മിനിസ്‌ക്രീനിലേക്ക് വിടര്‍ന്ന കണ്ണുകളും നീണ്ട മുടിയുമായി എത്തിയ അഭിനേത്രിയാണ് അവന്തിക മോഹന്‍. ബിഗ്സ്‌ക്രീനില്‍ നിന്നും മിനിസ്‌ക്രീനിലേക്ക് എത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ആത്മസഖി എന്ന പരമ്പരയിലെ നന്ദിത എന്ന കഥാപാത്രമായിട്ടാണ് അവന്തിക മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ഇടം പിടിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ പരമ്പരയും നന്ദിത എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പരമ്പര വിജയകരമായി മുന്നേറുന്നതിനിടെയാണ് അവന്തിക സീരിയലില്‍ നിന്നും പിന്മാറിയത്.
പരമ്പരയില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായിരുന്നു അവന്തിക. വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പങ്കുവെക്കാറുണ്ട് താരം. ക്ഷണനേരം കൊണ്ടാണ് താരത്തിന്റെ പല പോസ്റ്റുകളും വൈറലായി മാറുന്നത്. ബേബി ഷവര്‍ ചിത്രങ്ങളും നിറവയറിലുള്ള നൃത്തവുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. താരം തന്നെയാണ് ഡാന്‍സ് ചെയ്യുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഗര്‍ഭിണികള്‍ക്ക് നൃത്തം ചെയ്യാനാവില്ലെന്ന് ആര് പറഞ്ഞുവെന്നും ആരോഗ്യവതിയായിരിക്കാനുള്ള മികച്ച മാര്‍ഗങ്ങളിലൊന്നാണ് നൃത്തമെന്നുമുളള കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചത്. പ്രിയനായികയുടെ ഡാന്‍സ് വീഡിയോ നിമിഷം നേരെ കൊണ്ടാണ് വൈറലായത്. അവന്തികയുടെ കുഞ്ഞോമനയെ കാണാനുളള കാത്തിരിപ്പിലാണ് ആരാധകര്‍. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ കുഞ്ഞതിഥിയെത്തിയതിന്റെ സന്തോഷവും പങ്കുവച്ച അവന്തിക ഇപ്പോള്‍ തങ്ങള്‍ കുഞ്ഞിന് പേരിട്ടെന്ന് പറഞ്ഞു കൊണ്ട് കുഞ്ഞിന്റെ ചിത്രം പങ്കുവച്ചിരിക്കയാണ്. രുദ്രൗണ്‍ഷ് എന്നാണ് ഞങ്ങള്‍ കുഞ്ഞിനു പേരിട്ടിരിക്കുന്നത്. കുഞ്ഞിന് ഒന്നരമാസം പ്രായമേ ആയിട്ടുളളു. താനും ഭര്‍ത്താവും കുഞ്ഞിന്റെ ചിരിയിലും സ്‌നേഹത്തിലുമാണ് ഇപ്പോഴെന്നും അവന്തിക കുറിച്ചിട്ടുണ്ട്. സുഖപ്രസവമായിരുന്നുവെന്നും തങ്ങളുടെ ജീവിതത്തിലേക്കെത്തിയ രാജകുമാരനെ സ്വാഗതം ചെയ്യുന്നുവെന്നും വ്യക്തമാക്കി താരം മുന്‍പ് പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലായിരുന്നു.
അവന്തിക കേന്ദ്ര കഥാപാത്രമായ ആത്മസഖിയില്‍ നിന്നും പിന്‍മാറിയതോടെ അതിനെതിരെ കടുത്ത പ്രതിഷേധമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ഉണ്ടായത്. നന്ദിത എന്ന കഥാപാത്രമായി പ്രേക്ഷകര്‍ അത്രത്തോളം അവന്തികയെ ഉള്‍ക്കൊണ്ടിരുന്നു. അവന്തികയ്ക്കു പകരം മറ്റൊരു താരം നന്ദിതയായി എത്തിയതിനെതിരെയും പ്രേക്ഷകര്‍ പ്രതികരിച്ചിരുന്നു. അവന്തിക സീരിയലിലേക്ക് മടങ്ങി വരണമെന്നായിരുന്നു പ്രേക്ഷകരുടെ ആവശ്യം. എന്നാല്‍ ഗര്‍ഭിണിയാണെന്നും ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതിനാലുമാണ് താന്‍ പരമ്പരയില്‍ നിന്നും പിന്‍വാങ്ങിയതെന്നായിരുന്നു അവന്തിക പറഞ്ഞത്. ഇതോടെയാണ് ആരാധകര്‍ക്ക് സമാധാനമായത്. കുഞ്ഞ് എത്തിയതോടെ ഇനി അവന്തിക മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തുമോ എന്ന പ്രതീക്ഷയിലാണ് സീരിയല്‍ ആരാധകര്‍.