വൻ പോളിങ്ങിലൂടെ കേരളം ഇന്നലെ വിധിയെഴുതിയതിന് പിന്നാലെ ഏറെ ശ്രദ്ധേയമായ ഒന്നാണ് തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് പ്രചരണത്തിൽ തനിക്ക് അനുഭവിക്കേണ്ടി വന്ന കാര്യങ്ങളെ പറ്റി പറഞ്ഞ വാക്കുകൾ. അച്ഛന് പോകാൻ കഴിയാതിരുന്ന സ്ഥലങ്ങളിൽ താനും അമ്മയുമാണ് പോയതെന്നും അവിടെ നിന്നും തങ്ങൾക്ക് നേരിടേണ്ടി വന്നത് വേദനിപ്പിക്കുന്ന തത്തിലുള്ള അനുഭവങ്ങളാണെന്നും സിനിമാ താരം കൂടിയായ ഗോകുൽ പറയുന്നു.
അച്ഛനെ അപമാനിക്കാനായി ഒരു ലോബി തന്നെ പ്രവർത്തിച്ചിരുന്നുവെന്നും തോൽക്കുമോ എന്നുള്ള ഭയം കാരണമാണ് പലരും അത്തരത്തിൽ തെറ്റിധരിപ്പിക്കുന്ന പ്രചരണം നടത്തിയതെന്നും താരം പറയുന്നു. സുരേഷ് ഗോപിക്കായി പ്രചരണത്തിനെത്തിയ ബിജു മേനോനെതിരെ സമൂഹ മാധ്യമത്തിൽ ഏറെ വിമർശന ശരമാണ് ഉയർന്നത്. എന്നാൽ അദ്ദേഹത്തിനെതിരെ നടന്ന സൈബർ ആക്രമണങ്ങളിലുള്ള പ്രൊഫയലുകൾ മിക്കതും വ്യാജമാണെന്നും താരം പറയുന്നു.
ഗോകുൽ സുരേഷിന്റെ വാക്കുകളിങ്ങനെ
വളരെ ചുരുങ്ങിയ സമയം മാത്രമാണ് ഞങ്ങൾക്ക് പ്രചാരണത്തിന് ലഭിച്ചത്. അച്ഛന് പോകാൻ സാധിക്കാത്ത ഇടത്ത് ഞാനും അമ്മയും കൂടി പോയിരുന്നു. അതിൽ നിന്നൊക്കെ ഏറെ വേദനിപ്പിക്കുന്ന കാര്യങ്ങളാണ് ഉണ്ടായിട്ടുള്ളത്. അച്ഛൻ ചെയ്യുന്ന നന്മകളെ ബോധപൂർവ്വം മറച്ച് മറ്റുകാര്യങ്ങൾ ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്ന ഒരു ലോബി തന്നെയുണ്ടായിരുന്നു. തോൽക്കുമെന്നുള്ള ഭയം കാരണം അവർ ജനങ്ങളെ വളരെയധികം തെറ്റിധരിപ്പിച്ചിട്ടുണ്ടായിരുന്നു.
വർഗീയത മാത്രമാണ് സുരേഷ് ഗോപി വന്നാൽ ഉണ്ടാകുക എന്ന രീതിയിലായിരുന്നു പ്രചാരണം. മറ്റു മതത്തിലുള്ളവർക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുമെന്നൊക്കെ പറഞ്ഞ് പരത്തി.അച്ഛനെ തോൽപ്പിക്കുന്നത് മെക്കയിൽ പോകുന്നത് പോലെയുള്ള പുണ്യപ്രവൃത്തിയാണെന്ന് വരെ പറഞ്ഞവരുണ്ട്. അത്തരം ആരോപണങ്ങളോട് കടുത്ത വിഷമമുണ്ട്. പോണ്ടിച്ചേരിയിൽ വണ്ടി രജിസ്റ്റർ ചെയ്തത് പോലെയുള്ള കാര്യങ്ങളോടാണ് മാധ്യമങ്ങളും ശ്രദ്ധ നൽകിയത്. ഞങ്ങളുടെ രണ്ട് വണ്ടികൾ മാത്രമാണ് പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ബാക്കിയെല്ലാം കേരളത്തിൽ തന്നെയാണ്. പിന്നെ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്യുന്നതുകൊലപാതക കുറ്റത്തിന് തുല്യമാണെന്ന് ഒരു നിയമവ്യവസ്ഥയിലും ഇല്ലല്ലോ? അതിനെ ഒരു തീവ്രവാദക്കുറ്റം പോലെയാണ് പല മാധ്യമങ്ങളും ആഘോഷിച്ചത്.ബിജു മേനോൻ അങ്കിളിനെയാണ് ഏറ്റവും അധികം ആളുകൾ ആക്രമിച്ചത്. അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായ പ്രൊഫൈലുകൾ കുറേ ഞാൻ പരിശോധിച്ചു.
അവയിൽ ഭൂരിഭാഗവും വ്യാജപ്രൊഫൈലുകളാണ്. കാശ് ഇറക്കി കളിച്ച കളിയാണെന്നുള്ളത് ഒരു വലിയ ഭൂരിപക്ഷത്തിനെങ്കിലും ഇതിനോടകം മനസിലായിക്കാണും. ബിജുമേനോനെ പിന്തുണയ്‌ക്കേണ്ടത് എന്റെ കൂടി കടമയാണെന്ന് തോന്നിയതുകൊണ്ടാണ് ഞാൻ പിന്തുണയുമായി രംഗത്ത് എത്തിയത്