നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് ഹിറ്റായ 'പ്രേമം' എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് അനുപമ പരമേശ്വരന്‍.പിന്നീട് തമിഴിലും മലയാളത്തിലുമൊക്കെയായി ഒരുപിടി നല്ല ചിത്രങ്ങള്‍ ചെയ്ത അനുപമ ഇപ്പോള്‍ തെലുങ്കിലെ സൂപ്പര്‍ നായികമാരില്‍ ഒരാളായി തിളങ്ങുകയാണ്
തെലുങ്ക് സിനിമയില്‍ സജീവമായ അനുപമ വിവാഹിതയാവാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം മുതല്‍ തെലുങ്ക് മാധ്യമങ്ങള്‍ ആഘോഷമാക്കുന്നത്. അനുപമ പരമേശ്വരനും നടന്‍ രാം പൊത്തിനേനിയും പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്ന് ആയിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വിവാഹിതരാകാന്‍ വേണ്ടി ഇരുവരും കുടുംബത്തിന്റെ അനുമതി തേടുകയാണെന്നായിരുന്നു റിപ്പോര്‍ട്ട്.
വാര്‍ത്ത പ്രചരിച്ചതോടെ കേള്‍ക്കുന്ന റിപ്പോര്‍ട്ടുകളെല്ലാം തെറ്റാണെന്നും അങ്ങനെയൊന്നും നടന്നിട്ടില്ലെന്നും നടിയുടെ മാതാവ് പ്രതികരിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയുമായി നടി പ്രണയത്തിലാണെന്നും നേരത്തെ ഗോസിപ്പുണ്ടായിരുന്നു. ഇതിനുപിന്നാലെ തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്ന് അനുപമ പ്രതികരിച്ചു. അതോടെ ആ ഗോസിപ്പ് അവസാനിക്കുകയായിരുന്നു.
നേരത്തെ രണ്ട് സിനിമകളില്‍ അനുപമയും രാം പൊതിനേനിയും ഒരുമിച്ച് അഭിനയിച്ചിരുന്നു. വന്നതി ഒകടേ സിന്ദഗി, ഹലോ ഗുരു പ്രേമ കോസമേ എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ഇതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ പ്രചരിക്കുന്നത്. അതേസമയം ബട്ടര്‍ഫ്ളൈ ആണ് അനുപമയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നിരവധി സിനിമകളാണ് അനുപമയുടേതായി അണിയറയിലുള്ളത്.