മീടൂ പരാമര്‍ശത്തില്‍ മോഹന്‍ലാലിനെതിരെ പ്രതികരണവുമായി നടി പത്മപ്രിയയും രംഗത്ത്. മീ ടു വിഷയത്തിലെ മോഹന്‍ലാലിന്റെ കാഴ്ച്ചപ്പാടും അഭിമുഖത്തിലെ അദ്ദേഹത്തിന്റെ ശരീരഭാഷയും പുരുഷാധിപത്യ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നാണ് പത്മപ്രിയയുടെ പ്രതികരണം. നടന്‍ മോഹലാലിനെതിരെ പേരെടുത്തു പറയാതെ രേവതി നടത്തിയ വിമര്‍ശനത്തിനു പുറകേയാണ് പത്മപ്രിയയുടെ പ്രതികരണം. മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി നടി രേവതി രംഗത്തെത്തിയിരുന്നു. മീടൂ പലര്‍ക്കും ഫാഷനാണെന്ന മോഹന്‍ലാലിന്റെ പരാമര്‍ശത്തിനെതിരെ ട്വിറ്ററിലൂടെയായിരുന്നു രേവതിയുടെ വിമര്‍ശനം. ചൊവ്വയില്‍ നിന്നും വന്നവര്‍ക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല. എന്തുകൊണ്ട് തുറന്നുപറയേണ്ടി വരുമെന്ന് അറിയില്ല. ഈ പറച്ചില്‍ എന്ത് മാറ്റംവരുത്തുമെന്നും അറിയില്ലെന്നുമായിരുന്നു രേവതി ട്വിറ്ററില്‍ കുറിച്ചത്.
ഇതിനു പിന്നാലെയാണ് നടി പത്മപ്രിയയും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. മീ ടു വിഷയത്തിലെ മോഹന്‍ലാലിന്റെ കാഴ്ച്ചപ്പാടും അഭിമുഖത്തിലെ അദ്ദേഹത്തിന്റെ ശരീരഭാഷയും പുരുഷാധിപത്യ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നാണ് പത്മപ്രിയ പ്രതികരിച്ചത്. വലിയൊരു കൂട്ടം മനുഷ്യര്‍, സ്ത്രീകള്‍ മറ്റു ചിലരുടെ മനോഭാവത്തിനും കാഴ്ച്ചപ്പാടുകള്‍ക്കും കീഴില്‍ എന്നും നിലകൊള്ളണമെന്നുള്ള നിലപാടാണത്. മീടൂ മൂവ്മെന്റിന്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന അതിനെ നിരാകരിക്കുന്ന ഇത്തരത്തിലുള്ള ആളുകള്‍ തനിക്ക് അത്ഭുതമാണെന്നും. ആരോപണങ്ങള്‍ ആനുകൂല്യമാക്കുന്ന ഉഴപ്പന്‍ പുരുഷ മനസിനെയാണ് അദ്ദേഹം പ്രതിഫലിപ്പിക്കുന്നതെന്നുമാണ് പത്മപ്രിയ വിമര്‍ശിച്ചത്.
പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം കണ്ടെത്തുന്നതിനായി ഡിസംബര്‍ ഏഴിന് അബുദാബിയില്‍ നടക്കുന്ന ഒന്നാണ് നമ്മള്‍ എന്ന ഷോയെക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് മോഹന്‍ലാല്‍ മീ ടൂവിനെക്കുറിച്ച് പരാമര്‍ശിച്ചത്. മീ ടു ഒരു പ്രസ്ഥാനമല്ലെന്നും ചിലര്‍ക്ക് അതൊരു ഫാഷനാണെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്. അതിനെതിരെ ഡബ്ല്യുസിസി അംഗങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തുകയാണ്.