സംവിധായകൻ ഫാസിലിന്റെ മകൻ എന്ന ലേബലിൽ 2002 ൽ പുറത്തിറങ്ങിയ കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു ഫഹദ് ഫാസിലിന്റെ സിനിമയിലേക്കുള്ള വരവ്. നായകനായി എത്തിയ ചിത്രം എന്നാൽ പരാജയമായതോടെ പിന്നീട് ഫഹദിനെ കണ്ടില്ല. എന്നാൽ നീണ്ട ഒരിടവേളയ്ക്ക് ശേഷം 2009 ൽ കേരള കഫെ എന്ന ചിത്രത്തിലൂടെ ഫഹദ് മടങ്ങിവന്നത് മാസ് എൻട്രയോടെയായിരുന്നു. പിന്നീട് നടന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. അഭിനയമികവിന്റെ ഉത്തമ ഉദാഹരണം എന്ന പേരിലാണ് ഇപ്പോൾ ഫഹദ് അറിയിപ്പെടുന്നത്.
ചാപ്പാകുരിശ്, 22 ഫീമെയിൽ കോട്ടയം, ഡയമണ്ട് നെക്ലയിസ്, അന്നയും റസൂലും, ആമേൻ, ഇമ്മാനുവൽ, നോർത്ത് 24 കാതം, ഒരു ഇന്ത്യൻ പ്രണയകഥ, മഹേഷിന്റെ പ്രതികാരം, ബാംഗ്ലൂർ ഡെയ്സ്, ഇയ്യോബിന്റെ പുസ്തകം, വരത്തൻ, ഞാൻ പ്രകാശൻ, തുടങ്ങി കുമ്പളങ്ങി നൈറ്റ്സ് വരെ എത്തി നില്ക്കുന്നനു ഫഹദിന്റെ അത്ഭുതപ്പെടുത്തൽ.
എന്നാൽ താൻ ഒരിക്കലും അച്ചന്റെ മേൽവിലാസം സിനിമയ്ക്കായി ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടൻ.അടുത്തിടെ ഒരു അഭിമുഖത്തിൽ സിനിമാ പാരമ്പര്യമുള്ളവർക്ക് മാത്രമാണോ അഭിനയം എന്നൊരു ചോദ്യത്തിനുള്ള മറുപടിയായാണ് നടൻ തന്റെ നിലപാട് വ്യകതമാക്കിയത്.
ഫഹദിന്റെ ഉത്തരമിങ്ങനെ. 'ഞാൻ മൂന്നുവർഷം കഷ്ടപ്പെട്ടിട്ടാണ് ചാപ്പാകുരിശ് ചെയ്തത്. ഇന്നുവരെയും അച്ഛന്റെ മേൽവിലാസം സിനിമയ്ക്കായി ഉപയോഗിച്ചിട്ടില്ല, ഇനി ഉപയോഗിക്കുകയുമില്ല. സിനിമ അതിനെ ഇഷ്ടപ്പെടുന്നവർക്കുള്ളതാണ്. സത്യസന്ധമായി ഈ കലയെ സ്നേഹിക്കുന്ന ആർക്കും സിനിമയിലെത്താം.'
'കൈ എത്തും ദൂരത്തു കഴിഞ്ഞ് പഠനവുമായി ബന്ധപ്പെട്ട് അമേരിക്കയിൽ പോയി. ആ യാത്രയായിരിക്കാം എന്നെ മാറ്റിമറിച്ചത്. എട്ടുവർഷം ഒറ്റയ്ക്ക് , വേറൊരു രാജ്യത്ത്. അതൊരു അനുഭവമായിരുന്നു. ചിലപ്പോൾ കൈ എത്തും ദൂരത്തിൽ നിങ്ങളെക്കൊണ്ട് മോശം പറയിപ്പിച്ച ഞാൻ പിൽക്കാലത്ത് അത് വീണ്ടും ആവർത്തിച്ചേക്കാം. ഇതൊരു ജീവിതയാത്രയാണ്.' ഫഹദ് പറഞ്ഞു.
അതിരനാണ് പുറത്തിറങ്ങാനിരിക്കുന്ന ഫഹദിന്റെ പുതിയ ചിത്രം. സായ് പല്ലവിയാണ് ചിത്രത്തിൽ ഫഹദിന് നായികയായി എത്തുന്നത്. വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത് പി.എഫ് മാത്യൂസാണ്. ചിത്രം ഏപ്രിലിൽ തിയേറ്ററുകളിലെത്തും.