കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന ഗൗരീശങ്കരം എന്ന പരമ്പരയിലൂടെ ആരാധക മനസുകവര്‍ന്ന നടിയാണ് വീണാ പി നായര്‍. ഒട്ടേറെ വര്‍ഷങ്ങളായി സിനിമാ സീരിയല്‍ രംഗത്തുണ്ടെങ്കിലും ഗൗരി എന്ന കഥാപാത്രത്തിലൂടെയാണ് വീണ ശ്രദ്ധ നേടിയത്. ഇപ്പോഴിതാ, താരപ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കവേ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് നടി.
അതിന്റെ വിശേഷമറിയിച്ച് വീണ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ എത്തിയതും. ഒട്ടേറെ താരവിവാഹങ്ങള്‍ നടന്ന കഴിഞ്ഞയാഴ്ചയ്ക്കൊടുവിലാണ് തന്റെ വിവാഹ നിശ്ചയ വിശേഷങ്ങളും വീണ അറിയിച്ചത്. വലിയ ആഘോഷങ്ങളൊന്നുമില്ലാതെ, കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ഒരു ചെറിയ ചടങ്ങിലാണ് ഇരുവരുടേയും വിവാഹം നിശ്ചയിച്ചത്. ഒഫീഷ്യലി 08/09/2024 എന്ന് കുറിച്ചുകൊണ്ട് വരനെ ടാഗ് ചെയ്തായിരുന്നു നിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ചത്.
തൃശ്ശൂരിലാണ് വീണ ജനിച്ചതെങ്കിലും പഠിച്ചതും വളര്‍ന്നതും എല്ലാം മുംബൈയിലായിരുന്നു. തൃശൂരിലെ പ്രേംകുമാര്‍ - ശ്രീലത ദമ്പതികളുടെ മകളായിട്ടായിരുന്നു ജനനം. ബിസിനസ് മാനേജ്മെന്റ് ബിരുദധാരിയാണ്. ഒരു മികച്ച ക്ലാസിക്കല്‍ ഡാന്‍സറായ വീണ ടിക് ടോക് വീഡിയോകള്‍ നിരവധി ചെയ്യാറുണ്ടായിരുന്നു. അങ്ങനെയാണ് സിനിമാ രംഗത്തേക്ക് പ്രവേശിച്ചത്. ഒരിക്കല്‍ നാടോടിക്കാറ്റ് മൂവിയിലെ മോഹന്‍ലാല്‍ - ശോഭന റൊമാന്റിക് സീന്‍ ടിക് ടോക്ക് ചെയ്ത് വൈറലായതാണ് വീണയ്ക്ക് സിനിമാഭിനയത്തിലേയ്ക്ക് കടക്കാന്‍ പ്രചോദനമായത്. ആകാശഗംഗ 2 എന്ന ചിത്രത്തിലേയ്ക്ക് അഭിനേതാക്കളെ ആവശ്യമുണ്ടെന്നറിഞ്ഞ വീണ മണിച്ചിത്രത്താഴിലെ ശോഭന അവതരിപ്പിച്ച നാഗവല്ലിയുടെ ഒരു രംഗം അഭിനയിച്ച വീഡിയോ സംവിധായകന്‍ വിനയന് അയച്ചുകൊടുക്കുകയും അത് ഇഷ്ടപ്പെട്ട സംവിധായകന്‍ വീണയെ ആ സിനിമയില്‍ നായികയായി തിരഞ്ഞെടുക്കുകയും ചെയ്തു. ആകാശഗംഗ 2 വില്‍ ആരതി വര്‍മ്മ എന്ന നായിക കഥാപാത്രത്തെയാണ് വീണ അവതരിപ്പിച്ചത്.
പ്രണയവിലാസം എന്ന ചിത്രത്തില്‍ അര്‍ജ്ജുന്‍ അശോകനൊപ്പം റിഹാനാ എന്ന കഥാപാത്രത്തേയും അവതരിപ്പിച്ചിരുന്നു. പിന്നാലെയാണ് ഗൗരീശങ്കരത്തിലേക്ക് നായികയായി എത്തിയത്. ഒരു വര്‍ഷത്തിനിപ്പുറം വിവാഹ വിശേഷവും അറിയിച്ചെത്തിയ വീണയ്ക്ക് ആശംസകള്‍ അറിയിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍. വൈഷ്ണവ് എന്ന ഛോട്ടാ ബാഹുബലിയെയാണ് വീണ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്. പ്രണയവിവാഹമാണോ എന്നത് വ്യക്തമല്ല. എങ്കിലും ചിത്രങ്ങള്‍ പ്രണയ വിവാഹമാണെന്ന് ഊട്ടിയുറപ്പിക്കുന്നതാണ്. എന്തായാലും വീണയുടെ വിവാഹവിശേഷങ്ങള്‍ കൂടുതല്‍ അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.