പൊതുവേദികളിലും മാധ്യമങ്ങള്‍ക്ക് മുമ്പിലും ദേഷ്യം കാണിക്കാറുള്ള നടിയാണ് അമിതാബിന്റെ പത്‌നി ജയ ബച്ചന്‍. പലപ്പോഴും മാ്ധ്യമങ്ങളും ഫോട്ടോഗ്രാഫര്‍മാരും ജയയുടെ കോപത്തിന് ഇരയാകേണ്ടി വന്നിട്ടുമുണ്ട്. ഇപ്പോളിതാ വീണ്ടും ജയ ഫോട്ടോഗ്രാഫര്‍മാരോട് രോഷത്തോടെ സംസാരിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്.
മരണവീടിന് മുന്നില്‍ കാത്തുനിന്ന് തന്റെയും മകളുടെയും ഫോട്ടോ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍മാരെയാണ് നടി ശകാരിച്ചത്. ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ അച്ഛന്റെ നിര്യാണത്തെത്തുടര്‍ന്ന് മുംബൈയിലെ അവരുടെ വസതിയില്‍ മകള്‍ ശ്വേത ബച്ചന്‍ നന്ദയ്‌ക്കൊപ്പം എത്തിയതായിരുന്നു ജയ ബച്ചന്‍. മൃതദേഹം കണ്ടതിനുശേഷം വീട്ടില്‍നിന്ന് ഇറങ്ങിവരുമ്പോഴാണ് പുറത്ത് കൂടിനിന്ന ഫോട്ടോഗ്രാഫര്‍മാരെ കണ്ടത്.
തന്റെ ഫോട്ടോ പകര്‍ത്താന്‍ തിരക്ക് പിടിച്ച ഫോട്ടോഗ്രാഫര്‍മാരെ കണ്ട് അതൃപ്തയായ ജയ ബച്ചന്‍ അവരോട് പൊട്ടിത്തെറിക്കുകയായിരുന്നു. ''നിങ്ങള്‍ക്ക് മാന്യതയുണ്ടോ? സാഹചര്യം എന്താണെന്നു ചിന്തിക്കുന്നുണ്ടോ? ഇതുപോലൊരു സാഹചര്യം നിങ്ങളുടെ വീട്ടിലാണ് ഉണ്ടാകുന്നതെങ്കില്‍ നിങ്ങളെങ്ങനെയാണ് പ്രതികരിക്കുക എന്നതെനിക്ക് കാണണം''- ജയ ബച്ചന്‍ ഫോട്ടോഗ്രാഫര്‍മാരോട് പറഞ്ഞു. തുടര്‍ന്ന് ശ്വേതയെയും കൂട്ടി ജയ കാറില്‍ കയറി പോകുകയായിരുന്നു.