ചലച്ചിത്ര സംവിധായകന്‍ വത്സന്‍ കണ്ണേത്ത് (73) അന്തരിച്ചു. സംസ്‌കാരം എറണാകുളം പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നടത്തി.
1985 ല്‍ റിലീസ് ചെയ്ത 'എന്റെ നന്ദിനിക്കുട്ടി' എന്ന ചിത്രത്തിന്റെ സംവിധായകനാണ്. എസ്എല്‍ പുരം സദാനന്ദന്റെ രചനയില്‍ വത്സന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ പ്രേംനസീര്‍, വേണു നാഗവള്ളി, ശങ്കരാടി, ഇന്നസെന്റ്, സത്യകല, ജലജ, കവിയൂര്‍ പൊന്നമ്മ എന്നിവരാണ് മുഖ്യവേഷങ്ങളില്‍ എത്തിയത്.
എഴുപതുകളില്‍ തിരുവനന്തപുരം മെരിലാന്റ് സ്റ്റുഡിയോയില്‍ നിര്‍മ്മാതാവും സംവിധായകനുമായ പി. സൂബ്രഹ്മണ്യത്തിന്റെ കീഴില്‍ തന്റെ സിനിമാ ജീവിതം ആരംഭിച്ച വത്സന്‍ പിന്നീട് എം.കൃഷ്ണന്‍ നായര്‍, ശശികുമാര്‍, എ. ഭീംസിംഗ്, പി.എന്‍. സുന്ദരം, തോപ്പില്‍ ഭാസി, ലിസ ബേബി തുടങ്ങിയ സംവിധായകരുടെ കീഴില്‍ അമ്പതോളം സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു.
അടൂര്‍ ഭാസി സംവിധാനം ചെയ്ത 'ആദ്യപാഠ'ത്തിന്റെ സഹസംവിധായകനായിരുന്നു. പ്രശസ്ത സംവിധായകന്‍ മോഹന്റെ ആദ്യകാല ചിത്രങ്ങളില്‍ മുഖ്യ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. നടനും നിര്‍മ്മാതാവുമായ ഇന്നസെന്റ്, ഡേവിഡ് കാച്ചപ്പിള്ളി എന്നിവരോടൊപ്പം വിവിധ ചലച്ചിത്ര സംരംഭങ്ങളില്‍ പങ്കാളിയായിട്ടുണ്ട്.
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനം പൂര്‍ത്തിയാക്കിയ വത്സന്‍, എഴുപതുകളില്‍ തിരുവനന്തപുരം മെരിലാന്റ് സ്റ്റുഡിയോയില്‍, നിര്‍മാതാവും സംവിധായകനുമായ പി സുബ്രഹ്മണ്യത്തിന്റെ കീഴിലായിരുന്നു സിനിമാ ജീവിതത്തിന് തുടക്കം കുറിച്ചത്. എം കൃഷ്ണന്‍ നായര്‍, ശശികുമാര്‍, എ ഭീംസിങ്, പി എന്‍ സുന്ദരം, തോപ്പില്‍ ഭാസി, ലിസ ബേബി തുടങ്ങിയ സംവിധായകരുടെ കീഴില്‍ അമ്പതോളം സിനിമകളില്‍ സംവിധാന സഹായിയായിരുന്നു.
എറണാകുളം പുത്തന്‍കുരിശ് മാളിയേക്കല്‍ കണ്ണേത്ത് ഇട്ടന്‍ കുരിയന്റെയും വിത്തമ്മയുടെയും മകനാണ്. ഭാര്യ വെണ്ണിക്കുളം തുര്‍ക്കടയില്‍ വത്സ, മകന്‍ അരുണ്‍ കണ്ണേത്ത്, മരുമകള്‍ നീതു.