തലസ്ഥാനത്തെ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവരുടെ കൂട്ടത്തില്‍ നടന്‍ ബിജു പപ്പനും കുടുംബവും. പുലര്‍ച്ചെ ഒരുമണിയോടെ നാട്ടുകാരും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും വന്ന് വീടിന്റെ വാതിലില്‍ മുട്ടിവിളിച്ചപ്പോഴാണ് കാര്യങ്ങളുടെ ഗൗരവം മനസിലായതെന്ന് ബിജു പപ്പന്‍ പറഞ്ഞു.
ഇനിയങ്ങോട്ട് വലിയ പ്രതിസന്ധികള്‍ പ്രദേശവാസികള്‍ നേരിടേണ്ടിവരുമെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. വെള്ളം കയറാന്‍ സാധ്യതയുണ്ടെന്നാണ് ഒരുമണിയോടെ വീട്ടിലേക്ക് വന്നവര്‍ പറഞ്ഞതെന്ന് അദ്ദേഹം പ്രതികരിച്ചു. അമ്പത് വര്‍ഷത്തോളമായി ഇവിടെ താമസിക്കുന്നു. ഇതുവരെ വീട്ടില്‍ വെള്ളം കയറിയിട്ടില്ലായിരുന്നു. അടുക്കളഭാഗത്തേക്ക് നോക്കുമ്പോള്‍ വെള്ളം ഇരച്ചുകയറുകയാണ്.
പുലര്‍ച്ചെ അഞ്ചുമണി ആയപ്പോഴേക്കും വീടിന്റെ മുന്‍വശത്തെ ചുവരുവരെ വെള്ളം നിറഞ്ഞുകഴിഞ്ഞു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഭാര്യയുടെ അച്ഛന്‍ സുഖമില്ലാതെ കിടക്കുകയാണ്. ജീവിതത്തില്‍ ഇതാദ്യത്തെ അനുഭവമാണെന്നും ബിജു പപ്പന്‍ പറഞ്ഞു.
സാധാരണ മഴപെയ്ത് വെള്ളം കയറിയാല്‍ മഴനിന്ന് അധികം താമസിക്കാതെ വെള്ളമിറങ്ങും. ചുറ്റുമുള്ള പലരുടേയും അനുഭവം നമ്മള്‍ നേരില്‍ക്കണ്ടിട്ടുണ്ട്. ആമയിഴഞ്ചാന്‍ തോടിന്റെ ഇരുകരകളിലും ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ മതില്‍ കെട്ടിപ്പോയപ്പോള്‍ അതിനായെടുത്ത മണ്ണും തോടിന് നടുവിലിട്ടു. ആ മണ്ണ് നീക്കിയാല്‍ത്തന്നെ ഒരുവിധം പ്രശ്നം മാറും. ഇപ്പോഴുണ്ടായത് വലിയ ബുദ്ധിമുട്ടാണ്. ഇനിയങ്ങോട്ട് വലിയ പ്രതിസന്ധികള്‍ പ്രദേശവാസികള്‍ നേരിടേണ്ടിവരുമെന്നാണ് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.