തമിഴിന് പിന്നാലെ മലയാളത്തിലും വൃക്തിമുദ്ര പതിപ്പിക്കാന്‍ സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍. മലയാളത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന ഗൗതം മേനോന്റെ സ്വപ്‌നം പൂവണിയുകയാണ്.ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തില്‍ നായകനായി മമ്മൂട്ടി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗൗതം മേനോന്‍ ആദ്യമായാണ് മലയാള സിനിമ സംവിധാനം ചെയ്യുന്നത്. ഈ വര്‍ഷം തന്നെ മമ്മൂട്ടിയും ഗൗതം മേനോനും ഒരുമിക്കുന്ന സിനിമ ഒരുങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. നവാഗതനായ ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ബസൂക്ക എന്ന ചിത്രത്തില്‍ മമ്മൂട്ടിയും ഗൗതം മേനോനും ഒരുമിക്കുന്നുണ്ട്. ഇതാദ്യമായാണ് മമ്മൂട്ടിയും ഗൗതം മേനോനും ഒരുമിച്ച് അഭിനയിക്കുന്നത്. അതേ സമയം നിരവധി ചിത്രങ്ങളില്‍ ദുല്‍ഖര്‍ സല്‍മാനും ഗൗതം മേനോനും ഒരുമിച്ചിട്ടുണ്ട്.
ഒറ്റപ്പാലംകാരനായ ഗൗതം മേനോന്‍ ചെന്നൈയിലാണ് പഠിച്ചതും വളര്‍ന്നതും. മാധവന്‍ നായകനായ മിന്നലെ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനാവുന്നത്. കാക്കാ കാക്കാ, വാരണം ആയിരം, വിണ്ണൈതാണ്ടി വരുവായാ, പുത്തം പുതു കാലൈ, വെന്ത് തനന്തതുകാട് എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. വിക്രം നായകനാവുന്ന ധ്രുവനച്ചത്തിരം ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. തെലുങ്കിലും ഹിന്ദിയിലും ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.