മലയാളി പ്രേക്ഷകരെ പലതരം മേക്കോവറിലൂടെ അത്ഭുതപെടുത്താറുള്ള നടിയാണ് ലെന. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുക്കാൻ ലെനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവച്ച് എത്താറുമുണ്ട്. എന്നാൽ ഇപ്പോൾ ലണ്ടനിൽ നിന്നും മടങ്ങിയെത്തിയ തനിക്ക് കോവിഡ് പോസിറ്റീവാണെന്ന നിലയിൽ പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് തുറന്ന് പറയുകയാണ് നടി ലെന. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ചില ഓൺലൈൻ മാധ്യമങ്ങൾ നൽകിയ വാർത്ത അടിസ്ഥാന രഹിതമാണെന്നും അത് പ്രചരിപ്പിക്കരുതെന്നും താരം അഭ്യർത്ഥിക്കുന്നു.
താരത്തിന്റെ പോസ്റ്റിലൂടെ...
ഞാൻ കോവിഡ് പോസിറ്റീവ് ആണെന്നും ബാംഗ്ലൂരിൽ ആശുപത്രിയിലാണെന്നും ഒരു വ്യാജ വാർത്ത ഓൺലൈൻ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രചരിക്കുന്നു. ഇത് തീർത്തും വ്യാജമാണ്. ഞാൻ യുകെയിൽ നിന്ന് വന്നത് ഒരു നെഗറ്റീവ് ആർടിപിസിആർ പരിശോധന ഫലവുമായാണ്. നിലവിലെ കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി, ബാംഗ്ലൂർ ഗവൺമെന്റ് ആശുപത്രിയിൽ, യുകെയിൽ നിന്ന് വരുന്ന യാത്രക്കാർക്കായി ഏർപ്പെടുത്തിയിട്ടുള്ള ക്വാറന്റൈനിലാണ് ഞാൻ.
ജീനോം സീക്വൻസിങ് പരിശോധനാ ഫലത്തിനായി കാത്തിരിക്കുന്നു. ഞാൻ കോവിഡ് പോസിറ്റീവ് ആണെന്ന് ഓൺലൈൻ മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്യുന്നു. ദയവായി ഈ വാർത്ത പങ്കിടരുത്. ഞാൻ ഇവിടെ സുരക്ഷിതയാണ്. നിങ്ങളുടെ ആശങ്കയ്ക്കും പ്രാർത്ഥനയ്ക്കും നന്ദി.