ഹാസ്യത്തിന്റെ ലോകത്തേക്ക് മലയാള സിനിമയെ കൈപിടിച്ച് ഉയർത്തിയ നടന്മാരിൽ ഒരാളാണ് പ്രേംകുമാർ. പല ജനപ്രിയ സീരിയലുകളിലും ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ഇദ്ദേഹം 100 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തനതായ അഭിനയശൈലിയുള്ള പ്രേംകുമാർ 18 ചിത്രങ്ങളിൽ നായക വേഷത്തിലും അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ താരത്തിന്റെ ചില രസകരമായ വെളിപ്പെടുത്തലുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം ഡാന്‍സ് കളിക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ചാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം തുറന്ന് പറയുന്നത്.
'സിനിമയില്‍ നൃത്തം ചെയ്യുക എന്നെ സംബന്ധിച്ച് പ്രയാസമാണ്. ഞാന്‍ ആദ്യമായി ഡാന്‍സ് ചെയ്തത് 'ജോണി വാക്കര്‍' എന്ന സിനിമയ്ക്ക് വേണ്ടിയാണ്. മമ്മുക്കയ്ക്ക് ഒപ്പമുള്ള 'ശാന്തമീ രാത്രിയില്‍' എന്ന ജോണി വാക്കറിലെ ഗാനം ഇന്നും യുവതലമുറ ആഘോഷമായി കൊണ്ടു നടക്കുന്ന ഗാനമാണ്. പക്ഷേ അതില്‍ ഞാന്‍ ചെയ്ത സ്റ്റെപ്പിന് പിന്നില്‍ വലിയൊരു സീക്രട്ട് ഉണ്ട്.
ആ സിനിമയിലെ എന്റെ ഉള്‍പ്പെടെയുള്ള ചിലരുടെ ഡാന്‍സ് ശരിയാകാതെ വന്നപ്പോള്‍ ഞങ്ങളെ നൃത്തം ചെയ്യിപ്പിക്കാന്‍ പ്രഭുദേവയാണ് വന്നത്. പക്ഷേ എന്നിട്ടും ഞങ്ങള്‍ നന്നായി ഡാന്‍സ് ചെയ്തില്ല. ഒടുവില്‍ പ്രഭുദേവ തോറ്റ് മടങ്ങി. പിന്നെ ഡാന്‍സ് അറിയാത്ത ആര്‍ക്കും കളിക്കാന്‍ കഴിയുന്ന വിധം ഞങ്ങളുടെ ഡാന്‍സ് സ്റ്റെപിനെ മോഡുലേറ്റ് ചെയ്തു. 'ശാന്തമീ രാത്രിയില്‍' എന്ന ഗാനത്തില്‍ എന്റെ സ്റ്റെപ്പ് കാണുമ്പോള്‍ നിങ്ങള്‍ക്കത് മനസിലാകുമെന്നും പ്രേം കുമാര്‍ പറയുന്നു.