ഇന്ത്യൻ സിനിമ ലോകം എന്നും വാഴ്ത്തുന്ന ഒരു നടൻ ആണ് രജനികാന്ത്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം ആരാധകർക്കായി സമ്മാനിച്ചതും. 1975-ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ശിവാജി റാവു എന്ന രജനികാന്ത് അഭിനയ മേഖലയിലേക്ക് ചുവട് വച്ചത്. അവിടന്ന് ഇന്ന് വരെ താരത്തിന്റെ ജീവിതം എന്ന് പറയുന്നത് നേട്ടങ്ങളുടെ ഒരു കാലമാണ്. നിരവധി പുരസ്‌കാരങ്ങളാണ് താരത്തെ തേടി എത്തിയിട്ടുള്ളത്.
എന്നാൽ ഇപ്പോൾ പ്രശസ്ത നടൻ രജനീകാന്ത് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്. ചെന്നൈയിൽ നിന്ന് ഖത്തർ എയർലൈൻസിന്റെ പ്രത്യേക വിമാനത്തിൽ ശനിയാഴ്ച പുലർച്ചെ ഭാര്യ ലത രജനീകാന്തിനൊപ്പം ദോഹയിലെത്തി അവിടെനിന്ന് മറ്റൊരു വിമാനത്തിലാണ് താരത്തിന്റെ അമേരിക്കയിലേക്ക് ഉള്ള യാത്ര. എന്നാൽ നേരത്തേ തന്നെ മകൾ ഐശ്വര്യ മരുമകനും നടനുമായ ധനുഷ് എന്നിവർ അമേരിക്കയിലെത്തിയിട്ടുണ്ട്.
അതേസമയം രജനീകാന്ത് 2016 ൽ അമേരിക്കയിലെ റോസെസ്റ്റർ നഗരത്തിലെ മയോ ക്ലിനിക്ക് ആശുപത്രിയിൽ നിന്ന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. രണ്ടു വർഷം മുൻപേ തുടർ പരിശോധനക്കായി പോകേണ്ടതായിരുന്നുവെങ്കിലും രാഷ്ട്രീയ പാർട്ടി പ്രഖ്യാപനവും, കോവിഡ് വ്യാപനവും കാരണം യാത്ര വൈകുകയായിരുന്നു.