മലയാള സിനിമയിൽ ഒരുപാട് മികച്ച വേഷങ്ങൾ ചെയ്‌ത നടനായിരുന്നു ടി പി മാധവൻ. മലയാള സിനിമ ലോകത്തിൽ തന്റെ കയ്യൊപ്പ് ചാർത്തുകയും പിന്നീട് പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറുകയും ചെയ്‌ത ടി പി മാധവന്റെ ജീവിതം ആരെയും കണ്ണുനീർ അണിയിക്കുന്ന ഒന്നാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ വാർത്തയും വിശേഷവും ചർച്ചയാവുകയാണ്. മലയാള സിനിമയിൽ ഇപ്പോഴും മികച്ച വേഷങ്ങൾ അഭിനയിക്കുന്നവർ ടി പി മാധവനെ മറന്നെങ്കിലും അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാൻ ഒരു മിടുക്കിക്കുട്ടി എത്തിയതാണ് ഇപ്പോൾ വൈറലാകുന്നത്.
കോട്ടയം ജില്ലയിലെ ചിറക്കടവ് സ്വദേശിനിയായ പത്താംക്ലാസുകാരിയുമായ ചിന്മയി നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ പേരിടൽ കർമ്മമായിരുന്നു നടന്നത്.ടിപി മാധവൻ്റെ അനുഗ്രഹത്താലും, സാനിധ്യത്താലുമാണ് ചടങ്ങ് നടന്നത്. ‘ക്ലാസ് ബൈ എ സോള്‍ജിയര്‍’ എന്ന സിനിമയുടെ ടൈറ്റില്‍ ലോഞ്ചിങ്ങ് ചടങ്ങിനായിരുന്നു സിനിമയുടെ അണിയറപ്രവർത്തകർ ടി പി മാധവനെ കാണാൻ എത്തിയത്. ചിത്രത്തിൽ നായികയായെത്തുന്നത് മീനാക്ഷിയാണ്. വിജയ് യേശുദാസാണ് ചിത്രത്തിൽ നായകനാകുന്നത്.
ടി പി മാധവനെ കാണാൻ എത്തിയ ചടങ്ങിൽ ടെലിവിഷന്‍ അവതാരകനും ജ്യോത്സ്യനുമായ ഹരി പത്തനാപുരം, ഗാന്ധിഭവന്‍ മാനേജിങ് ട്രസ്റ്റി ഡോ.പുനലൂര്‍ സോമരാജന്‍, നിര്‍മാതാവ് സാബു കുരുവിളയും പങ്കെടുത്തു. ഗാന്ധിഭവനിലെ അന്തേവാസികൾക്കൊപ്പം സ്നേഹം പങ്കുവെച്ചും ഭക്ഷണം കഴിച്ചതിനും ശേഷമാണ് അവിടെ നിന്ന് ചലച്ചിത്രപ്രവര്‍ത്തകര്‍ മടങ്ങിയത്. ടി പി മാധവൻ്റെ മകൻ രാജകൃഷ്ണമേനോന്‍ ബോളിവുഡിൽ അറിയപ്പെടുന്ന സംവിധായകനാണ്. അറുനൂറിലേറെ സിനിമകളിൽ അഭിനയിച്ച അദ്ദേഹത്തിന്റെ അനുഗ്രഹത്തിൽ സന്തോഷിക്കുകയാണ് ചിത്രത്തിലെ അണിയറപ്രവർത്തകർ. മകന് കേവലം രണ്ടര വയസ് മാത്രം പ്രായമുള്ള സമയത്താണ് ടി പി മാധവൻ കുടുംബത്തെ ഉപേക്ഷിച്ച് സിനിമയ്ക്ക് മാത്രമായി ജീവിതം മാറ്റിവെക്കുന്നത്.