കേരളത്തെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ നിപ കാലത്തിന്റെ കഥ പറയുന്ന വൈറസ് അണിയറയിൽ ഒരുങ്ങുകയാണ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോളിതാ ചിത്രത്തിന് ആശംസയുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ. ആശംസയറിയിച്ചുള്ള ട്വീറ്റിൽ നിപ സമയത്ത് താൻ കോഴിക്കോട് ഉണ്ടായിരുന്നുന്നെന്നും പത്താൻ പറയുന്നു.
'നിപ വൈറസ് പൊട്ടിപ്പുറപ്പെട്ട സമയത്ത് ഞാൻ കോഴിക്കോട് ഉണ്ടായിരുന്നു. അത് വളരെ പേടിപ്പെടുത്തുന്ന അവസ്ഥയായിരുന്നു. സ്വാർത്ഥതയില്ലാത്ത പോരാട്ടത്തിന്റെ കഥ പറയുന്ന വൈറസ് സിനിമാ ടീമിന് എല്ലാ ആശംസകളും.' പത്താൻ ട്വിറ്ററിൽ ചിത്രത്തിന്റെ ട്രെയിലർ പങ്കുവെച്ച് കുറിച്ചു. നേരത്തെ മോഹൻലാൽ ചിത്രം ലൂസിഫറിനും ഇന്ദ്രജിത്തിനും ആശംസയുമായി പത്താൻ രംഗത്തെത്തിയിരുന്നു. ഇർഫാന്റെ ആശംസക്ക് നന്ദി അറിയിച്ച് ആഷിഖും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ആഷിഖ് അബുവും ഭാര്യ റിമ കല്ലിങ്കലും ചേർന്നാണ് വൈറസ് നിർമ്മിക്കുന്നത്. സുഡാനി ഫ്രം നൈജീരിയയുടെ തിരക്കഥയൊരുക്കിയ മുഹ്സിൻ പരാരിയും സുഹാസ് ഷറഫുമാണ് വൈറസിന്റെ തിരക്കഥയെഴുതിയത്. രാജീവ് രവിയാണ് ക്യാമറ. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, രേവതി, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, റിമ കല്ലിങ്കൽ, ആസിഫ് അലി, പാർവതി, രമ്യ നമ്പീശൻ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, ചെമ്പൻ വിനോദ് തുടങ്ങി വൻ താരനിരയാണ് അണി നിരക്കുന്നുന്നത്.