ഡബ്ല്യു.സി.സിയും അമ്മയും തമ്മിലുള്ള പോര് മുറുകുമ്പോള്‍ അത്ര നല്ല കാര്യങ്ങളല്ല സിനിമാ മേഖലയില്‍ നിന്നും കേള്‍ക്കുന്നത്. അമ്മക്കും മുന്‍നിര നടന്‍മാര്‍ക്കുമെതിരായി നടിമാര്‍ രംഗത്തെത്തുമ്പോള്‍ എന്ത് വില കൊടുത്തും അവരെ തടയാനാണ് അമ്മയുടെയും സിനിമാരംഗത്തെ അതികായരുടെയും തീരുമാനം. എന്ത് സംഭവിച്ചാലും മലയാള സിനിമയില്‍ പെണ്ണിന്റെ ഒച്ച ഉയരില്ലെന്ന് ഉറപ്പിക്കാനുള്ള സര്‍വ്വ അടവും ഇവര്‍ പയറ്റാനൊരുങ്ങുകയാണ്.
ദിലീപിനെ പിന്തുണയ്ക്കുന്ന അമ്മയ്ക്കെതിരെ ആഞ്ഞടിച്ചും സിനിമാ രംഗത്തെ പുഴുക്കുത്തുകളെ തുടച്ചു നീക്കാനും ശുദ്ധീകരിക്കാനുമുള്ള തീരുമാനമായിട്ടാണ് കഴിഞ്ഞ ദിവസം ഡബ്യുസിസി വാര്‍ത്താസമ്മേളനം വിളിച്ചത്. സ്ത്രീകള്‍ സിനിമാരംഗത്ത് പീഡിപ്പിക്കപ്പെടുന്നുവെന്ന് ഉറക്കെ പറഞ്ഞ നടിമാര്‍ അര്‍ച്ചന പത്മിനി എന്ന സഹനടിയെയും മീ ടു ആരോപണത്തിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്തിയിരുന്നു. ഇതിനിടയില്‍ നടി രേവതി വര്‍ഷങ്ങള്‍ക്ക് മുമ്പൊരു സിനിമാ സെന്റില്‍ തന്റെ വാതിലില്‍ ഒരു പെണ്‍കുട്ടി രക്ഷിക്കണമെന്ന് പറഞ്ഞ് മുട്ടിവിളിച്ചത് പറഞ്ഞിരുന്നു.
എന്നാല്‍ രേവതി ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ രേവതിക്ക് സമ്മര്‍ദ്ദമേറിയിരുന്നെങ്കിലും അത് ഉന്നതരുടെ ഇടപെടലില്‍ ഇല്ലാതായിയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ദേവാസുരം സിനിമയിലാണ് ഈ പീഡനം നടന്നതെന്നാണ് പലരും പറയുന്നത്. എന്നാല്‍ ഒരു പ്രമുഖ നിര്‍മ്മാതാവിന്റെയും, എറണാകുളത്തെ സംവിധായകന്റെയും നേതൃത്വത്തില്‍ രേവതിയുമായി അനുരജ്ഞന ചര്‍ച്ചകള്‍ നടന്നുവെന്നും മറ്റു വിശദാംശങ്ങള്‍ ഇനി പുറത്തുപറയില്ല എന്ന ഉറപ്പും ലഭിച്ചെന്നാണ് സൂചന.
അതേസമയം എന്ത് വില കൊടുത്തും നടിമാരുടെ വായടപ്പിക്കാനുള്ള തന്ത്രങ്ങളും അണിയറയില്‍ ഇവര്‍ പ്രയോഗിക്കുന്നുണ്ട്. സിനിമാ മേഖലയിലെ പല നടിമാരുടെയും മൊബൈല്‍ ക്ലിപ്പുകള്‍ പുറത്തുവിടുമെന്ന ഭീഷണി ഉള്‍പെടെയാണ് എതിര്‍വിഭാഗം ഉയര്‍ത്തുന്നതെന്നാണ് സിനിമാരംഗത്തുള്ളവര്‍ പറയുന്നത്. അതേസമയം ഡബ്ല്യു. സി. സി. അംഗങ്ങള്‍ തങ്ങള്‍ക്കു സിനിമ കിട്ടാന്‍ ബ്ലാക്മെയില്‍ തന്ത്രമാണ് പയറ്റുന്നതെന്ന് അമ്മ ഭാരവാഹികള്‍ പറയുന്നു. ഗുണ്ടകളെ ഉപയോഗിച്ച് നടിമാരെ ഭീഷണിപ്പെടുത്താനും എതിരാളികള്‍ ശ്രമിക്കുന്നുണ്ട്. അതേസമയം നടിമാര്‍ക്കെതിരെ കടുത്ത നിലപാടുകള്‍ അമ്മ എടുക്കുന്നതിനോട് മമ്മൂട്ടിക്ക് എതിര്‍പ്പാണ്.
പൃഥിരാജിനും ഇതേ അഭിപ്രായമാണ് ഉള്ളത്. മുമ്പും പൃഥി പരസ്യമായി നടിമാര്‍ക്ക് പിന്തുണ നല്‍കിയിരുന്നു. പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം യുവനടന്‍മാര്‍ തങ്ങളുടെ പിന്തുണ പാര്‍വ്വതിയെ അറിയിച്ചു കഴിഞ്ഞിരിക്കുകയാണ്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ അമ്മയില്‍ ഉടന്‍ ഒരു പൊട്ടിത്തെറിയും പിളര്‍പ്പും സിനിമാ മേഖലയിലെ പലരും പ്രവചിച്ചുകഴിഞ്ഞു.