Latest News

പ്രശസ്ത സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു; വിട പറഞ്ഞത്  എണ്‍പതുകളില്‍ മലയാള ചലച്ചിത്രലോകത്ത് നിരവധി ഹിറ്റുകള്‍ സംഭാവന ചെയ്ത സംവിധായകന്‍

Malayalilife
പ്രശസ്ത സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു; വിട പറഞ്ഞത്  എണ്‍പതുകളില്‍ മലയാള ചലച്ചിത്രലോകത്ത് നിരവധി ഹിറ്റുകള്‍ സംഭാവന ചെയ്ത സംവിധായകന്‍

സംഗീത സംവിധായകന്‍ കെ.ജെ.ജോയ് അന്തരിച്ചു. 77 വയസായിരുന്നു.  ഇന്ന് പുലര്‍ച്ചെ 2:30 ന് ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയായ കെ ജെ ജോയ് ഇരുന്നൂറുലേറെ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയിട്ടുണ്ട്. 

എണ്‍പതുകളില്‍ മലയാള ചലച്ചിത്രലോകത്ത് നിരവധി ഹിറ്റുകള്‍ സംഭാവന ചെയ്ത കെ.ജെ ജോയുടെ സംവിധാനത്തിലാണ് അക്കാര്‍ഡിയനും കീബോര്‍ഡും മലയാള സിനിമയില്‍ വിപുലമായി ഉപയോഗിച്ചത്.200 ഓളം ചിത്രങ്ങളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചു.

വിവിധ സംഗീത സംവിധായകര്‍ക്കായി 500ലധികം ചിത്രങ്ങളില്‍ സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.1975ല്‍ പുറത്തിറങ്ങിയ 'ലൗ ലെറ്റര്‍' എന്ന ചിത്രത്തിനാണ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ചത്. ഏറെ ഹിറ്റായ 'എന്‍ സ്വരം പൂവിടും ഗാനമേ' എന്ന ഗാനമടക്കം അദ്ദേഹം ചിട്ടപ്പെടുത്തി. ബുധനാഴ്ച ചെന്നൈയിലായിരിക്കും അദ്ദേഹത്തിന്റെ സംസ്‌കാരം.

കുറച്ചുനാളായി പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ഇന്ന് പുലര്‍ച്ചയോടെ അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. പള്ളി ക്വയറില്‍ വയലിന്‍ വായിച്ചാണ് ജോയ് സംഗീതരംഗത്തേക്കുള്ള തന്റെ കടന്നുവരവ് നടത്തിയത്.പതിനെട്ടാം വയസില്‍ പ്രശസ്ത സംഗീതസംവിധായകന്‍ എം.എസ് വിശ്വനാഥന്റെ ഓര്‍ക്കസ്ട്രയില്‍ അംഗമായി. പന്ത്രണ്ടോളം ഹിന്ദി സിനിമകള്‍ക്കും ജോയ് സംഗീത സംവിധാനം ചെയ്തു.

ലൗ ലെറ്റര്‍, ചന്ദനച്ചോല,ആരാധന, ഇവനെന്റെ പ്രിയപുത്രന്‍,അഹല്യ, ലിസ,മുക്കവനെ സ്‌നേഹിച്ച ഭൂതം,അനുപല്ലവി, സര്‍പ്പം, തരംഗം, ശക്തി,ചന്ദ്രഹാസം,മകരവിളക്ക്, മനുഷ്യമൃഗം, മുത്തുച്ചിപ്പികള്‍,ഇതിഹാസം, കരിമ്പൂച്ച,രാജവെമ്പാല, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം സംഗീതം പകര്‍ന്നു.

പാശ്ചാത്യശൈലിയില്‍ ജോയ് ചിട്ടപ്പെടുത്തിയ മെലഡികള്‍ ഇന്നും മലയാളികള്‍ മൂളി നടക്കുന്നവയാണ്. അനുപല്ലവിയിലെ എന്‍സ്വരം പൂവിടും ?ഗാനമേ.., ഇതാ ഒരു തീരത്തിലെ അക്കരെ ഇക്കരെ നിന്നാലെങ്ങനെ..., മനുഷ്യമൃ?ഗത്തിലെ കസ്തൂരിമാന്‍ മിഴി..., സര്‍പ്പത്തിലെ സ്വര്‍ണമീനിന്റെ ചേലൊത്ത കണ്ണാളേ... തുടങ്ങിയവ ഒരുതലമുറയെ ഒന്നാകെ ആവേശത്തിലാക്കി. 1994 ല്‍ പി ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ദാദ ആയിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ച അവസാനചിത്രം.

Read more topics: # കെ.ജെ.ജോയ്
kj joy passed away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES