മലയാളത്തിലെ ശ്രദ്ധേയയായ ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ഏനുണ്ടോടീ അമ്പിളിച്ചന്തം എന്ന ഒറ്റ ഗാനത്തിലൂടെ മലയാളി മനസുകളില്‍ ചേക്കേറാന്‍ സിത്താരയ്ക്ക് കഴിഞ്ഞു. തുടർന്ന് നിരവധി ഗാനങ്ങളാണ് താരത്തെ തേടി എത്തിയതും. പാട്ടു കൊണ്ടും വര്‍ത്തമാനം കൊണ്ടും പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയ താരത്തിന് ഇന്ന് ഏറെ ആരാധകരാണ് ഉള്ളത്. എന്നാൽ ഇപ്പോൾ ചെറുപ്പത്തിലെ തന്നെ ഇന്നും ആളുകൾ ഓർക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും എന്നാൽ ഇതിലെ ചില കമന്റുകൾ വിചിത്രവും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സിത്താര ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
സിതാരയുടെ കുറിപ്പിങ്ങനെ,
എനിക്ക് 19 വയസ്സുള്ളപ്പോഴത്തെ വീഡിയോ ആണിത്. ചെറുപ്പത്തിലെ എന്നെ ആളുകൾ ഓർക്കുന്നതും അഭിനന്ദിക്കുന്നതും സന്തോഷം തന്നെയാണ്. അതിൽ നന്ദിയുമുണ്ട്. പക്ഷെ ചില അഭിപ്രായങ്ങൾ വിചിത്രവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. അതുകൊണ്ട് ചെറുപ്പക്കാരായ സംഗീത വിദ്യാർത്ഥികളോട് വോയ്സ് കൾച്ചറിനെയും വോക്കൽ ട്രെയ്നിംഗിനെയും കുറിച്ച് ചില കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുകയാണ്.
വീഡിയോയിൽ ഞാൻ സംസാരിക്കുമ്പോൾ നിങ്ങൾ കേൾക്കുന്ന ആ ശബ്ദത്തിന് എന്റെ നിഷ്‌കളങ്കതയോ സംസ്‌കാരമോ ‘നല്ല പെൺകുട്ടിത്തരമോ’ ആയി ഒരു ബന്ധവുമില്ല. വർഷങ്ങളോളം അശാസ്ത്രീയമായി ശബ്ദ പരിശീലനം നടത്തിയതിന്റെയും മത്സരങ്ങൾക്ക് വേണ്ടി മറ്റു ഗായകരുടെ പാട്ടുകൾ നിരന്തരം പാടി പഠിച്ചതിന്റെയും ഭാഗമായാണ് ആ നേർത്ത ശബ്ദമുണ്ടായത്.
എനിക്ക് അന്നും പാടാൻ പറ്റുമായിരുന്നു, പക്ഷെ അത് ശരീരവും മനസുമൊന്നും അറിഞ്ഞും നിറഞ്ഞും പാടുന്നതായിരുന്നില്ല, വെറും തൊണ്ടയുടെ പണി മാത്രമായിരുന്നു. പിന്നീട് എന്റെ യഥാർത്ഥ ശബ്ദം കണ്ടെത്താൻ സഹായിച്ച അധ്യാപകരോടും വോയ്സ് ട്രെയ്നർ ലിജോ കെ. ജോസിനോടും ഒരുപാട് നന്ദിയുണ്ട്. ആ ശബ്ദം ആളുകൾക്ക് ഇഷ്ടമാണോ അല്ലയോ എന്നുള്ളത് വേറെ കാര്യമാണ്. പക്ഷെ, ഞാൻ എന്റെ ശബ്ദത്തിൽ പൂർണ്ണ തൃപ്തയാണ്. എനിക്ക് നല്ല സമാധാനവുമുണ്ട്. അതുമാത്രമാണ് ഞാൻ ശരിക്കും ആഗ്രഹിക്കുന്നതെന്ന് ഇന്നെനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും