കരള്‍ രോഗത്തെ തുടര്‍ന്ന് അന്തരിച്ച അവതാരകയും നടിയുമായി സുബി സുരേഷിന് കണ്ണീരോടെ വിട നല്‍കി കലാകേരളം. ആയിരങ്ങളെ സാക്ഷിയാക്കി ചേരാനല്ലൂര്‍ ശ്മശാനത്തില്‍ വൈകിട്ട് നാലു മണിയോടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. ആരാധകരും സഹപ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേരാണ് സുബിയെ അവസാനമായി ഒരു നോക്കു കാണാന്‍ എത്തിയത്. ടെലിവിഷന്‍ സീരിയല്‍ രംഗത്തെ നിരവധിപ്പേര്‍ സുബിയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തി.
ആലുവയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെയാണ് കൂനമ്മാവിലുള്ള വീട്ടിലെത്തിച്ചത്. ഇവിടെ രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന പൊതുദര്‍ശനത്തിനു പിന്നാലെ വരാപ്പുഴ പുത്തന്‍പള്ളി ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനു വച്ചു. ഇതിനുശേഷമാണ് സംസ്‌കാരത്തിനായി ചേരാനല്ലൂര്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോയത്.കരള്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാവിലെയായിരുന്നു സുബി സുരേഷിന്റെ അന്ത്യം.
തൃപ്പൂണിത്തുറ സ്വദേശിയായ സുബി സ്‌കൂള്‍ കാലഘട്ടം മുതല്‍ കലാരംഗത്ത് സജീവമാണ്. നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു സുബിയുടെ കലാജീവിതം, പ്രത്യേകിച്ചു ബ്രേക്ക് ഡാന്‍സില്‍. എന്നാല്‍ പിന്നീട് മിനി സ്‌ക്രീനിലെത്തുകയും ഹാസ്യ റോളുകളില്‍ അഭിനയിക്കുകയും ചെയ്തു.
രാജസേനന്‍ സംവിധാനം ചെയ്ത 'കനക സിംഹാസനം' എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളിലെത്താന്‍ സാധിച്ചിരുന്നെങ്കിലും മിനി സ്‌ക്രീനിലേക്ക് മടങ്ങുകയായിരുന്നു സുബി. സൂര്യ ടിവിയില്‍ സുബി അവതാരകയായി എത്തിയ 'കുട്ടിപ്പട്ടാളം' എന്ന പരിപാടി പ്രേക്ഷകപ്രീതി നേടിയിരുന്നു.
നടിയുടെ വിയോഗത്തിന് പിന്നാലെ നടിയ്‌ക്കൊപ്പമുള്ള ഓര്‍മ്മകള്‍ പങ്ക് വച്ച് നിരവധി താരങ്ങള്‍ രംഗത്തെത്തി. മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ള താരങ്ങള്‍ നടിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു.
ജീവിതത്തിലേക്ക് സുബി സുരേഷിനെ തിരികെ കൊണ്ടുവരുന്നതിനായി പിഷാരടിയും ടിനി ടോം അടങ്ങിയ സുഹൃത്തുക്കള്‍ പരാമാവധി ശ്രമിച്ചിരുന്നു. രോഗം പെട്ടെന്ന് മൂര്‍ച്ഛിക്കുകയും നമ്മളെ വിട്ട് പോവുകയുമാണ് ഉണ്ടായതെന്ന് രമേഷ് പിഷാരടി പറഞ്ഞു. സുബിക്ക് പെട്ടെന്ന് വയ്യായ്ക വരികയും രോഗം മൂര്‍ച്ഛിക്കുകയുമായിരുന്നു. ഞങ്ങള്‍ അഞ്ച് ദിവസം മുമ്പ് വരികയും ഐസിയുവില്‍ കയറി കണ്ട് സുബിയോട് സംസാരിക്കുകയും ചെയ്തിരുന്നു. കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. കരള്‍മാറ്റ ശസ്ത്രക്രിയക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയായിരുന്നു. അതിനിടെ ഹൃദയത്തിനും അനാരോഗ്യം അനുഭവപ്പെട്ടു. അതിന്റെ ചികിത്സയും ആരംഭിച്ചു. കരളില്‍ അണുബാധ ഉണ്ടായിരുന്നു. എല്ലാതരത്തിലും നോക്കിയിരുന്നു. പെട്ടെന്ന് രോഗം മൂര്‍ച്ഛിക്കുകയും നമ്മളെ വിട്ട് പോവുകയുമാണ് ഉണ്ടായത്. 20 വര്‍ഷത്തില്‍ കുറയാത്ത ബന്ധമുള്ള കലാകാരിയാണ്.' രമേഷ് പിഷാരടി പറഞ്ഞു.
