മലയാളിയുടെ ഭാവഗായകന്‍ പി ജയചന്ദ്രന്റെ വിയോഗത്തിന്റെ വേദനയിലാണ് സംഗീത ലോകം. മലയാളികള്‍ ഇഷ്ടപ്പെടുന്ന ഒരുപാട് ഗാനങ്ങള്‍ സമ്മാനിച്ച അദ്ദേഹത്തിന്റെ വിയോഗം സാധാരണക്കാരെയും കലാപ്രവര്‍ത്തകരെയും ഒരു പോലെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വളരെയധികം സങ്കടത്തോടെയാണ് അദ്ദേഹത്തിന്റെ മരണ വാര്‍ത്ത അറിഞ്ഞതെന്ന് ഗായിക കെഎസ് ചിത്ര പറഞ്ഞു. വയ്യാതിരിക്കുന്നു എന്ന് അറിഞ്ഞ സമയത്ത് മൂന്ന് തവണ ജയേട്ടനെ കാണാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ സന്ദര്‍ശകരെ അനുവദിക്കാത്തതിനാല്‍ അതിന് സാധിച്ചില്ലെന്നും വളരെയധികം സങ്കടത്തോടെ പറയുകയാണ് കെ എസ് ചിത്ര.
അദ്ദേഹത്തിന്റെ വിയോഗം മലയാള ചലച്ചിത്ര ശാഖയ്ക്ക് തീരാ നഷ്ടമാണെന്നും ചിത്ര പറഞ്ഞു 'ആദ്യമായിട്ടൊരു സെലബ്രിറ്റിയുടെ കൂടെ സ്റ്റേജ് ഷെയര്‍ ചെയ്യുന്നത് ജയേട്ടനൊപ്പമാണ്. എണ്‍പതുകളിലാണ് അദ്ദേഹത്തിനൊപ്പം പരിപാടികളില്‍ പങ്കെടുക്കുന്നത്. എന്റെ വീട്ടില്‍ വന്നിരുന്ന് ഒരുപാട് നേരം സംസാരിച്ചിരുന്നിട്ടുണ്ട്.
ഞാന്‍ ഭക്ഷണമുണ്ടാക്കി കൊടുത്തിട്ടുണ്ട് റാഫി സാറും സുശീലാമ്മയുമാണ് അദ്ദേഹത്തിന്റെ ഏറ്റവുമിഷ്ടപ്പെട്ട പാട്ടുകാര്‍. അവരെക്കുറിച്ച് വാതോരാതെ സംസാരിക്കും. പാട്ടുകളെക്കുറിച്ച് സംസാരിക്കുന്നതാണ് ഏറെയിഷ്ടം. പെങ്ങള്‍ മരിച്ചുപോയ സമയത്ത് പറഞ്ഞു, ഞാനാ സ്ഥാനത്താണ് നിന്നെ കാണുന്നതെന്ന് പറഞ്ഞു. അസുഖമാണെന്ന് അറിഞ്ഞിട്ട് ഞാന്‍ മൂന്നോ നാലോ തവണ കാണാന്‍ ശ്രമിച്ചിരുന്നു. പക്ഷേ അന്ന് സന്ദര്‍ശകരെ അനുവദിക്കാത്തതിനാല്‍ എനിക്ക് കാണാന്‍ സാധിച്ചില്ല, ഞാന്‍ ശ്രമിക്കാഞ്ഞിട്ടല്ല. കാണാന്‍ ശ്രമിച്ചിട്ടും അതിന് സാധിച്ചില്ല, അതെനിക്കൊരു വലിയ സങ്കടം തന്നെയാണ്. അദ്ദേഹത്തിന്റെ വിയോഗം മലയാള ചലച്ചിത്ര ശാഖയ്ക്ക് വലിയ നഷ്ടമാണ് ' ചിത്രയുടെ വാക്കുകള്‍.
മഞ്ജുവാര്യരും ദിലീപും ഓര്‍മ്മകള്‍ പങ്ക് വച്ചത് ഇങ്ങനെ:
ജയേട്ടാ എന്നായിരുന്നു രണ്ടുപേരും അദ്ദേഹത്തെ വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ വേര്‍പാട് അറിഞ്ഞപ്പോഴും ജയേട്ടാ എന്ന വിളി മറക്കാതെയാണ് രണ്ടു പേരും ഓര്‍മ്മകള്‍ കുറിച്ചത്.
അതില്‍ ദിലീപ് അദ്ദേഹത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്:
മലയാളത്തിന്റെ ഭാവഗായകന്‍.. പ്രിയപ്പെട്ട ജയേട്ടന്‍, അപ്രതീക്ഷിതമായ ഈ വിയോഗം എന്നെ സംബന്ധിച്ച് ഒരു തീരാനഷ്ടം കൂടിയാണ്. മലയാളിക്ക് മറക്കാനാവാത്ത ഒട്ടേറെ ഗാനങ്ങള്‍ നല്‍കിയ ഈ മഹാഗായകന്‍ എന്റെ കരിയറില്‍ എന്നും ഓര്‍ക്കുന്ന ഒട്ടനവധി ഹിറ്റ് ഗാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ലോകമെങ്ങുമുള്ള ഗാനാരാധകരെ പോലെ അദ്ദേഹത്തിന്റെ വിയോഗം എനിക്കും തീരാനഷ്ടമാണ്, ആരാധകരുടെയും കുടുംബത്തിന്റെയും തീരാനഷ്ടത്തില്‍ ഞാനും പങ്കുചേരുന്നു. ജയേട്ടാ മറക്കില്ലൊരിക്കലും??, മലയാളി പാട്ടു കേള്‍ക്കുന്ന കാലത്തോളം നിങ്ങള്‍ക്ക് മരണമില്ല ??
ദിലീപിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ പി ജയചന്ദ്രന്‍ പാട്ടുപാടിയിരുന്നു. മഴത്തുള്ളിക്കിലുക്കത്തിലെ തേരിറങ്ങും മുകിലേ.. തിളക്കത്തിലെ നീയൊരു പുഴയായ്.. തുടങ്ങിയ ഗാനങ്ങള്‍ അദ്ദേഹം പാടിയത് മഞ്ജു വാര്യരുടെ കൂടി തെരഞ്ഞെടുപ്പ് ആയിരുന്നു. ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞ ശേഷമാണ് അദ്ദേഹം മഞ്ജു വാര്യര്‍ക്കു വേണ്ടി വീണ്ടും പാടിയത്.
മഞ്ജുവാര്യര്‍ ആ ഓര്‍മ്മകള്‍ പങ്കുവച്ചത് ഇങ്ങനെയാണ്:
ഓര്‍മകളിലേക്കുള്ള തോണിയാണ് എനിക്ക് ജയേട്ടന്റെ ഓരോ പാട്ടും. എപ്പോള്‍ കേട്ടാലും അത് കുട്ടിക്കാലത്തിന്റെ അരികത്ത് കൊണ്ടുചെന്ന് നിര്‍ത്തും. സിനിമ കാണുന്നത് ഇഷ്ടമില്ലായിരുന്ന ഒരു കുട്ടിയെ ഒരു കളിപ്പാട്ടം പോലെ കൊതിപ്പിക്കുകയും സ്‌ക്രീനിലേക്ക് നോക്കിയിരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്ത ശബ്ദം. തീയറ്ററില്‍ കരഞ്ഞുവഴക്കുണ്ടായ ഏതോ ഒരു സന്ധ്യയിലാണ് ഞാന്‍ ജയേട്ടന്റെ ശബ്ദം ആദ്യമായി കേട്ടത്. വൈദേഹി കാത്തിരുന്താള്‍ എന്ന സിനിമയിലെ 'രാസാത്തി ഉന്നെ കാണാതെ നെഞ്ച്' എന്ന പാട്ട്. എന്തുകൊണ്ടാണെന്ന് ഇന്നുമറിയില്ല, കേട്ടപ്പോള്‍ എന്റെ കാതുകള്‍ ആ പാട്ടിന്റെ വഴിയേ പോയി. നിലാവുള്ള ആ രാത്രിയും,ആരുമില്ലാതെ ഒഴുകിനീങ്ങുന്ന കുട്ടവഞ്ചിയും,കല്‍പ്പടവുകളിലിരിക്കുന്ന വിജയകാന്തും ആ ശബ്ദത്തിനൊപ്പം എന്നേക്കുമായി ഹൃദയത്തില്‍ പതിഞ്ഞു.
ഓര്‍മയിലെ ആദ്യത്തെ സിനിമാവിഷ്വല്‍. എന്റെ കുട്ടിക്കാല ഓര്‍മകളില്‍ ഏറ്റവും പ്രിയപ്പെട്ടത്. വളരെ വളരെ എന്ന ആവര്‍ത്തനം കൊണ്ടുപോലും ആ പാട്ടിനോടുള്ള ഇഷ്ടം വിവരിക്കാനാകില്ല. അത്രയ്ക്കും അധികമാണ് ആ പാട്ട് എപ്പോള്‍ കേട്ടാലും തരുന്ന ആനന്ദവും ബാല്യത്തെക്കുറിച്ചുള്ള നഷ്ടബോധവും. ഇങ്ങനെ ഏതുതലമുറയ്ക്കും അവരുടെ ബാല്യത്തെയും കൗമാരത്തെയും യൗവനത്തെയും കുറിച്ചുള്ള ഓര്‍മകള്‍ തിരികെക്കൊടുത്തു ജയേട്ടന്‍. ഗൃഹാതുരതയില്‍ ശബ്ദത്തെ ചാലിച്ച ഗായകന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം 'എന്നും എപ്പോഴും' എന്ന സിനിമയിലെ 'മലര്‍വാകക്കൊമ്പത്ത്' അദ്ദേഹം പാടിയപ്പോള്‍ പ്രിയപ്പെട്ട പാട്ടുകളുടെ പട്ടികയിലേക്ക് ഒരെണ്ണം കൂടിയായി. ജയേട്ടന്റെ പാട്ട് നിലയ്ക്കുമ്പോള്‍ വല്ലാതെ വേദനിക്കുന്നത് അത് ജീവിതത്തിന്റെ എവിടെയൊക്കയോ തൊട്ടുനില്കുന്നതുകൊണ്ടാണ്. പ്രിയപ്പെട്ട പാട്ടുകാരന് യാത്രാമൊഴി.. എന്നാണ് മഞ്ജു കുറിച്ചത്.