മലയാള സിനിമയുടെ അപൂർവ്വ ഭാഗ്യമായിരുന്നു ശ്രീവിദ്യ. അഭിനയിച്ച വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാക്കി ഈ അനുഗ്രഹീത നടിക്ക് അഭിനയത്തിൽ പലതും എത്തിപിടിക്കാൻ കഴിഞ്ഞെങ്കിലും ജീവിതത്തിൽ പലതും നേടാനായില്ല.1969 ൽ പുറത്തിറങ്ങിയ 'ചട്ടമ്പികവല' എന്ന ചിത്രത്തിൽ സത്യന്റെ നായികയായെത്തിയ ശ്രീവിദ്യ
അഭിനയ മികവുകൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപോലെ അവർ പ്രേക്ഷകരെ ആകർഷിച്ചു. 'സൊല്ലത്താൻ നിനിക്കിറേനും' 'അപൂർവ രാഗങ്ങളും' ഹിറ്റായതോടെ തമിഴും ശ്രീവിദ്യയുടെ തട്ടകമായി. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ജീവിതം ഒരു ഗാനം, രചന, ആദാമിന്റെ വാരിയെല്ല്, എന്റെ സൂര്യപുത്രിക്ക്, ദൈവത്തിന്റെ വികൃതികൾ, പഞ്ചവടിപ്പാലം തുടങ്ങിവയെല്ലാം ശ്രീവിദ്യയുടെ അഭിനയത്തികവ്് തെളിഞ്ഞ സിനിമകളാണ്. അഭിനയത്തിൽ വെന്നിക്കൊടി പായിച്ച നടി പക്ഷേ പ്രണയത്തിലും വിവാഹത്തിലും ഒക്കെ പരാജയപ്പെട്ടുപോയി. ഇപ്പോൾ ജോൺ പോൾ ശ്രീദേവിയും ഭരതനും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്.
ശ്രീവിദ്യയുമായി ഏറ്റവുമധികം ചേർത്തുവായിച്ച പേര് നടൻ കമൽഹാസന്റേതായിരുന്നു. എന്നാൽ കമൽഹാസനല്ല ശ്രീവിദ്യയ്ക്ക് ആരോടെങ്കിലും ആത്മാർത്ഥമായി പ്രണയം തോന്നിയിട്ടുണ്ടെങ്കിൽ അത് സംവിധായകൻ ഭരതനോട് മാത്രമായിരുന്നെന്ന് പറയുകയാണ് അവരുടെ സഹൃത്തും തിരക്കഥാകൃത്തുമായ ജോൺപോൾ. സഫാരി ചാനലിലാണ് ശ്രീവിദ്യയും ഭരതനും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കിയത്.
ജോൺപോളിന്റെ വാക്കുകൾ
'ദേഹീദേഹങ്ങളെ ലയിപ്പിച്ചുകൊണ്ട് ശ്രീവിദ്യയ്ക്ക് ആരോടെങ്കിലും ഒരു അനുരാഗ ബന്ധം ഉണ്ടായിരുന്നുവെങ്കിൽ അത് ഭരതനോട് മാത്രമായിരുന്നു. ഒരിക്കലും ഒരു ദാമ്പത്യത്തിന്റെ സാഫല്യത്തിലേക്കെത്തുവാനുള്ളതല്ല തങ്ങൾ തമ്മിലുള്ള ആഭിമുഖ്യം എന്നറിഞ്ഞുകൊണ്ട്, ഒരുതരത്തിലുമുള്ള ജീവിത വ്യവസ്ഥിതികളിലും തളയ്ക്കപ്പെടാതെ പ്രണയത്തിന്റെ ഫലം പ്രണയം മാത്രം എന്ന് തിരിച്ചറിഞ്ഞുകൊണ്ട് അന്യോന്യം പ്രണയവർഷം ചൊരിഞ്ഞവരായിരുന്നു ഭരതനും ശ്രീവിദ്യയും.
ഭരതന്റെ ജീവിത്തിലെ പങ്കാളി ലളിതയാണെന്നും, ആ കുഞ്ഞുങ്ങൾക്കമ്മ ലളിതയാണെന്നും, അവരുടെ ജീവിതത്തിന്റെ ഭദ്രതയാണ് ഭരതന്റെ ഊർജത്തിന്റെ പുറകിലെ സ്രോതസ്സെന്നും ഏറ്റവും കൂടുതൽ തിരിച്ചറിഞ്ഞിരുന്നതും ശ്രീവിദ്യയാണ്. അതുകൊണ്ടുതന്നെയാണ് ലളിതയും വിദ്യയും ഏറ്റവും നല്ല ചങ്ങാതിമാരായി തീർന്നതെന്നും ജോൺ പോൾ പറയുന്നു.
ശ്രീവിദ്യയും ഭരതനും തമ്മിലുള്ള പ്രണയബന്ധത്തേക്കുറിച്ച് തനിക്ക് എല്ലാം അറിയാമായിരുന്നു എന്ന് കെ പി എ സി ലളിത നേരത്തെ പറഞ്ഞിരുന്നു, ഭരതനും ശ്രീവിദ്യയും വിവാഹിതരാകുമെന്ന് ഒരുകാലത്ത് താൻ വിശ്വസിച്ചിരുന്നു കെ പി എ സി ലളിത പറഞ്ഞിരുന്നു.ഭരതേട്ടനും ശ്രീവിദ്യയുമായി മുടിഞ്ഞ പ്രണയമായിരുന്നു. ചെന്നൈയിൽ എന്റെ വീടിന്റെയടുത്ത് താമസിച്ചുകൊണ്ടിരിക്കുമ്പോൾ ശ്രീവിദ്യയ്ക്ക് ഫോൺ ചെയ്യാനായി ഭരതേട്ടൻ വീട്ടിൽ വരാറുണ്ടായിരുന്നു. അവരുടെ പ്രണയത്തേക്കുറിച്ച് എനിക്കറിയും പോലെ മറ്റാർക്കുമറിയില്ല. ഭരതൻ - വിദ്യ ബന്ധം കലങ്ങിയത് അപ്രതീക്ഷിതമായായിരുന്നുവെന്നും നടി പറഞ്ഞിരുന്നു.
2006 ഒക്ടോബർ 19നാണ് ശ്രീവിദ്യ അന്തരിച്ചത്. മുന്നൂറിലധികം സിനിമകളിൽ അഭിനയിച്ച ശ്രീവിദ്യ നാലു തവണ സംസ്ഥാന പുരസ്‌ക്കാരത്തിന് അർഹയായിരുന്നു. നാലു പതിറ്റാണ്ടു കാലമായി മലയാള സിനിമയിൽ നിറഞ്ഞു നിന്ന അഭിനയപ്രതിഭയെ ഒടുവിൽ അർബുദം എന്ന മഹാവ്യാധി കവർന്നെടുക്കുകയായിരുന്നു