ഇന്ത്യന്‍ സിനിമയുടെ തന്നെ ഗാന ഗന്ധര്‍വന് ഇന്ന് എണ്‍പത്തിനാലാം ജന്മദിനം.84 വയസ് പൂര്‍ത്തിയാകുന്ന പ്രിയഗായകന്റെ ശതാഭിഷേക ആഘോഷങ്ങള്‍ യുഎസിലെ ടെക്‌സസിലെ ഡാലസിലുള്ള അദ്ദേഹത്തിലെ വീട്ടില്‍ നടക്കും..
കേരളത്തില്‍ പലയിടങ്ങളിലും സംഗീതഗ്രൂപ്പുകളും സാംസകാരിക സംഘടനകളും യേശുദാസ് ഗാനങ്ങള്‍ അവതരിപ്പിച്ച് സംഗീതാഞ്ജലിയോടെ അദ്ദേഹത്തിന്റെ ശതാഭിഷേകം ആഘോഷിക്കും. അദ്ദേഹത്തിന്റെ ഇഷ്ടദേവതയായ മൂകാംബികാ ദേവിയ്ക്ക് ജന്മദിനത്തോടനുബന്ധിച്ച് പ്രത്യേക പൂജകള്‍ ക്ഷേത്രത്തില്‍ നടത്തും. എല്ലാ ജന്മദിനങ്ങളിലും മൂകാംബികാദേവീസവിധത്തില്‍ മക്കള്‍ക്കൊപ്പം സംഗീതാര്‍ച്ചന നടത്തുന്ന യേശുദാസ് കോവിഡിന് ശേഷം ഏതാനും വര്‍ഷങ്ങളായി മൂകാംബികയില്‍ എത്താറില്ല.
അരനൂറ്റാണ്ടിലേറെയായ സംഗീത ജീവിതത്തില്‍ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും യേശുദാസ് തന്റെ സ്വര മാധുര്യമറിയിച്ചിട്ടുണ്ട്. പകരം വെക്കാനില്ലാത്ത തന്റെ സംഗീത ജീവിതത്തില്‍ ഇതുവരെ നേടിയത് 8 ദേശീയ പുരസ്‌കാരങ്ങള്‍. കൂടാതെ കേരള, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, കര്‍ണാടക, പശ്ചിമ ബംഗാള്‍ തുടങ്ങീ സംസ്ഥാന സര്‍ക്കാരുകളുടെ മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരം.
അഗസ്റ്റിന്‍ ജോസഫ് ഭാഗവതരുടെയുടെയും എലിസബത്തിന്റെയും ഏഴ് മക്കളില്‍ രണ്ടാമനായി ഫോര്‍ട്ട് കൊച്ചിയില്‍ ജനിച്ച യേശുദാസിനെ സംഗീതത്തിന്റെ വഴിയേ കൈപിടിച്ച് നടത്തിയത് അച്ഛന്‍ തന്നെയായിരുന്നു. അച്ഛന്‍ പാടിക്കൊടുത്ത പാഠങ്ങള്‍ മനസ്സില്‍ ധ്യാനിച്ച യേശുദാസ് 1949-ല്‍ ഒമ്പതാം വയസ്സില്‍ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു.
പിന്നീട് തിരുവനന്തപുരത്തെ സ്വാതിതിരുനാള്‍ കോളേജ് ഓഫ് മ്യൂസിക്, തൃപ്പൂണിത്തുറ ആര്‍. എല്‍. വി സംഗീത കോളജ് എന്നിവിടങ്ങളില്‍ നിന്നായി സംഗീത പഠനം. എന്നാല്‍ ഗാനഭൂഷണം പാസായ ശേഷം ആകാശവാണി നടത്തിയ ശബ്ദ പരിശോധനയില്‍ പങ്കെടുത്ത യേശുദാസ് അവിടെ പരാജയപ്പെട്ട ചരിത്രവുമുണ്ട്. സംഗീതം നിരന്തര സാധനയാക്കാനുറച്ച ഈ ഗായകന്‍ കര്‍ണ്ണാടക സംഗീതത്തിലെ മുടിചൂടാ മന്നനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴില്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. 1974-ല്‍ ചെമ്പൈയുടെ മരണം വരെ ഇതു തുടര്‍ന്നു പോന്നു.
സിനിമയില്‍ പിന്നണി ഗായകനായി യേശുദാസ് തുടക്കമിടുന്നത് കെ. എസ് ആന്റണി സംവിധാനം ചെയ്ത് 1961-ല്‍ പുറത്തിറങ്ങിയ 'കാല്‍പ്പാടുകള്‍' എന്ന സിനിമയില്‍ 'ജാതിഭേദം മതദ്വേഷം' എന്നു തുടങ്ങുന്ന ഗുരുദേവകീര്‍ത്തനം ആലപിച്ചുകൊണ്ടാണ്.
പിന്നീട് യേശുദാസിന് ഒരു തിരിഞ്ഞുനോട്ടമുണ്ടായിട്ടില്ല. ഗാനഗന്ധര്‍വന്‍ എന്ന് മലയാളികള്‍ സ്‌നേഹത്തോടെ വിളിക്കുന്ന മലയാളത്തിന്റെ സ്വന്തം ദാസേട്ടന്‍ ഇന്ത്യന്‍ പിന്നണി ഗാന രംഗത്തെ തന്നെ അതുല്യനായി ഇന്നും തുടരുന്നു. 2017- ല്‍ രാജ്യം പത്മവിഭൂഷണും, 2002-ല്‍ പത്മഭൂഷണും, 1973-ല്‍ പത്മശ്രീ നല്‍കിയും ആദരിച്ചു.