വിമാനത്താവളത്തിലെ സുരക്ഷാ നടപടികള്‍ക്കിടെ തെലുഗ് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ മാസ്‌ക് മാറ്റാന്‍ പ്രകടിപ്പിച്ച മടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ്. രാജ്യസുരക്ഷയുടെ ഭാഗമായുള്ള അടിസ്ഥാനപരമായ നിയമങ്ങള്‍ പാലിക്കുന്നതില്‍ സെലിബ്രിറ്റികള്‍ക്കുള്ള ഉത്തരവാദിത്തത്തെക്കുറിച്ചുള്ള ഗൗരവതരമായ ചോദ്യങ്ങളും ഈ സംഭവത്തിലൂടെ ഉയര്‍ത്തുന്നു.
മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് സംഭവങ്ങളുടെ തുടക്കം. സുരക്ഷാ പരിശോധനയുടെ ഭാഗമായി, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന്‍ തിരിച്ചറിയലിനായി അല്ലു അര്‍ജുനോട് അദ്ദേഹത്തിന്റെ മാസ്‌കും സണ്‍ഗ്ലാസ്സും മാറ്റാന്‍ ആവശ്യപ്പെട്ടു.
ഈ നിര്‍ദ്ദേശത്തോട് താരം ആദ്യമേ തന്നെ ഉള്‍വലിയുന്ന മനോഭാവം പ്രകടിപ്പിക്കുകയും ഉദ്യോഗസ്ഥനുമായി സംസാരിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ അടങ്ങിയ ഒരു വീഡിയോ അതിവേഗം പ്രചരിച്ചതോടെയാണ് വിഷയം പൊതുശ്രദ്ധ നേടിയത്. ഏതാനും നിമിഷങ്ങള്‍ക്കു ശേഷം താരം മാസ്‌ക് പെട്ടെന്ന് മാറ്റി മുഖം വ്യക്തമാക്കുകയും തുടര്‍ന്ന് യാത്രയ്ക്കുള്ള അനുമതി നേടുകയും ചെയ്തു.
അതേസമയം, ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ താരത്തിന്റെ നിലപാടിനെതിരെ ശക്തമായ പ്രതികരണങ്ങള്‍ ഉയര്‍ന്നു. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും, താരപരിവേഷം നിയമപരമായ നടപടിക്രമങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ഉപാധിയല്ലെന്നും നിരവധി പേര്‍ അഭിപ്രായപ്പെടുകയും ചെയ്തു. ഒരു അടിസ്ഥാന സുരക്ഷാ ചട്ടം പാലിക്കുന്നതില്‍ കാണിച്ച താത്പര്യക്കുറവ്, പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിക്ക് ചേര്‍ന്നതല്ല എന്ന വിമര്‍ശനവും വ്യാപകമായി.