കേരളത്തിലെ അതിപ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഗുരുവായൂര്‍ ക്ഷേത്രനട. ഗുരുവായൂരപ്പനെ ഒരുനോക്ക് എങ്കിലും കാണാന്‍ ആഗ്രഹിക്കാത്ത വിശ്വാസികള്‍ ആരും തന്നെ കാണില്ല. ഏറ്റവും കൂടുതല്‍ കാണിക്ക ലഭിക്കുന്ന ക്ഷേത്രങ്ങളില്‍ ഒന്നായ ഗുരുവായൂരില്‍ കണ്ണന് ഭക്തര്‍ അര്‍പ്പിക്കുന്ന കാണിക്കകള്‍ എന്നും വാര്‍ത്തയാണ്. ലക്ഷങ്ങളോ കോടികളോ നോക്കാതെയാണ് കണ്ണന് ഭക്തര്‍ കാണിക്ക അര്‍പ്പിക്കുന്നത്. ഇപ്പോഴിതാ ഇത്തരത്തില്‍ ഒരു ഭക്തന്‍ കണ്ണന് സമ്മാനിച്ച കാണിക്കയായ വജ്രകിരീടത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുകയാണ്.
പല ഭക്തരും സ്വര്‍ണവും വജ്രവും വൈരവുമൊക്കെ പല സമയങ്ങളിലായി ഗുരുവായൂരപ്പന് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഗുരുവായൂര്‍ ഉണ്ണികണ്ണന് തിരുമുടിയില്‍ചൂടാന്‍ ഇപ്പോള്‍ വജ്രകിരീടമാണ് കാണിക്ക ലഭിച്ചിരിക്കുന്നത്. കിരിടം സമര്‍പ്പിച്ചിരിക്കുന്നത്. ഈജിപ്തിലെ കെയ്‌റോയില്‍ ഹൈപാക്ക് ഗ്രൂപ്പ് ടെക്നിക്കല്‍ ഡയറക്ടറായിരുന്ന ഗുരുവായൂര്‍ തെക്കേനട ശ്രീനിധി ഇല്ലത്ത് ശിവകുമാറും ഭാര്യ വത്സലയുമാണ്. രത്‌നങ്ങളും വജ്രങ്ങളും പതിപ്പിച്ച് സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച കിരീടത്തില്‍ മയില്‍പീലിയും പിടിപ്പിച്ചിട്ടുണ്ട്. ചെന്നൈയില്‍ നിര്‍മ്മിച്ച ഈ കിരീടത്തിനു അരക്കോടിയിലേറെ വിലമതിപ്പുള്ളത്.
ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിക്ക് നിര്‍മ്മാല്യ സമയത്താണ് ശിവകുമാറും വത്സലയും ചേര്‍ന്ന് സോപാനത്ത് പട്ടില്‍ വൈരക്കിരീടം സമര്‍പ്പിച്ചത്. തുടര്‍ന്ന് ശംഖാഭിക്ഷേകത്തിന് ശേഷം മേല്‍ശാന്തി കലിയത്ത് പരമേശ്വരന്‍ നമ്പൂതിരി വിഗ്രഹത്തില്‍ കിരീടം ചാര്‍ത്തി.
300 ഗ്രാമില്‍ ഏകദേശം 37 പവനോളമാണ് കിരീടത്തിന് ഉള്ളത്. സ്വര്‍ണത്തില്‍ നിര്‍മിച്ച് നിറയെ വജ്രങ്ങളും രത്‌നങ്ങളും പതിപ്പിച്ച കിരീടം മയില്‍പ്പീലി ചാര്‍ത്തിയ നിലയിലാണ്. 3096 വൈരക്കല്ലുകളും നവരത്‌നങ്ങളുമാണ് കിരീടത്തില്‍ പതിച്ചിട്ടുള്ളത്. ദേവസ്വം ഭരണസമിതിയംഗങ്ങളായ പി. ഗോപിനാഥന്‍, എ.വി. പ്രശാന്ത്, അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വി. ശിശിര്‍ എന്നിവര്‍ സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തു.
മുമ്പും പല വിലയേറിയ കാണിക്കകളും ഗുരുവായൂരപ്പന് ലഭിച്ചിട്ടുണ്ട്. മുമ്പ് ഒന്നേകാല്‍ കോടി രൂപ വില വരുന്ന സ്വര്‍ണക്കവരവിളക്ക് ചെന്നൈ അപ്പോളോ ഹോസ്പിറ്റല്‍ എം.ഡി. പ്രീതാറെഡ്ഡിയും ഭര്‍ത്താവ് വിജയകുമാര്‍ റെഡ്ഡിയും ചേര്‍ന്ന് സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ആദ്യം മറ്റൊരു ഭക്തന്‍ 40 സെന്റില്‍ 51 ഫ്ളാറ്റുകള്‍ ഉള്‍പ്പെട്ട നാല് നിലക്കെട്ടിടമാണ് കണ്ണന് സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം തന്നെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി മക്കളുടെ വിവാഹക്ഷണപത്രിക കണ്ണന്റെ സോപാനത്ത് സമര്‍പ്പിക്കാനായി എത്തിയതും ശ്രദ്ധനേടിയിരുന്നു.