രജനീകാന്ത് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് 'ദര്‍ബാര്‍'. എ ആര്‍ മുരുഗദോസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. തമിഴകത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍ താരയും ചിത്രത്തില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം ദര്‍ബാറിന്റെ ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുകയാണ്. എന്നാലിപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത ചിത്രീകരണം നടക്കുന്ന കോളേജില്‍ വിദ്യാര്‍ത്ഥികളുടെ കല്ലേറിനെ തുടര്‍ന്ന് ഷൂട്ടിങ് തടസ്സപ്പെട്ടുവെന്നാണ്.
ഷൂട്ടിങ് നടക്കുന്ന കോളജില്‍ സിനിമാ ചിത്രീകരണ സംഘം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ കല്ലെറിഞ്ഞപ്പോഴാണ് ചിത്രീകരണം തടസ്സപ്പെട്ടത്.ചിത്രീകരണത്തിന്റെ ഫോട്ടോകളും വീഡിയോകളും പകര്‍ത്തുന്നത് ചിത്രീകരണ സംഘം തടഞ്ഞിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കെട്ടിടങ്ങളുടെ മുകളില്‍നിന്നു വിദ്യാര്‍ത്ഥികള്‍ കല്ലുകള്‍ എറിഞ്ഞു.
കല്ലുകളില്‍ ചിലത് ക്രൂവിന്റെ ശരീരത്തില്‍ പതിക്കുകയും ചെയ്തു. സംഭവത്തില്‍ സംവിധായകന്‍ എ.ആര്‍. മുരുഗദോസ് സ്‌കൂള്‍ മാനേജ്മെന്റിനോടു പരാതിപ്പെട്ടു. ചിത്രത്തിന്റെ ഷൂട്ടിങ് ഈ കോളജില്‍ നിന്നും മാറ്റാനാണ് നിര്‍മ്മാതാക്കള്‍ ആലോചിക്കുന്നതെന്നാണ് സൂചന.
'ദര്‍ബാറി'ല്‍ നയന്‍താരയാണ് നായികയായി എത്തുന്നത്. രജനിയുടെ 16ആം ചിത്രമാണിത്. ഇതാദ്യമായാണ് രജനിയും മുരുഗദോസും ഒന്നിക്കുന്നത്. എസ്.ജെ. സൂര്യ വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നു.1992ല്‍ പുറത്തിറങ്ങിയ 'പാണ്ഡ്യന്‍' എന്ന സിനിമയിലാണ് രജനി അവസാനമായി പൊലീസ് വേഷത്തില്‍ എത്തിയത്. സിനിമയെക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
പേട്ടക്ക് ശേഷം വലിയ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ദര്‍ബാര്‍. 25 വര്‍ഷത്തിന് ശേഷമാണ് രജനീകാന്ത് പൊലീസ് ഓഫിസറുടെ വേഷത്തില്‍ അഭിനയിക്കുന്നത്. 2020ല്‍ ചിത്രം റിലീസ് ചെയ്യും.