ടിനി ടോമിനും മറ്റൊരു സുഹൃത്തിനുമൊപ്പമായിരുന്നു ചികിത്സയിലിരിക്കെ സുബി സുരേഷിനെ കാണാന്‍ രമേഷ് പിഷാരടി പോയത്.
സുബി സുരേഷിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരേഷ് ഗോപിയും കുറിപ്പ് പങ്ക് വച്ചു.
സുബി സുരേഷിന് ആദരാഞ്ജലികള്‍!
ഈ വേര്‍പാട് വേദനയാകാതിരിക്കാനും ഈ വേര്‍പാട് സംഭവിക്കാതിരിക്കാനും ഒരുപാട് വിഫലശ്രമം, എന്ന് ഇപ്പൊ പറയേണ്ടിവരും, നടത്തിയ ടിനി ടോം അടക്കമുള്ള നമ്മുടെ വിനോദം പകരുന്ന മേഖലയിലെ എല്ലാ വ്യക്തികള്‍ക്കും നന്ദി അറിയിക്കുകയാണ്. അവര്‍ ഇതിനുവേണ്ടി എന്തുമാത്രം കഷ്ടപ്പെട്ടു എന്നെനിക്കറിയാം. നമുക്കിത് ഒഴിവാക്കാമായിരുന്നു, പക്ഷെ നിയമത്തിന്റെ നൂലാമാലകള്‍ എന്ന് പറയുന്നത് പലപ്പോഴും സമയബന്ധിതമാണ്. ഇപ്പോഴങ്ങു കൈവിട്ടു പോകും എന്ന് പറയുന്ന ജീവിതത്തെ നിലനിര്‍ത്തിയെടുത്തു ദീര്‍ഘകാലം അവര്‍ക്ക് അവരുടെ ജീവന്‍ നിലനിര്‍ത്താനുള്ള അവകാശം പോലും നിഷേധിക്കുന്ന തരത്തില്‍ നിയമങ്ങള്‍ കഠിനമായി ഇല്ലെങ്കില്‍ അതിനു കാരണം മനുഷ്യനിലെ വളരെ മോശപ്പെട്ട അവയവദാനത്തിലെ കള്ളത്തരങ്ങള്‍ വളര്‍ന്നതാണ്. ഇതിനൊക്കെ നമുക്ക് നിയമത്തില്‍ കുറച്ചുകൂടി കരുണ വരണമെങ്കില്‍ മനുഷ്യന്റെ ജീവിത രീതിയിലൊക്കെ ഒരുപാട് മാറ്റം വരുത്തേണ്ടിയിരിക്കുന്നു. ഒരിക്കലും നമുക്ക് ഈ പ്രായത്തിലും ഈ കാലാവസ്ഥയിലും നഷ്ടപ്പെടാന്‍ പാടില്ലാത്ത ഒരു ഉന്നത കലാകാരി തന്നെയായിരുന്നു സുബി. ഇനിയും നമ്മുടെ ഓര്‍മകളില്‍ സുബി നമ്മളെ ചിരിപ്പിച്ചുകൊണ്ടേ ഇരിക്കട്ടെ.