മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം ലൂസിഫറിന്റെ ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ ജനം വിധിയെഴുതി..ഇത് കേരളക്കര കണ്ട മഹാവിജയം. തിരുവനന്തപുരം ന്യു തിയേറ്ററിൽ ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ ആവേശത്തിരയിൽ ലാലേട്ടനും രാജുവേട്ടനും ആർപ്പുവിളിച്ചപ്പോൾ സംവിധായക പ്രതിഭയുടെ അമ്മ മല്ലികാ സുകുമാരൻ എത്തുകയും ചെയ്തതോടെ ഇരട്ടി മധുരമാണ് പ്രേക്ഷകർക്ക് ലഭിച്ചത്.
അമ്മേ ഇത് 200 കോടി ക്ലബിൽ കയറുമെന്നുറപ്പ് എന്ന് ആരാധകൻ സന്തോഷത്തോടെ പറഞ്ഞപ്പോൾ ഇത് ദൈവത്തിന്റെ അനുഗ്രഹമെന്ന് മല്ലിക. നിറ കണ്ണുകളോടെയാണ് ആരാധകർ പൃഥ്വിരാജിനും മോഹൻലാലിനും ആർപ്പു വിളിക്കുന്നത് മല്ലിക കണ്ടു നിന്നത്.
ചിത്രം താൻ കാണാൻ പോകുന്നതേയുള്ളുെവന്നും പ്രേക്ഷകരുടെ മനസ് നിറഞ്ഞുവെന്ന സന്തോഷത്തിലാണ് ഷോയ്ക്ക് കയറുന്നതെന്നും മല്ലിക പറയുന്നു. മകന്റെ ആദ്യ സംവിധാന സംരംഭം എന്ന നിലയിൽ എന്ത് പറയുന്നുവെന്ന് ചോദിച്ചപ്പോൾ 'അമ്മയുടെ കണ്ണിന് അമൃതം പോലെ ജന്മത്ത് ചെയ്‌തൊരു സുകൃതം' എന്നാണ് മല്ലിക പ്രതികരിച്ചത്.
അച്ഛൻ സുകുമാരന്റെ ഓർമയിൽ പൃഥ്വിരാജ്
താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം തിയേറ്ററിൽ വൻ കൈയടി നേടുമ്പോൾ അച്ഛനെക്കുറിച്ച് നിറകണ്ണുകളോടെ ഓർക്കുകയാണ് പൃഥ്വിരാജ്. സ്റ്റീഫൻ നെടുമ്പള്ളി എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ പോട്ടോ പങ്കുവച്ചുകൊണ്ട് പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകൾ വൈറലായി. 'ഇത് അച്ഛനു വേണ്ടി. എനിക്കറിയാം അച്ഛനിതു കാണുന്നുണ്ടെന്ന്!' അച്ഛൻ സുകുമാരന്റെ ഓർമയിൽ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
.
ആദ്യ ഷോ കഴിഞ്ഞപ്പോൾ ലഭിക്കുന്ന മികച്ച പ്രതികരണങ്ങൾ പൃഥ്വിരാജിന്റെ ഫേസ്‌ബുക്ക് കമന്റ് ബോക്‌സുകളിലും നിറയുകയാണ്. അച്ഛന്റെ ആഗ്രഹം മകനിലൂടെ നിറവേറുന്നതു കണ്ട് സ്വർഗത്തിലിരുന്നു സുകുമാരൻ സന്തോഷിക്കുന്നുണ്ടാകുമെന്നും ആരാധകർ കുറിച്ചു. 'ആ അച്ഛന്റെ മകൻ ഞങ്ങൾക്ക് അഹങ്കാരം തന്നെയാണ്,' എന്നാണ് പൃഥ്വിയുടെ പോസ്റ്റിന് ആരാധകൻ ഇട്ട കമന്റ്.
നായകനൊപ്പം തന്നെ സ്‌ക്രീൻ സ്‌പേസ് ലഭിച്ച കഥാപാത്രമാണ് വിവേക് ഒബ്‌റോയിയുടെ വില്ലൻ വേഷം. മഞ്ജു വാര്യർ, സായികുമാർ, ടോവിനോ തോമസ്, കലാഭവൻ ഷാജോൺ തുടങ്ങി താരനിര അണിനിരക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും അതിഥി വേഷത്തിലെത്തുന്നുണ്ട്.
ദീപക് ദേവാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. സംസ്ഥാന അവാർഡ് ജേതാവായ സുജിത് വാസുദേവന് കരങ്ങളിൽ ചിത്രത്തിന്റെ ഛായാഗ്രഹണം ഭഭ്രമായിരുന്നു. എഡിറ്റിങ് സംജിത്ത് മുഹമ്മദ് ആണ് കൈകാര്യം ചെയ്തിരിക്കുന്നത്.
ലൂസിഫർ പൂർണ്ണമായും ഫാൻസിനുള്ള ചിത്രം കൂടിയാണ്. മുൻപും രാഷ്ട്രീയ ചിത്രങ്ങൾക്ക് വേണ്ടി തിരക്കഥ ഒരുക്കിയിട്ടുള്ള മുരളി ഗോപി ഇത്തവണ കൊമേഴ്‌സ്യൽ സിനിമകൾ ഡിമാൻഡ് ചെയ്യുന്ന മസാല എത്തിയിരിക്കുന്നത്.
മോഹൻലാൽ ആരാധകർക്ക് ഒരു ദൃശ്യവിരുന്ന് ആകുന്നതിനൊപ്പം തന്നെ കുടുംബ പ്രേക്ഷകരും ചിത്രത്തെ നെഞ്ചേറ്റുമെന്നും ആദ്യ ഷോ കണ്ടിറങ്ങിയവർ പറയുന്നു.ആദ്യ ഷോ കഴിയുന്നതിന് മുൻപ് തന്നെ കേരളത്തിലെ മിക്ക റിലീസ് കേന്ദ്രങ്ങളിലും ടിക്കറ്റെടുക്കാൻ ആളുകൾ തിങ്ങി നിറഞ്ഞിരുന്നു.
സുപ്രിയ പകർത്തിയ 'വിജയ സെൽഫി' !
സിനിമയുടെ ആദ്യ ഷോ കഴിഞ്ഞ് മോഹൻലാലിനൊപ്പം പൃഥ്വിരാജും ഭാര്യ സുപ്രിയയും എടുത്ത സെൽഫിയും സമൂഹ മാധ്യമത്തിൽ വൻ ഹിറ്റാണ്. ലൂസിഫർ സിനിമയുടെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം പുലിമുരുകന്റെ റെക്കോർഡ് തകർത്തെറിയുമെന്നും പൃഥ്വിരാജാണ് ഏറ്റവും വലിയ ഫാനെന്നുമാണ് സുപ്രിയ ഇട്ട ചിത്രത്തിന് സമൂഹ മാധ്യമത്തിൽ കമന്റുകൾ വന്നത്.
ചിത്രത്തിൽ കണ്ണു നിറഞ്ഞിരിക്കുന്ന പൃത്ഥിരാജിനെ കണ്ട് ആരാധകർ പറയുന്ന വാക്കുകൾ ശ്രദ്ധേയമാണ്. ഒരു ഹൈപ്പുമില്ലാതെ ഇത്തരത്തിൽ ഒരു കൊലമാസ് ചിത്രം ഇറക്കാൻ താങ്കൾക്കേ കഴിയുവെന്നും ഇത് അർഹതയ്ക്കുള്ള അംഗീകാരമാണെന്നും ആരാധകർ പറയുന്നു.