Latest News

അതിഥി തൊഴിലാളി ട്രെയിനില്‍ തള്ളിയിട്ട് കൊന്ന ടിടിഇ വിനോദ് സിനിമാ നടന്‍; 14ലധികം സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത നടന്റെ വേര്‍പാടില്‍ കുറിപ്പുമായി സീമാ ജി നായരടക്കം താരങ്ങള്‍

Malayalilife
 അതിഥി തൊഴിലാളി ട്രെയിനില്‍ തള്ളിയിട്ട് കൊന്ന ടിടിഇ വിനോദ് സിനിമാ നടന്‍; 14ലധികം സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത നടന്റെ വേര്‍പാടില്‍ കുറിപ്പുമായി സീമാ ജി നായരടക്കം താരങ്ങള്‍

തൃശൂര്‍ വെളപ്പായയില്‍ ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊന്നുതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിയായ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. എറണാകുളം-പട്ന എക്‌സ്പ്രസിലാണ് സംഭവം നടന്നത്. ടിക്കറ്റ് ചോദിച്ചതിന്റെ പകയിലാണ് അതിഥി തൊഴിലാളിയായ യാത്രക്കാരന്‍ ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടത്. മൃതദേഹം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ടിക്കറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തടുര്‍ന്ന് വിനോദിനെ രജനികാന്ത് ട്രെയിനില്‍നിന്ന് തള്ളിയിടുകയായിരുന്നു. ഷൊര്‍ണൂരില്‍നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുന്ന ട്രാക്കിലേക്കായിരുന്നു വിനോദ് വീണത്. മൃതദേഹം ചിന്നിച്ചിതറിയ നിലയിലാണ്. പല ശരീരഭാഗങ്ങളും മാറിയാണ് കിടന്നിരുന്നത്. വിനോദ് ട്രാക്കിലേക്ക് വീണതിന് പിന്നാലെ മറ്റൊരു ട്രെയിന്‍ അതുവഴി പോയിട്ടുണ്ടാകാമെന്ന് ആര്‍.പി.എഫ്. സംശയം പ്രകടിപ്പിച്ചു. പിടികൂടുമ്പോള്‍ രജനീകാന്ത് മദ്യലഹരിയിലായിരുന്നു. പാലക്കാട് ആര്‍.പി.എഫിലെ ഉദ്യോഗസ്ഥര്‍ ട്രെയിനില്‍നിന്ന് തന്നെ ഇയാളെ പിടികൂടിയിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി ഇയാളെ തൃശ്ശൂര്‍ പൊലീസിന് കൈമാറി. രജനീകാന്ത് ലഹരിക്കടിമയാണെന്നാണ് പ്രാഥമിക നിഗമനം.

സിനിമ നടന്‍കൂടിയാണ് കൊല്ലപ്പെട്ട കെ വിനോദ്. നല്ല നിലാവുള്ള രാത്രി എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ജോസഫ്, പുലിമുരുകന്‍, ആന്റണി എന്നീ സിനിമകളിലും ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ബാലാമണി എന്ന സീരിയലിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്
ആഷിഖ് അബുവിന്റെ മമ്മൂട്ടി ചിത്രം ഗാങ്സ്റ്ററിലൂടെ സിനിമയിലെത്തിയ വിനോദ്, 15-ഓളം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വിനോദ് കണ്ണന്‍ എന്ന പേരിലാണ് ഇദ്ദേഹം സിനിമ ലോകത്ത് അറിയപ്പെടുന്നത്. മോഹന്‍ലാലിന്റെ മിസറ്റര്‍ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, പുലിമുരുകന്‍, ഒപ്പം എന്നീ ചിത്രങ്ങളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 

ആദ്യ സിനിമയുടെ സംവിധായകന്‍ ആഷിഖ് അബു വിനോദിന്റെ സഹപാഠിയാണ്. ഒപ്പം സിനിമയില്‍ ഡിവൈ.എസ്പിയുടെ വേഷമാണ് വിനോദ് ചെയ്തത്. ഹൗ ഓള്‍ഡ് ആര്‍ യൂ, മംഗ്ലീഷ്, വിക്രമാദിത്യന്‍, കസിന്‍സ്, വില്ലാളിവീരന്‍, വിശ്വാസം അതല്ലേ എല്ലാം, അച്ഛാ ദിന്‍, ലവ് 24ഃ7, രാജമ്മ @ യാഹൂ, നല്ല നിലാവുള്ള രാത്രി എന്നീ ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചു.

