മലയാളസിനിമാ നടന്മാര്‍ അഭിനയരംഗത്ത് മാത്രമല്ല കഴിവുതെളിയിക്കാറുള്ളത് ബിസിനസ് മേഖലയിലും ഒന്ന് പരീക്ഷിച്ചുനോക്കാറുണ്ട്. അടുത്തിടെയാണ് ധര്‍മൂസ് ഫിഷ് ഹബിന്റെ ഫ്രാന്‍ഞ്ചെയ്‌സ് പിഷാരടിയും ബിജുമേനോനും എല്ലാം തുടങ്ങിയത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
എന്നാല്‍ ഇവര്‍ക്കെല്ലാം മുമ്പ് തന്നെ ജൈവ പച്ചക്കറി കൃഷിയിലൂടെ തരംഗം സൃഷ്ടിച്ച നടനായിരുന്നു ശ്രീനിവാസന്‍.
അതിനു ശേഷം ഉദയ്‌പേരൂര്‍ കണ്ടനാടില്‍ ശുദ്ധമത്സ്യ വിപണനകേന്ദ്രമെന്ന പുതിയ സംരംഭവുമായി എത്തിയിരിക്കുകയാണ് നടന്‍. ഉദയശ്രീ എന്ന പേരില്‍ തുടങ്ങിയ ശുദ്ധമത്സ്യ വിപണനകേന്ദ്രം നടനും സുഹൃത്തുമായ സലീം കുമാറാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്. നാട്ടിലെ ചെറുകിട മത്സ്യകൃഷിക്കാരില്‍നിന്ന് നേരിട്ട് ശേഖരിക്കുന്ന മത്സ്യം വെള്ളം നിറച്ച വിവിധ ടാങ്കുകളില്‍ നിക്ഷേപിച്ച് ആവശ്യക്കാരുടെ താത്പര്യത്തിനനുസരിച്ച് പിടിച്ച് വൃത്തിയാക്കിക്കൊടുക്കുന്ന സംവിധാനമാണ് വിപണനകേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്നത്.
ഗിഫ്റ്റ് തിലോപ്പിയാ, ചെമ്പല്ലി, കളാഞ്ചി, കരിമീന്‍ എന്നിവയാണ് പ്രധാനമായും ജീവനോടെ ലഭിക്കുന്നത്. കൂടാതെ മുനമ്ബത്ത് ചെറുവള്ളങ്ങളില്‍ മത്സ്യബന്ധനത്തിനു പോകുന്നവരില്‍നിന്ന് ശേഖരിക്കുന്ന മത്സ്യം മായം ചേര്‍ക്കാത്ത ഓക്‌സിനേറ്റ് ചെയ്ത ഐസില്‍ സൂക്ഷിച്ച് വില്‍പന നടത്തുന്നതോടൊപ്പം ചെറായിലെ കെട്ടുകളില്‍ നിന്നുള്ള ചെമ്മീനും ലഭിക്കുമെന്ന് ശ്രീനിവാസന്റെ പാര്‍ട്ടണര്‍ അബി പറഞ്ഞു.