2002ല്‍ പുറത്തിറങ്ങിയ വിനയന്‍ ചിത്രമായ ഊമപെണ്ണിന് ഉരിയാട പയ്യന്‍ എന്ന ചിത്രത്തിലൂടെ കാവ്യമാധവന്റെ നായകനായിട്ടായിരുന്നു ജയസൂര്യയുടെ അരങ്ങേറ്റം. താരത്തിനെ ശ്രദ്ധേയനാക്കിയത് തന്റെ വേറിട്ട അഭിനയ പാടവം തന്നെയായിരുന്നു. മലയാളത്തിലെ മുന്‍നിര നായികമാരുടെ നായകറോളിലെത്തിയതോടെയാണ് താരത്തിന് ശ്രദ്ധേയമായ വേഷങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചതും. കോമഡി മുതല്‍ വില്ലന്‍ കഥാപാത്രങ്ങള്‍ വരെ തന്റെ കയ്യില്‍ ഭദ്രമാണെന്ന് ജയസൂര്യ തെളിയിച്ചു കഴിഞ്ഞു. എന്നാൽ ഇപ്പോൾ ഒരു യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തിൽ സിനിമയില്‍ എത്തും മുന്‍പ് ജയന്‍ എന്നായിരുന്നു പേരെന്നും പിന്നീട് അത് ജയസൂര്യ എന്നാക്കുകയായിരുന്നുവെന്നും തുറന്ന് പറയുകയാണ്.
ജയസൂര്യയുടെ വാക്കുകള്‍
ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കുന്ന കാലത്ത് സൂര്യ ടിവിയില്‍ ജോലി ചെയ്യുകയായിരുന്നു. ജയന്‍ എന്നായിരുന്നു അന്ന് എന്റെ പേര്. ആ പേര് എനിക്ക് ഒട്ടും ചേരില്ല എന്ന ബോധം എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു.
കാരണം, ആ പേരില്‍ അനശ്വരനായ മറ്റൊരു നടന്‍ മലയാളികളുടെ മനസ്സില്‍ നിലകൊള്ളുന്നുണ്ട്. അതുകൊണ്ട് തന്നെ ജയന്‍ എന്ന പേരുമായി വന്നാല്‍ മലയാളികള്‍ എന്നെ സ്വീകരിക്കില്ല എന്ന് അറിയാമായിരുന്നു. അങ്ങനെ ഞാന്‍ എന്റെ പേര് മാറ്റാനുള്ള ആലോചന ആരംഭിച്ചു. പല പല പേരുകള്‍ നോക്കി. ജയപ്രകാശ്, ജയകുമാര്‍ എന്നിങ്ങനെ പല പല പേരുകള്‍ മനസ്സിലൂടെ കടന്നു വന്നു. ഒടുവില്‍ ആ പേര് കിട്ടി, ജയസൂര്യ.
ഉടനെ തന്നെ ഈ പേര് അവിടെയുണ്ടായിരുന്ന ജോജി എന്ന സുഹൃത്തിനോട് പറഞ്ഞു. അത് കേട്ടയുടന്‍ ജോജി തമാശ രൂപേണ പറഞ്ഞു, ‘ഇന്ന് മുതല്‍ നീ ജയസൂര്യ എന്ന പേരില്‍ അറിയപ്പെടട്ടെ’. അങ്ങനെ അച്ഛനും അമ്മയും നല്‍കിയ ജയന്‍ എന്ന പേരിന് പകരം ജയസൂര്യ എന്ന് സ്വയം പേര് നല്‍കിയ ആളാണ് ഞാന്‍.