നാന സിനിമ വാരികയില്‍ ഉള്‍പ്പെടെ വിനോദിനെ കുറിച്ച് കുറിപ്പുകള്‍ വന്നിട്ടുണ്ട്. ചെറുപ്പംമുതലേ അഭിനയത്തില്‍ അതീവ തത്പരനായിരുന്നു വിനോദ്. നാടകമായിരുന്നു ഇഷ്ട ഇനം.

വിനോദിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസ്. വിനോദിന്റെ മരണവിവരം അറിഞ്ഞ് ഞെട്ടിയെന്നാണ് സാന്ദ്ര  പ്രതികരിച്ചത്..എന്റെ നല്ല നിലാവുള്ള രാത്രിയില്‍ എന്ന സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രം ചെയ്ത വ്യക്തിയാണ് വിനോദ്. വാര്‍ത്ത കണ്ടിട്ട് ഞാന്‍ ഷോക്കായി നില്‍ക്കുകയാണ്.
ഒരു മാസം മുന്‍പും ടിക്കറ്റിന്റെ കാര്യത്തിനായി വിനോദിനെ വിളിച്ച് സംസാരിച്ചതാണ്. ഇനിയൊരു സിനിമ വരുകയാണെങ്കില്‍ അവസരം തരണമെന്ന് പറഞ്ഞിരുന്നു...

സീമാ ജി നായര്‍ കുറിച്ചതിങ്ങനെയാണ്: ആദരാഞ്ജലികള്‍ വിനോദ് ..ശുഭദിനം എന്നോ ..ഗുഡ്‌മോര്‍ണിംഗ് എന്നോ ..നമസ്‌ക്കാരം എന്നോ പറയാന്‍ സാധിക്കുന്നില്ല ..നമ്മുടെ കേരളത്തില്‍ എന്താണ് സംഭവിക്കുന്നത് ..ടിക്കറ്റ് ചോദിച്ചതിന്റെ പേരില്‍ ടി ടി യെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു കൊല്ലുക ..പട്ടി ഒന്ന് കുരച്ചാല്‍ അതിന്റെ പേരില്‍ ജഡ്ജിന്റെ ഡ്രൈവറായിരുന്ന ആളെ അടിച്ചും ഇടിച്ചും കൊല്ലുക .കഴിഞ്ഞ ദിവസം കോതമംഗലത്തിനടുത്തു ഒരു അമ്മയെ കൊല്ലുക ..ഇപ്പോള്‍ കേരളത്തിലെ ആളുകളുടെ ജീവന്റെ വില തീരുമാനിക്കുന്നത് അന്യ സംസ്ഥാന തൊഴിലാളികള്‍ ആണോ ..കുറച്ചുനാളുകള്‍ മുന്നേ ആലുവയില്‍ പിഞ്ചു കുഞ്ഞിന് നേരെ നടന്ന ക്രൂരമായആക്രമണം ഇപ്പോളും മനസ്സില്‍ നിന്ന് പോകുന്നില്ല ..ഓരോ ജീവനും മറ്റുള്ളവരുടെ അനാസ്ഥയില്‍ പൊലിയുമ്പോള്‍ ..ആ കുടുംബത്തില്‍ ജീവിച്ചിരിക്കുന്ന ,ജീവശ്ചവങള്‍ ആയി മാറുന്ന ചിലര്‍ ഉണ്ടാവും ..അവരെ അമ്മയെന്നോ ,ഭാര്യയെന്നോ ,മക്കളെന്നോ ,അച്ഛനെന്നോ പേരിട്ടു വിളിക്കാം ..അനുശോചങ്ങളുടെയും ..ആദരാഞ്ജലികളുടെയും കാലം കഴിഞ്ഞാല്‍ ..ഇതും എല്ലാരും മറക്കും ..നെഞ്ചില്‍ ഉമിത്തീയായി ഈ ഓര്‍മകളും പേറി ജീവിക്കുന്നവരുടെ ജീവിതം ..അതാണ് ശരിക്കും ജീവിതം ..??

 

Read more topics: # കെ വിനോദ്
vinod tte death

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES