മലയാള നാടക, സിനിമാ പിന്നണി ഗായകനും സംഗീത സംവിധായകനും നടനുമായിരുന്ന സീറോ ബാബു എന്ന കെ.ജെ. മുഹമ്മദ് ബാബു അന്തരിച്ചു. 80 വയസായിരുന്നു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സിനിമയിലും നാടകങ്ങളിലുമായി നിരവധി ഹിറ്റ് ഗാനങ്ങള് അദ്ദേഹത്തിന്റെതായുണ്ട്.
പത്താം വയസില്‍ പാടിത്തുടങ്ങിയ ബാബു ലതാമങ്കേഷ്‌കറുടെ അതേ ശബ്ദം അനുകരിച്ചാണ് അന്ന് വേദികള്‍ കീഴടക്കിയിരുന്നത്. അബ് രാത് ആ ജാവോ, യെ സിന്ദഗീ ഉസീ കി ഹേ ഇവ രണ്ടും ആണ് ആദ്യമായി വേദിയില്‍ നിറഞ്ഞ കരഘോഷം വാങ്ങിയ ഗാനങ്ങള്‍ എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ആദ്യകാലത്ത് നാടക ഗാനങ്ങളിലൂടെയാണ് മുഹമ്മദ് ബാബു ഗായകനായി ശ്രദ്ധിക്കപ്പെടുന്നത്. 1960കള്‍ മുതല്‍ പിന്നണി ഗാനരംഗത്ത് സജീവമായിരുന്ന അദ്ദേഹം പിന്നണിഗാന രംഗത്തു നിന്ന് പിന്‍വാങ്ങി പിന്നീട് സംഗീത സംവിധാനത്തിലേയ്ക്ക് തിരിയുകയായിരുന്നു. കുടുംബിനി എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി സിനിമയ്ക്കായി പാടുന്നത്. അഭയദേവാണ് ആ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. പിജെ ആന്റണിയുടെ ദൈവവും മനുഷ്യനും എന്ന നാടകത്തിലെ ഗാനം ഓപ്പണ്‍ സീറോ വന്നു കഴിഞ്ഞാല്‍ വാങ്ങും ഞാനൊരു മോട്ടോര്‍ കാര്‍ എന്ന ഗാനമാണ് കെജെ ബാബു എന്ന ഗായകനെ സീറോ ബാബു എന്നാക്കിയത്.
സുബൈദ, അവള്‍, ഇത്തിക്കരപ്പക്കി തുടങ്ങിയ ചിത്രങ്ങളിലും ബാബു പാടിയിട്ടുണ്ട്. വിസ എന്ന ചിത്രത്തില് മമ്മൂട്ടിയും മോഹന്‍ലാലും പാടി അഭിനയിച്ച, സംഗതി കുഴഞ്ഞല്ലോ, തലയൊക്കെ കറങ്ങണൂ പടച്ചോനേ എന്ന ഗാനവും ബാബുവിന്റെ ശബ്ദം രേഖപ്പെടുത്തി. സത്യന്‍ അന്തിക്കാടിന്റെ ആദ്യചിത്രമായ കുറുക്കന്റെ കല്യാണം, ഫാസില്‍ ചിത്രമായ മറക്കില്ലൊരിക്കലും എന്നീ സിനിമകളുടെ സംഗീതസംവിധായകനും സീറോ ബാബുവായിരുന്നു. ചില സിനിമകളില്‍ തന്മയത്വത്തോടെ അഭിനയിക്കുകയും ചെയ്തു.അഞ്ചു സുന്ദരികള്‍, മാടത്തരുവി കൊലക്കേസ്, തോമാസ്ലീഹ, സിദ്ധിക്ക് ലാല്‍ സംവിധാനം ചെയ്ത കാബൂളിവാലയില് പിറന്നൊരീ മണ്ണും എന്ന ഗാനം ആലപിക്കുന്ന ഗായകന്‍, രണ്ടാം ഭാവത്തിലെ ഗസല്‍ഗായകനായും തിളങ്ങിയിട്ടുണ്ട്. 2005ല് കേരള സംഗീത നാടക അക്കാഡമിയുടെ അംഗീകാരവും ബാബുവിനു ലഭിച്ചിരുന്നു. 60ല്‍ ഏറെ ചിത്രങ്ങള്‍ക്കു വേണ്ടി പാടിയിട്ടുണ്ട്.
കബറടക്കം എറണാകുളം നോര്‍ത്ത് തോട്ടത്തുംപടി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും. ഭാര്യ: ആത്തിക്ക ബാബു, മക്കള്‍: സൂരജ് ബാബു, സുല്‍ഫി ബാബു, സബിത സലാം, ദീപത്ത് നസീര്‍. മരുമക്കള്‍: സുനിത സൂരജ്, സ്മിത സുല്‍ഫി, അബ്ദുല്‍ സലാം, മുഹമ്മദ് നസീര്‍.