ഒറ്റ കണ്ണിറുക്കല്‍ കൊണ്ട് ലോകത്തെ മുഴുവന്‍ ശ്രദ്ധ തന്നിലേക്ക് അടുപ്പിച്ച താരമാണ് പ്രിയാ വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത്, റിലീസിനൊരുങ്ങുന്ന 'ഒരു അഡാര്‍ ലൗ'വിലെ 'മാണിക്യ മലരായ പൂവി...' എന്ന ഗാനത്തിലൂടെ, കണ്ണുകള്‍ കൊണ്ട് കവിതയെഴുതിയാണ് പ്രിയ ആരാധകരുടെ പ്രിയങ്കരിയായത്.
അതോടെ പരസ്യചിത്രങ്ങളിലും ഫോട്ടോഷൂട്ടുകളിലും സജീവമായ പ്രിയയെ തേടി വിവിധ ഭാഷകളില്‍ നിന്ന് നിരവധി അവസരങ്ങള്‍ വന്നു. അതിലൊന്ന് 'ശ്രീദേവി ബംഗ്ലാവ്' എന്ന ബിഗ് ബജറ്റ് ബോളിവുഡ് ചിത്രമാണ്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ണമായും യു.കെയിലാണ് ചിത്രീകരിക്കുന്നത്.
ബോളിവുഡിന്റെ സ്‌റ്റൈലിഷ് ഹീറോ രണ്‍വീര്‍ സിങ്ങിനൊപ്പവും പ്രിയ അഭിനയിക്കുന്നതായി മുന്‍പ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതിന് ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായില്ലങ്കിലും ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായി. പ്രിയയാണ് താരത്തിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. മുംബൈയില്‍, 'ഉറി' എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തിയതായിരുന്നു ഇരുവരും. 'ഇതിലും കൂടുതല്‍ ഞാന്‍ എന്താണ് ചോദിക്കേണ്ടത്?' എന്ന അടിക്കുറിപ്പോടെയാണ് പ്രിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.
കൂടാതെ, 'അത്രയും മാധുര്യമുളളയാള്‍' എന്ന അടിക്കുറിപ്പോടെ, വിക്കി കൗശലിനൊപ്പമുള്ള ഒരു വിഡിയോയും പ്രിയ പങ്കുവച്ചിട്ടുണ്ട്. 'നിങ്ങളെ കണ്ടതില്‍ വളരെ സന്തോഷം,' എന്നാണ് ഇതിന് വിക്കിയുടെ കമന്റ്.