സിനിമാ സംവിധാനം ചെയ്യണമെന്നത്. വളരെ പെട്ടെന്നായിരുന്നു അങ്ങനെ ഒരവസരം എനിക്ക് കൈവന്നത്. അതിന് ആദ്യം നന്ദിപറയേണ്ടത് ദൈവത്തിനും ധൈര്യം തന്ന പൃഥ്വിരാജിനുമാണെന്ന് ഷാജോണ്‍ പറഞ്ഞു. സിനിമയുടെ കഥ പറഞ്ഞപ്പോള്‍ പൃഥ്വിയായിരുന്നു ഞാന്‍ തന്നെ സംവിധാനെ ചെയ്താല്‍ മതി എന്നു പറഞ്ഞ് ധൈര്യം തന്നത്. ഞാന്‍ തീയേറ്ററില്‍ സിനിമ കാണാന്‍ പോകുന്നത് ഫാമിലിയുമൊത്താണ്. അതിനാല്‍ ഇത് ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ സിനിമ തന്നെയാണ്. 2016 ലാണ് പൃഥ്വിരാജ് സിനിമ ചെയ്യാമെന്ന് പറഞ്ഞത്. അതിനും മൂന്ന് വര്‍ഷം മുന്‍പ് തന്നെ സ്‌ക്രിപ്റ്റ് എഴുതുന്ന ജോലികള്‍ ആരംഭിച്ചിരുന്നു. എന്തായാലും പ്രേക്ഷകര്‍ക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല എന്നുറപ്പ് ഞാന്‍ തരുന്നു എന്നും ഷാജോണ്‍ പറഞ്ഞു. നടനെക്കാളുപരി സംവിധായകനാകുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ കൂടുകയാണ്. അപ്പോള്‍ ഏറെ കൃത്യതയോടെ തന്നെ ചെയ്യുമെന്നും ഷാജോണ്‍ പറയുന്നു. ഞാന്‍ എന്റെ ജീവിതം മുഴുവന്‍ കോമഡിയിലൂടെ കൊണ്ടു പോകുന്ന ഒരാളാണ്. സീരിയസ് ആയ കാര്യങ്ങള്‍ പോലും കുടുംബത്തിലുണ്ടാകുമ്പോള്‍ കോമഡിയിലൂടെ കൈകാര്യം ചെയ്താണ് മുന്നോട്ട് പോകുന്നത്. ആ കാര്യങ്ങളൊക്കെ ഈ സിനിമയിലും കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നും ഷാജോണ്‍ പറഞ്ഞു.

പൊള്ളാച്ചിയിലാണ് ആദ്യം ഷൂട്ട് തുടങ്ങുന്നത്. പിന്നീട് എറണാകുളം, മൂന്നാര്‍, കുട്ടിക്കാനം എന്നിവിടങ്ങളിലായിരിക്കും ലൊക്കേഷനുകള്‍. ചിത്രത്തില്‍ നാലു നായികമാരാണുള്ളത്. ഐശ്വര്യാ ലക്ഷ്മി, പ്രയാഗാ മാര്‍ട്ടിന്‍, മിയ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച ഐമ എന്നിവരാണ് നായികമാര്‍. സിദ്ധിക് ലാല്‍, ധര്‍മ്മജന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

പൃഥ്വിയുടെ കന്നി സംവിധാന സംരംഭത്തില്‍ ഒരുങ്ങുന്ന ലൂസിഫറില്‍ ഷാജോണും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മാര്‍ച്ച് 28 നാണ് ലൂസിഫറിന്റെ റിലീസ്. ഇതിന് ശേഷമാകും പൃഥ്വി ബ്രദേഴ്സ് ഡേയുടെ ഭാഗമാകുക. മാജിക് ഫ്രെയ്മിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. കുറച്ചു വര്‍ഷം മുമ്പാണ് ചിത്രത്തിന്റെ തിരക്കഥുമായി ഷാജോണ്‍ പൃഥ്വിയെ സമീപിക്കുന്നത്. തിരക്കഥ ഇഷ്ടമായ പൃഥ്വി അത് ഷാജോണ്‍ തന്നെ സംവിധാനം ചെയ്താല്‍ മതിയെന്ന് ആവശ്യപ്പെടുകയായിരുന്നു. പിറന്നാള്‍ ദിനത്തില്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പൃഥ്വിരാജാണ് പുതിയ പ്രൊജക്ട് പ്രഖ്യാപിച്ചത്

Kalabhavan Shajon Brothers Day movie Pooja ceremony

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES