നീണ്ട 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു രജനി ചിത്രം പൊങ്കല്‍ റിലീസായി തീയ്യേറ്ററുകളിലെത്തിയത്. ആരാധകപ്രതീക്ഷകളെ നിരാശയിലാഴ്ത്താതെയാണ് രജനീകാന്ത് ചിത്രം 'പേട്ട'യുടെ കുതിപ്പ്. ആരാധകര്‍ മാത്രമല്ല, വലിയ താരനിര തന്നെയാണ് ചിത്രം കാണാനെത്തിയത്.
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഏറെക്കാലത്തിന് ശേഷം പഴയ ക്രൗഡ് പുള്ളര്‍ രജനിയെ കാണാനായെന്നാണ് പ്രേക്ഷകാഭിപ്രായം. റിലീസ്ദിനം മുതല്‍ ചിത്രത്തിന് വന്‍ മൗത്ത് പബ്ലിസിറ്റിയും ലഭിച്ചു.ചിത്രത്തിന് ലഭിക്കുന്ന വലിയ പ്രതികരണത്തിന് പിന്നാലെയുള്ള രജനീകാന്തിന്റെ പ്രതികരണമാണിത്.
പഴയ രജനി സ്റ്റൈല്‍ സ്‌ക്രീനില്‍ തിരിച്ചത്തിയതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള രജനിയുടെ മറുപടി ഇങ്ങനെ.. 'അതെല്ലാം കാണികള്‍ക്ക് (മക്കള്‍ക്ക്) ഇഷ്ടപ്പെടുന്നുണ്ട്. അവര്‍ക്ക് അത് ഇഷ്ടപ്പെട്ടതില്‍ വലിയ സന്തോഷം. അവരെ സന്തോഷപ്പെടുത്തുക എന്നതാണ് നമ്മുടെ തൊഴില്‍. (അവങ്കളുക്ക് അത് സന്തോഷപ്പെടുത്തറ്ത് താന്‍ നമ്മ വേലെ). അവര്‍ക്ക് സന്തോഷമെങ്കില്‍ നമുക്കും സന്തോഷം.'
സിനിമ മികച്ച അഭിപ്രായം നേടുന്നതിനെക്കുറിച്ചുള്ള കൂടുതല്‍ ചോദ്യങ്ങള്‍ക്ക് അതിന്റെ ക്രെഡിറ്റ് സംവിധായകന് നല്‍കുന്നു എന്ന് രജനീകാന്ത് പറഞ്ഞു. അതിന്റെ ക്രെഡിറ്റ് എല്ലാം സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന് അവകാശപ്പെട്ടതാണ്. ആദ്യം വന്നപ്പോള്‍ത്തന്നെ ഓരോ സീനും ഓരോ ഷോട്ടും അടക്കമാണ് എന്നെ പറഞ്ഞുകേള്‍പ്പിച്ചത്. വലിയ സന്തോഷം തോന്നുന്നുണ്ട് ഇപ്പോള്‍. രജനീകാന്ത് പറയുന്നു.