ഒറ്റ കണ്ണിറുക്കലിലൂടെ ആഗോള തലത്തില്‍ പ്രശസ്തയായ നടി പ്രിയ പ്രകാശ് വാര്യരുടെ ഹിന്ദിയിലെ കന്നി ചിത്രമായ ശ്രീദേവി ബംഗ്ലാവാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തിലടക്കം ചൂടേറിയ ചര്‍ച്ചയായിരിക്കുന്നത്. ഇത് അന്തരിച്ച നടി ശ്രീദേവിയെ കുറിച്ചുള്ള സിനിമയാണെന്ന പ്രചരണമാണ് ട്രെയിലര്‍ പുറത്ത് വന്നപ്പോള്‍ മുതല്‍ ചൂടുപിടിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ അണിയറ പ്രവര്‍ത്തകരില്‍ നിന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഈ അവസരത്തിലാണ് ചിത്രത്തെ കുറിച്ച് ശ്രീദേവിയുടെ മകളും ബോളിവുഡ് താരവുമായ ജാന്‍വിയോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യമുന്നയിച്ചത്. കാര്യം പിടികിട്ടാതിരുന്ന ജാന്‍വി പകച്ച് നിന്നു പോയതും ഏറെ ചര്‍ച്ചകള്‍ക്ക് വഴി വച്ചു.
ജാന്‍വി പങ്കെടുത്ത ഒരു പുരസ്‌കാര ചടങ്ങിനിടെയാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ ജാന്‍വിയോട് ചോദ്യമുന്നയിച്ചത്. ഉടന്‍ തന്നെ ജാന്‍വിയുടെ മാനേജര്‍ വന്ന് ഇവരോട് മാറി നില്‍ക്കുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ജാന്‍വിയോട് വേദി വിട്ട് പോകണമെന്നും അവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സംഭവത്തില്‍ പ്രതികരിക്കാനാകാതെ ജാന്‍വി അവിടെ നിന്നും പുറത്ത് പോയി. അതേസമയം, ചിത്രം പുറത്തിറങ്ങാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ശ്രീദേവി ബംഗ്ലാവിനെതിരേ ബോണി കപൂര്‍ നേരത്തേ രംഗത്ത് വന്നിരുന്നു.
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ശ്രീദേവി എന്നത് ഒരു പേര് മാത്രമാണെന്നും അത് മാറ്റാന്‍ സാധിക്കില്ലെന്നുമാണ് പ്രശാന്ത് മാമ്പുള്ളിയുടെ പ്രതികരണം. ഈ ചിത്രം ഒരു സസ്പെന്‍സ് ത്രില്ലറാണെന്നും ശ്രീദേവിയുടെ കഥയാണോ അല്ലയോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.