ചിത്രദുര്‍ഗ സ്വദേശിയായ രേണുകാസ്വാമി എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ കന്നട താരം ദര്‍ശന്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുകയാണ്. എന്നാല്‍ താരത്തിനു ജയിലില്‍ വഴിവിട്ട സൗകര്യങ്ങള്‍ ലഭിക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്തു വന്ന ചില ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.
ഒരു കയ്യില്‍ കോഫി മഗും മറു കയ്യില്‍ സിഗരറ്റും ദര്‍ശന്റെ കയ്യില്‍ കാണാം. വിഡിയോ കോളിലൂടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സംസാരിക്കാന്‍ ദര്‍ശന് ഫോണ്‍ ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജയിലില്‍ നിന്ന് ദര്‍ശന്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
എന്നാല്‍ ചിിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ ഏഴ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ജയില്‍ സൂപ്രണ്ടിനെ സ്ഥലംമാറ്റുകയും ചെയ്തു. ഇത് കൂടാതെ നടനെ ഇന്ന് ബെംഗളുരു പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് മാറ്റിയേക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിര്‍ദേശപ്രകാരം ജയില്‍ മാറ്റാനായുള്ള നടപടികള്‍ ജയില്‍ വകുപ്പ് തിങ്കളാഴ്ച ആരംഭിച്ചിരുന്നു. ബെലഗാവി സെന്‍ട്രല്‍ ജയിലേക്കാവും പ്രതിയെ മാറ്റുക.