സിനിമാലോകത്തെ മീടൂ ആരോപണങ്ങളില്‍ ഇരകള്‍ക്ക് പിന്തുണ അറിയിച്ച് തമിഴിലെ പ്രമുഖ നടിമാര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ തമിഴ് സംവിധായകന്‍ സുസി ഗണേശനെതിരെയുള്ള ലീന മണിമേഖലയുടെ മീ ടു ആരോപണം ശരിവച്ച് അമലാപോള്‍ രംഗത്തെത്തിയിരിക്കയാണ്. സുസി ഗണേശനില്‍ നിന്നും തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയാണ് അമല, ലീനയ്ക്ക് പിന്തുണയുമായി എത്തിയത്
ഇന്ത്യന്‍ സിനിമയില്‍ വലിയൊരു തരംഗമാണ് മീടൂ ഉണ്ടാക്കിയിരിക്കുന്നത്. പല പ്രമുഖ നടന്മാരും മീടൂ ആരോപണത്തില്‍ അകപ്പെട്ടിരിക്കയാണ്. പ്രശസ്തരായ നടന്മാരെക്കുറിച്ച് ഇത്തരത്തിലുളള വെളിപ്പെടുത്തലുകള്‍ സിനിമാലോകത്ത് ഉണ്ടാക്കിയ ഞെട്ടല്‍ ചെറുതൊന്നുമല്ല. 2005 ല്‍ ചാനല്‍ അഭിമുഖത്തിനു ശേഷം വീട്ടിലേക്കു പോകുന്നതിനിടെയാണു ഗണേശന്‍ മോശമായി പെരുമാറിയതെന്നാണ് ലീന മണിമേഖല ആരോപിച്ചത്. ഇത നോടുളള പ്രതികരണമായാണ് അമല ട്വീറ്റ് ചെയ്തത്. ലീനയ്ക്ക് സംഭവിച്ചതെന്താണെന്ന് തനിക്ക് മനസ്സിലാകുമെന്നും സ്ത്രീകള്‍ക്ക് യാതൊരു ബഹുമാനവും കൊടുക്കാത്ത ഇരട്ട വ്യക്തിത്വമുള്ള ആളാണ് സുസിയെന്നും അമല ട്വിറ്റില്‍ പറയുന്നു.
സുസി സംവിധാനം ചെയ്ത തിരുട്ടുപയലെ 2വിലെ നായികയായിരുന്നു ഞാന്‍. പ്രധാനനായികയായിട്ടു കൂടി എനിക്കും മോശമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നു. ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍, അശ്ലീലചുവയോടെ സംസാരിക്കുക, വേറെ അര്‍ത്ഥം വെച്ചുള്ള ഓഫറുകള്‍, ആവശ്യമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കുക. ഇതൊക്കെ തിരുട്ടുപയലേ 2വില്‍ അനുഭവിക്കേണ്ടി വന്നു. മാനസികമായി തളര്‍ന്നുപോയെന്നുപറയാം. അതുകൊണ്ട് തന്നെ ലീന പറയുന്ന കാര്യങ്ങള്‍ എനിക്ക് മനസ്സിലാക്കാന്‍ കഴിയും.
പൊതുസമൂഹത്തിന് മുന്നില്‍ ഇതു തുറന്നുപറയാന്‍ കാണിച്ച അവളുടെ ചങ്കൂറ്റത്തെ ഞാന്‍ അഭിനന്ദിക്കുന്നു. ഇങ്ങനെയുള്ളവര്‍ സ്വന്തം ഭാര്യയെയും മക്കളെയും ഒരു രീതിയിലും അയാളുടെ തൊഴിലിടങ്ങളിലെ സ്ത്രീകളെ മോശമായ രീതിയിലും കാണുന്നു. അവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഏത് സാഹചര്യം വന്നാലും അവര്‍ വിട്ടുകളയില്ല. നമ്മുടെ യഥാര്‍ത്ഥ കഴിവുകള്‍ പുറത്തുകാണിക്കാന്‍ കഴിയാതെ വരുന്നതിന്റെ കാരണവും ഇതൊക്കെ തന്നെയാണ്.'
മീ ടു പോലുള്ള ക്യാംപെയ്‌നുകളിലൂടെ ഇതിനൊരു മാറ്റമുണ്ടാകുമെന്ന് വിശ്വസിക്കുന്നു. ഇതിനായി ഗവണ്‍മെന്റും നീതി വ്യവസ്ഥയും ശക്തമായ നടപടികളുമായി മുന്നോട്ട് വരണമെന്നാണ് എന്റെ അഭിപ്രായം.'ഇത്തരത്തിലായിരുന്നു അമലയുടെ ട്വീറ്റ്.
2005 ല്‍ ചാനല്‍ അഭിമുഖത്തിനു ശേഷം വീട്ടിലേക്കു പോകുന്നതിനിടെയാണു ഗണേശന്‍ മോശമായി പെരുമാറിയതെന്നാണ് ലീന ആരോപിച്ചത്. വീട്ടില്‍ വിടാമെന്നു പറഞ്ഞു കാറില്‍ കയറ്റി. കാര്‍ നീങ്ങിയ ഉടന്‍ ഗണേശന്റെ വീട്ടിലേക്കു പോകാമെന്നു നിര്‍ബന്ധിച്ചതായും ഡോറുകള്‍ ലോക്ക് ചെയ്ത് തന്റെ മൊബൈല്‍ ഫോണ്‍ എടുത്തു വലിച്ചെറിഞ്ഞെന്നും ലീന പറയുന്നു. കൈവശമുണ്ടായിരുന്ന ചെറിയ കത്തികൊണ്ടു സ്വയം മുറിവേല്‍പ്പിക്കുമെന്നു പറഞ്ഞതോടെയാണു ഗണേശന്‍ പിന്‍മാറിയത്.
2015 ല്‍ ഗണേശന്റെ പേരു വെളിപ്പെടുത്താതെ ഈ സംഭവം ലീന ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ഡബ്ല്യുസിസിയുടെ വാര്‍ത്താ സമ്മേളനം ടിവിയില്‍ കണ്ടതോടെയാണു തനിക്കു പേരുള്‍പ്പെടെ തുറന്നു പറയാനുള്ള ധൈര്യം ലഭിച്ചതെന്നും ലീന പറഞ്ഞു. എന്നാല്‍ ആരോപണം നിഷേധിച്ച ഗണേശന്‍, ക്ഷമാപണം നടത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. നിയമനടപടി പേടിച്ച് ഇനിയും മിണ്ടാതിരിക്കില്ലെന്നാണ് ലീന ഇതിനോടു പ്രതികരിച്ചത്.