മലയാള സിനിമാക്കാര്‍ക്കിടയില്‍ ഇപ്പോള്‍ മീന്‍ നാറ്റമല്ല.. നല്ല മണമാണ്. മീന്‍ പലര്‍ക്കും മണക്കുന്നുവെന്നാണ് ഇപ്പോള്‍ സിനിമാലോകത്തെ അടക്കം പറച്ചില്‍. ജൈവ ഫിഷ് സ്റ്റാളുമായി ധര്‍മജന്റെ ധര്‍മൂസ് ഫിഷ് ഹബ്ബ് സിനിമാക്കാര്‍ക്കിടയില്‍ ഹിറ്റായിരുന്നു. ദിവസേന രണ്ടര ലക്ഷം രൂപയാണ് ധര്‍മ്മജന്റെ കടയ്ക്ക് വരുമാനം എന്നറിഞ്ഞതോടെ സിനിമാക്കാര്‍ കൂട്ടത്തോടെ ഇതിന്റെ ഫ്രാഞ്ചൈസി തുടങ്ങിയിരുന്നു. പിഷാരടി, വിജയരാഘവന്‍, നാദിര്‍ഷാ, ടിനി ടോം എന്നിവരും ധര്‍മ്മൂസ് ഫിഷ് ഹബ്ബുമായി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ധര്‍മ്മൂസ് ഫിഷ് ഹബ്ബിന് വെല്ലുവിളിയെന്നോണം ശ്രീനിവാസനും എത്തിയിരിക്കുന്നത്. ഉദയശ്രീ എന്നാണ് ശ്രീനിവാസന്റെ ജൈവ മീന്‍കടയുടെ പേര്. കൊച്ചിയിലെ കണ്ടനാടുള്ള വീടിന് സമീപമാണ് ശ്രീനി ഫിഷ് ഹബ്ബ് ആരംഭിച്ചിരിക്കുന്നത്
വിഷരഹിതവും രാസവസ്തുക്കള്‍ ചേര്‍ക്കാത്തതുമായ ശുദ്ധമായ മീന്‍ ലൈവായി, ആവശ്യക്കാര്‍ക്ക് വൃത്തിയാക്കി നല്‍കുന്നു എന്നതാണ് 'ഉദയശ്രീ'യുടെ പ്രത്യേകത. ജൈവകൃഷിയിലൂടെ വളര്‍ത്തുന്നവയ്‌ക്കൊപ്പം കായല്‍,കടല്‍ മത്സ്യങ്ങളും ഇവിടെ ലഭിക്കും. ഇടനിലക്കാരില്ലാതെ, ചെറുകിട കര്‍ഷകരില്‍ നിന്ന് മീന്‍ ശേഖരിക്കുന്നതാണ് ഇവിടുത്തെ രീതി. സലിം കുമാറാണ് 'ഉദയശ്രീ' ഉദ്ഘാടനം ചെയ്തത്. വര്‍ഷങ്ങളായി ജൈവ മത്സ്യകൃഷി ചെയ്യുന്നയാളാണ് സലിം കുമാര്‍. ധര്‍മ്മൂസ് ഫിഷ് ഹബ്ബ് എന്ന പേരില്‍ നടന്‍ ധര്‍മ്മജന്‍ മീന്‍കട ആരംഭിച്ചപ്പോള്‍ സിനിമാലോകത്ത് ആദ്യം അമ്പരപ്പായിരുന്നു. പലരും പുച്ഛിക്കുകയും ചെയ്തു. എന്നാല്‍ മീന്‍കട ക്ലിക്കായതോടെ താരലോകം ഞെട്ടി.
ധര്‍മ്മൂസ് ഫിഷ് ഹബ്ബ് വില്‍പ്പന കേന്ദ്രം ജൂലൈ അഞ്ചിന് കൊച്ചി അയ്യന്‍പ്പന്‍ കാവിന് സമീപമായി പ്രവര്‍ത്തനം ആരംഭിച്ചത്. നടന്‍ കുഞ്ചാക്കോ ബോബനായിരുന്നു ഫിഷ് ഹബ്ബ് ഉദ്ഘാടനം ചെയ്തിരുന്നത്.ചെമ്മീന്‍ കെട്ടിലും കൂട് കൃഷിയിലും വളര്‍ത്തുന്ന മത്സ്യങ്ങള്‍ക്ക് പുറമേ പരമ്പരാഗതമായ മത്സ്യത്തൊഴിലാളികളില്‍ നിന്നും വീശി വല ഉപയോഗിക്കുന്നവരില്‍ നിന്നുമെല്ലാം നേരിട്ട് മീന്‍ ശേഖരിച്ച് വില്‍പ്പനയ്ക്ക് എത്തിക്കുകയാണ് ഫിഷ് ഹബ്ബ്. മീനുകള്‍ വൃത്തിയാക്കി ഓര്‍ഡറുകള്‍ അനുസരിച്ച് വീടുകളിലും ഫ്‌ളാറ്റുകളിലും എത്തിക്കും. പ്രതിദിനം രണ്ടരലക്ഷം രൂപയാണ് ഫിഷ് ഹബ്ബിന് വരുമാനം. കൊച്ചിയിലെ മീന്‍ കച്ചവടം സാമ്പത്തിക വിജയം കണ്ടതോടെ ധര്‍മജനൊപ്പം പങ്കാളികളായി വിജയരാഘവന്‍, രമേഷ് പിഷാരടി, നാദിര്‍ഷ, ടിനി ടോം, എന്നിവരും എത്തുകയായിരുന്നു. മറ്റ് പല ബ്രാഞ്ചുകളും തുടങ്ങാന്‍ ഇനിയും നടന്‍മാര്‍ ക്യു നില്‍ക്കുന്നുവെന്നാണ് വിവരം.