മലയാള സിനിമയിലെ താരരാജാക്കന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. പ്രേം നസീർ യുഗത്തിലെ താരരാജാക്കന്മാരിൽ നിന്നും മലയാള സിനിമയുടെ ബാറ്റൺ പതിയെ കൈക്കലാക്കിയവരാണ് ഇരുവരും. എന്നാൽ സൂപ്പർതാരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് സ്‌ക്രിനിലെത്തിയ ചിത്രങ്ങൾ വളരെ കുറവാണ്.എന്നാൽ വർഷത്തിൽ അഞ്ചിലധികം ചിത്രങ്ങളിൽ മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയ കാലമുണ്ടായിരുന്നു. എൺപതുകളിലാണ് ഇത്. എന്നാൽ അതിന് ശേഷം ഒരിടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തി ഹിറ്റാക്കിയ ചിത്രമായിരുന്നു ജോഷിയുടെ സംവിധാനത്തിൽ 1990 -ൽ പുറത്തിറങ്ങിയ നമ്പർ 20 മദ്രാസ് മെയിൽ.
തിരുവനന്തപുരത്ത് നിന്നും മദ്രാസ് വരെയുള്ള ഒരു ട്രെയിൻ യാത്രയിൽ നടക്കുന്ന കൊലപാതകത്തെ കുറിച്ചുള്ള രഹസ്യം അനാവരണം ചെയ്യുന്ന ഈ സിനിമ പകുതിയും ട്രെയിനിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിൽ സിനിമയ്ക്ക് തിരക്കഥ എഴുതിയത് ഡെന്നീസ് ജോസഫായിരുന്നു. ഇപ്പോൾ ഡെന്നീസ് ചിത്രത്തിൽ താരങ്ങൾ ഒന്നിച്ച സംഭവം വിവരിച്ചിരിക്കുകയാണ്.
മമ്മൂട്ടി ചെയ്ത ആ കഥാപാത്രം ചെയ്യാൻ ആദ്യം പരിഗണിച്ചിരുന്നത് മറ്റൊരു നടനെ ആയിരുന്നുവെന്ന് തുറന്നു പറയുകയാണ് ഡെന്നീസ് ജോസഫ്. '' ജഗതി ശ്രീകുമാറിനെ ആയിരുന്നു ആ കഥാപാത്രത്തിനായി ആദ്യം ഉദ്ദേശിച്ചിരുന്നത്. കഥയുടെ കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടയിൽ മോഹൻലാൽ ആണ് ഈ റോൾ മമ്മൂക്കയെക്കൊണ്ട് ചെയ്യിപ്പിക്കാമോ എന്ന് ചോദിക്കുന്നത്. 'ലാൽ നായകനായ സിനിമയിൽ അദ്ദേഹം അഭിനയിക്കുമോ' എന്നായി ഞാൻ. ഒന്നു സംസാരിച്ചു നോക്കാൻ ലാൽ പറഞ്ഞു.
എന്നാൽ ലാലിനോട് തന്നെ നേരിട്ട് സംസാരിക്കാൻ ഞാൻ പറഞ്ഞു. മമ്മൂക്കയുടെ ചീത്തവിളി ഭയന്ന് പറയില്ലെന്ന് ലാൽ പറഞ്ഞു. ജോഷിയോടും കാര്യം പറഞ്ഞു. അദ്ദേഹത്തിനും സമ്മതം. എന്നാൽ മമ്മൂട്ടിയെ വിളിക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന് അദ്ദേഹവും പറഞ്ഞു. ഒടുവിൽ ഞാൻ തന്നെ മമ്മൂട്ടിയെ വിളിച്ച് സംസാരിക്കാൻ തീരുമാനിച്ചു.
അന്ന് ഞാനും മമ്മൂട്ടിയും അയൽക്കാരാണ്. എന്റെ കയ്യിൽ ഉള്ള കഥകൾ ഒക്കെ അദ്ദേഹം കേട്ടിട്ടുണ്ട്. ഞാൻ മമ്മൂട്ടിയെ വിളിച്ചു. 'ജഗതിക്ക് കൊടുക്കാൻ ഇരുന്ന റോൾ ഒന്ന് ഡെവലെപ് ചെയ്യണമെന്നുണ്ട്. ആ വേഷത്തിൽ അഭിനയിക്കുമോ?' ചീത്തവിളി പ്രതീക്ഷിച്ചിടത്ത് മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ: അതിനെന്താ ചെയ്യാലോ എന്ന്. അങ്ങനെ മമ്മൂട്ടി എന്നെ ഞെട്ടിച്ചു.'' - ഡെന്നീസ് ജോസഫ് പറഞ്ഞു.