യുവനടിയെ ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് മുൻകൂർ ജാമ്യം കോടതി നൽകിയതിലൂടെ വിശ്വാസം നഷ്‌ടമായി എന്ന് തുറന്ന് പറയുകയാണ് നടി മാല പാർവതി. ഒരു ന്യൂസ് ചാനലിനോട് വിജയ് ബാബുവിനു ജാമ്യം അനുവദിച്ച കോടതി നടപടിയില്‍ അതൃപ്തിയുമായി നടി മാല പാർവ്വതി സംസാരിക്കുകയായിരുന്നു.
വിജയ് ബാബുവിന്റെ കയ്യിലുള്ള തെളിവുകള്‍ വെച്ച് അദ്ദേഹത്തിന് മുന്‍കൂർ ജാമ്യം ലഭിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ കയ്യിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൃത്യമായ അന്വേഷണം നടന്നാല്‍ മാത്രമേ സമൂഹത്തിന് ശരിയായ ഒരു സന്ദേശം ലഭിക്കുകയുള്ളു. രണ്ട് പേർ തമ്മിൽ പ്രണയത്തിലാവുന്നതോ? ലെെംഗിക ബന്ധത്തിൽ ഏർപ്പെട്ടോ ? അത്തരം വാദങ്ങളിൽ അന്വേഷണം നടക്കട്ടെ. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുന്നു എന്ന് പറയുന്നത് നാളെ ഒരു പ്രവണതായി മാറും. യുവതി മുന്നോട്ട് വെച്ച പരാതിയിലെ ശരിയോ തെറ്റോ കോടതി പറയട്ടെ. അതുവരെ ആ പെണ്‍കുട്ടിക്ക് നിയമം നല്‍കുന്ന പരിരക്ഷ ലഭിക്കുകയാണ് വേണ്ടത്.
ആരോപണ വിധേയനായ വിജയ് ബാബുവിന്റെ വാദങ്ങള്‍ മാത്രം വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാന്‍ കഴിയില്ല. പരാതി ഉന്നയിച്ച പെണ്‍കുട്ടിയുടെ വാദങ്ങള്‍ അറിയാന്‍ താല്‍പര്യമുള്ളവരും ഇവിടെയുണ്ട്. ഈ കേസില്‍ എവിടെയാണ് വിചാരണ നടന്നത്. പരാതിക്ക് പിന്നാലെ വിജയ് ബാബു നടത്തിയ ഫേസ്ബുക്ക് ലൈവിന് വെല്ലുവിളിയുടെ സ്വഭാവമായിരുന്നു. മാലാ പാർവതി പറയുന്നു.
സർക്കാറിലും പോലീസിലും കോടതിയിലുമെല്ലാം നമുക്ക് വിശ്വാസമുണ്ടല്ലോ. പക്ഷെ ആ വിശ്വാസമെല്ലാം അവിശ്വാസമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. ചില കാര്യങ്ങളിൽ സ്വാധീനമുണ്ടെന്ന് തന്നെ വേണം പറയാൻ. ഈ വിഷയത്തിൽ നിസംഗതയാണ് ഉള്ളതെന്നും മലാ പാർവതി പ്രതികരിച്ചു.